ദിലീപ് ആക്രമണത്തിനിരയായ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി; ദിലീപിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്ന സൂചന നല്‍കിയത് നടിയുടെ സഹോദരന്‍; കുറ്റപത്രത്തിലെ നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ ദിലീപിന്റെ പങ്ക് വെളിവാക്കുന്ന സൂചന നല്‍കിയത് നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൊച്ചിയില്‍ താരസംഘടന അമ്മ സംഘടിപ്പിച്ച താരനിശയ്ക്കിടെയായിരുന്നു ദീലീപിന്റെ ഭീഷണി.

ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചത് നടിയുടെ സഹോദരനായിരുന്നു. താരനിശക്കിടെ ദിലീപും കാവ്യയുമായുള്ള രഹസ്യബന്ധം നടി ചിലരോട് പറഞ്ഞിരുന്നു. ഇതാണ് ദിലീപിന്റെ ഭീഷണിക്ക് കാരണമായത്.

പ്രമുഖ നടന്‍ ദിലീപിന്റെ ഭീഷണിക്ക് സാക്ഷിയാണ്. ഇയാള്‍ക്കൊപ്പമെത്തിയാണ് ദിലീപ് ഭീഷണിപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ ആദ്യം അകത്തായ പള്‍സര്‍ സുനി ദിലീപിന് കത്തയച്ചതോടെ താരത്തിന്റെ പങ്ക് വ്യക്തമായെന്നും കുറ്റപത്രം പറയുന്നു. അങ്കമാലി കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടി മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും.

ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്.

എട്ടാം പ്രതിയായ ദിലീപിനെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങി പത്തോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

തന്റെ ദാമ്പത്യം തകര്‍ന്നതിനു കാരണക്കാരിയായി കരുതുന്ന നടിയോടുള്ള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നടിയെ ആക്രമിക്കുന്നതിന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നിരവധി തവണ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ഗൂഢാലോചന തെളിയിക്കുന്ന പ്രധാന തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികള്‍, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പള്‍സര്‍ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്, പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് സുപ്രധാന തെളിവുകള്‍.

ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ഉള്‍പ്പടെ 355 പേര്‍ കുറ്റപത്രത്തില്‍ സാക്ഷികളാണ്. 12 രഹസ്യമൊഴികള്‍ ഉള്‍പ്പടെ നാനൂറില്‍പ്പരം നിര്‍ണ്ണായക രേഖകളാണ് കുറ്റപത്രത്തിലുള്ളത് .

കസ്റ്റഡിയിലിരിക്കെ പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച പോലീസുകാരന്‍ അനീഷ്, ജയിലില്‍ വെച്ച് കത്തെഴുതാന്‍ സഹായിച്ച വിപിന്‍ ലാല്‍ എന്നിവര്‍ മാപ്പുസാക്ഷികളാണ്.

ദിലീപിനെ കൂടാതെ മേസ്തിരി സുനി, വിഷ്ണു, അഭിഭാഷകരായ പ്രദീഷ് ചാക്കൊ, രാജു ജോസഫ് എന്നിവര്‍ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികളാണ്.കൂടാതെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെ ആദ്യ കുറ്റപത്രത്തിലെ 7 പേര്‍ അനുബന്ധ കുറ്റപത്രത്തിലും പ്രതികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News