മെഗാസ്റ്റാറിന്‍റെ സ്വര്‍ണത്തിളക്കം; ഗോവയില്‍ മഹാരഥന്മാരുടെ നിരയില്‍ മമ്മൂട്ടി

പനാജി; ആധുനിക ഇന്ത്യന്‍ ആര്‍ക്കിടെക്ടിന്റെ കുലപതിയായ ചാള്‍സ് കോറിയയുടെ കലാവൈഭവത്തിന്റെ മകുടമാണ്ഗോവയിലെ കലാ അക്കാദമി.

ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാസംഗമകേന്ദ്രമായ കലാ അക്കാദമി അതിന്റെ കെട്ടിട സൗഭഗം കൊണ്ട് തന്നെ നമ്മെ കുറേ നേരം പിടിച്ചിരുത്തും.

ചലച്ചിത്രമേളയുടെ ഒരു തീയറ്റര്‍ കലാ അക്കാദമിയിലാണ്. ഒപ്പം തന്നെ ചലച്ചിത്രചരിത്രം പ്രതിപാദിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും. കലാ അക്കാദമിയുടെ ചുമരുകള്‍ ഇത്തവണ ലോക സിനിമയുടെ നായകനിരകളായ മഹാരഥന്മാരുടെ ചിത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

വിശ്രുതരായ സംവിധായകര്‍ അഭിനേതാക്കള്‍ ഛായാഗ്രഹന്മാര്‍-ചിത്രങ്ങളിലൂടെ നമുക്ക് മുന്നില്‍ ചരിത്രമായി അവതരിക്കുന്നു.

ഇന്ത്യന്‍ സിനിമയുടേയും ഒരു പരിഛേദം ഈ ചിത്ര ചരിത്രത്തില്‍ കാണാം. പക്ഷേ ആ ചിത്ര ചരിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഒരേയൊരാള്‍ മാത്രം-മമ്മൂട്ടി.

അമിതാ ബച്ചനും സ്മിതാപ്പാട്ടീലും രജനീകാന്തും മമ്മൂട്ടിക്കൊപ്പം ഇന്ത്യന്‍ സിനിമയുടെ മുഖമായി ആ ഫോട്ടോച്ചുവരിലുണ്ട്.

ഈ ഉലക സിനിമാചരിത്രത്തിന്റെ ചുവര്‍ച്ചിത്ര പരമ്പരയില്‍ അംഗീകാരം മമ്മൂട്ടിയെന്ന മഹാനടനെ വരച്ചുകാട്ടുന്നു. ഫോട്ടോ പരമ്പരയില്‍ മൂന്നിടങ്ങളില്‍ മമ്മൂട്ടിയുടെ ചിത്രം പതിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ചലച്ചിത്രേതിഹാസം സത്യജിത്ത് റായിയുടെയും ഇഗ്മാര്‍ ബര്‍ഗ്മാന്റെയും അക്കിരോ കുറോസോവയുടെയുമെല്ലാം ചിത്രങ്ങള്‍ പതിച്ച നിരയിലാണ് മമ്മൂട്ടിയുടെ ചിത്രവും സ്ഥാപിച്ചിരിക്കുന്നത്.

മൂന്ന് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച മമ്മൂട്ടിക്ക് ഇന്ത്യയുടെ ദേശീയ മേളയായ ഗോവനല്‍കുന്ന ഈ ആദരവ് അദ്ദേഹത്തിന്റെ ചലച്ചിത്രചരിത്രത്തിലെ പ്രസക്തിയും പ്രാധാന്യവും അടിവരയിട്ടു കാണിക്കുകയാണ്.

2009ല്‍ ഗോവാ മേളയിലെ മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി അന്ന് സദസ്സിനെ തന്റെ പ്രസംഗത്തിലൂടെ കൈയ്യിലെടുത്തിരുന്നു.

മമ്മൂട്ടിക്ക് അന്ന് ലംഭിച്ച ഗംഭീരമായ കരഘോഷം ഗോവയിലെ സ്ഥിരം പ്രതിനിധികളില്‍ ചിലരുടെയെങ്കിലും കാതില്‍ മുഴങ്ങുന്നുണ്ടാവും.

ദേശീയ മാധ്യമങ്ങളെല്ലാം ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയുണ്ടായി.

ഒരു പക്ഷേ ഗോവക്കാര്‍ ഇപ്പോഴും മമ്മൂട്ടിയോട് മനസ്സില്‍ സൂക്ഷിക്കുന്ന ഇഷ്ടത്തിന്റെ പ്രതിഫലനവുമാകാം ഈ ചിത്ര പ്രദര്‍ശനം.

2009ന് ശേഷം പലതവണ സംഘാടകര്‍ മമ്മൂട്ടിയെ ഗോവയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുവരേയും രണ്ടാമതൊരു വരവ് സംഭവിച്ചിട്ടില്ല. ഇത്തവണ ബോളീവുഡിന്റെ പ്രിയതാരം ഷാരൂഖ് ഖാനായിരുന്നു ഗോവാ മേളയിലെ മുഖ്യാതിഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News