ഓർമ്മയിലിന്നും ആ വെടിയൊച്ചയും ചിതറിത്തെറിച്ച ചോരത്തുള്ളികളും; കേരളത്തിന്‍റെ സമരചരിത്രത്തെ ത്രസിപ്പിച്ച കൂത്തുപറമ്പിന്‍റെ ഓര്‍മ്മയില്‍ എംവി ജയരാജന്‍

ഇന്ന് നവംബർ 25. വെടിയുണ്ടകൾക്ക് മുന്നിലും പതറാതെ പോരാടിയ ആ സമരവീര്യത്തിന് 23 വർഷം തികയുന്നദിവസം. കൂത്തുപറമ്പ് എന്നത് ഇന്നൊരു സ്ഥലനാമം മാത്രമല്ല; പോരാട്ടത്തിന്റെ പര്യായപദം തന്നെയാണ്.

ഓർമ്മയിലിന്നും, ഇന്നലെയെന്നപോൽ ആ വെടിയൊച്ചകളും ചിതറിത്തെറിച്ച ചോരത്തുള്ളികളും മനസ്സിൽ നിറയുകയാണ്.

1994 നവംബർ 25 രാവിലെ 9 മണി

ഞാൻ കൂത്തുപറമ്പ് ടൗണിലെത്തി.അന്നത്തെ യു.ഡി.എഫ് സർക്കാർ നേതൃത്വത്തിൽ നടന്ന നിയമന-വിദ്യാഭ്യാസ അഴിമതിക്കെതിരായ യുവജന പ്രതിഷേധത്തിനായാണ് പെരളശ്ശേരിയിലെ വീട്ടിൽ നിന്നും രാവിലെത്തന്നെ കൂത്തുപറമ്പിലെത്തിയത്.

സമരത്തിൽ പങ്കെടുക്കുന്നതിന് സഖാക്കൾ എത്തിത്തുടങ്ങുന്നതേയുള്ളൂ. ഞാനന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. സ കെ കെ രാജീവൻ ഉൾപ്പടെയുള്ള ജില്ലാനേതാക്കൾ കൂടിയെത്തിയതോടെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന സഖാക്കളോട് ഒത്തുകൂടാൻ നിർദ്ദേശിച്ചു.

ടഞങ്ങൾ ഒത്തുകൂടി. മന്ത്രിയെത്തുമ്പോൾ കറുത്തതുണി ഉയർത്തിക്കാട്ടി പ്രതിഷേധിക്കണമെന്നത് ഒരിക്കൽക്കൂടി സഖാക്കളെ അറിയിച്ചു. ഗാന്ധിയൻ രീതിയിലുള്ള ഈ പ്രതിഷേധത്തെക്കുറിച്ച് സഖാക്കൾക്കെല്ലാം മുൻകൂട്ടി വിവരം നൽകിയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും കയ്യിൽ കറുത്ത തുണി കരുതിയാണ് സമരത്തിനെത്തിയത്.

സമയം രാവിലെ 9.45 മണി

കൂത്തുപറമ്പ് നഗരം മുമ്പ് കണ്ടിട്ടില്ലാത്തവിധം യുവജനക്കടലായി മാറിയിരിക്കുന്നു. യു.ഡി.എഫ്‌സർക്കാർ വക അഴിമതി അത്രകണ്ട് മൂത്തതിനാലാവാം നാടിന്റെ പക്ഷംചേർന്ന് പ്രതികരിക്കാൻ യുവജനങ്ങളാകെ കൂത്തുപറമ്പിലേക്ക് പ്രവഹിച്ചത്.

ഈ നാട് ഈ സമരം ഏറ്റെടുത്തിരിക്കുന്നു എന്ന് മനസ്സിൽ ഉറപ്പിച്ച ഘട്ടമായിരുന്നു അത്. മന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാലും ഡി.വൈ.എഫ്.ഐ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചതിനാലും പോലീസ് പടതന്നെ അന്ന് കൂത്തുപറമ്പിലുണ്ടായിരുന്നു.

യുവജനക്കടൽ കണ്ട് മുൻനിരയിലുണ്ടായിരുന്ന ഞങ്ങളോട് പോലീസുദ്യോഗസ്ഥർ സമരത്തെക്കുറിച്ച് തിരക്കി. മന്ത്രിയെത്തുമ്പോൾ കയ്യിലുള്ള കറുത്തതുണിക്കഷ്ണം ഉയർത്തിക്കാണിച്ച് പ്രതിഷേധ മുദ്രാവാക്യം വിളിക്കും.

അതാണ് സമരം. സമരസഖാക്കളുടെ കയ്യിൽ കറുത്തതുണിക്കഷ്ണം മാത്രമേ ഉള്ളൂ എന്നത് അന്നത്തെ പോലീസുദ്യോഗസ്ഥർക്കും മനസ്സിലായിരുന്നു.

മന്ത്രിയെത്തും വരെ ഞങ്ങളും പോലീസുകാരും വളരെ സൗഹൃദത്തിലായിരുന്നു. ‘ഞങ്ങളുടെയെല്ലാം മക്കൾക്ക് നേരായ മാർഗ്ഗത്തിൽ പഠിക്കാനും ജോലികിട്ടാനും വേണ്ടിയാണ് നിങ്ങളുടെ ഈ പ്രതിഷേധമെന്ന് അറിയാം.

കുടുംബത്തെ സ്‌നേഹിക്കുന്ന ഒരാൾ എന്നനിലയിൽ മനസ്സുകൊണ്ട് ഞാനും നിങ്ങളോടൊപ്പമുണ്ട്.’ എന്ന് ഒരുപോലീസുകാരൻ പറഞ്ഞപ്പോൾ, എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടക്കുന്ന സമരം എന്തിനുവേണ്ടിയാണെന്നത് ഓരോരുത്തരും മനസ്സിലാക്കിയിരിക്കുന്നു എന്നും അവരുടെ പിന്തുണ ഒപ്പമുണ്ടെന്നുള്ളതും തിരിച്ചറിയാൻ സാധിച്ചു.

അത് സമരത്തിന്റെ ആവേശവും ഉത്തരവാദിത്തവും വർധിപ്പിക്കുകയാണെന്ന് ഞങ്ങളും മനസ്സിലാക്കി.

മിനുട്ടുകൾ മാറിയപ്പോൾ മന്ത്രിയെത്തി. മന്ത്രി എം.വി രാഘവൻ മാത്രമേ ഉള്ളൂ. മന്ത്രി എൻ.രാമകൃഷ്ണൻ പരിപാടി ഉപേക്ഷിച്ചതായി പിന്നീട് അറിഞ്ഞു. മന്ത്രിക്കുപിന്നാലെ ഉയർന്ന പോലീസുദ്യോഗസ്ഥരും. മന്ത്രി എത്തിയതോടെ സഖാക്കളെല്ലാം കയ്യിലെ കറുത്തതുണി ഉയർത്തിപ്പിടിച്ച് മുദ്യാവാക്യം വിളി കനപ്പിച്ചു.

ഉച്ഛഭാഷിണിയിലെ ശബ്ദത്തെപ്പോലും ചെറുതാക്കുന്നതായിരുന്നു ആയിരക്കണക്കായ യുവജനങ്ങളാകെ ഒറ്റമനസ്സോടെ വിളിച്ച ‘അഴിമതി മന്ത്രി ഗോ ബാക്ക്; അഴിമതിസർക്കാർ തുലയട്ടെ’ മുദ്രാവാക്യം വാനിൽ പ്രകമ്പനം കൊണ്ടു.

പൊടുന്നനവേ വെടിയൊച്ച അന്തരീക്ഷത്തിൽ മുഴങ്ങി. ലാത്തിച്ചാർജുകൾ സമരമുഖത്ത് പുത്തരിയായിരുന്നില്ല. എന്നാലിത്തവണ സമരമുഖത്ത് തോക്കുകൾ തീ തുപ്പിയിരിക്കുന്നു.

വെടിവെയ്ക്കും മുന്നേ പോലീസ് പാലിക്കേണ്ട നിബന്ധനകളെല്ലാം കാറ്റിൽ പറത്തപ്പെട്ടിരിക്കുന്നു. നേരത്തേ നിശ്ചയിച്ചുറപ്പിച്ചപോലെ ചില പോലീസുകാർ എത്തിയയുടനെ ലാത്തിച്ചാർജ്ജും ഒപ്പം തന്നെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. (മന്ത്രി പോകാത്ത വഴിയിൽ പോലും വെടിവെയ് പുണ്ടായി. ജസ്റ്റിസ് പത്മനാഭൻ കമ്മീഷൻ റിപ്പോർട്ട് തന്നെ പോലീസ് കാട്ടിയ അനീതി തുറന്നുകാട്ടുന്നുണ്ട്.)

ആർക്കുനേരെയായാലും പിന്തിരിഞ്ഞോടാൻ ഞങ്ങളില്ലെന്ന് സഖാക്കൾ ഒറ്റക്കെട്ടായി തീരുമാനിച്ച നിമിഷങ്ങൾ. സമരമുഖത്ത് സഖാക്കളത്രയും കാട്ടിയ ധൈര്യം അത് അപാരമായിരുന്നു. ആ കരുത്തിന്റെ പിൻബലത്തിലാണ് ഞങ്ങൾ തലകുനിക്കാതെതന്നെ സമരം നയിച്ചത്. വെടിയൊച്ച തുടരെത്തുടരെയായിരിക്കുന്നു.

സഖാക്കൾ രാജീവനും റോഷനും ഷിബുലാലും മധുവും ബാബുവും….. സഹനത്തിന്റെ മഹാസൂര്യനായി സഖാവ് പുഷ്പൻ… ലാത്തിച്ചാർജ്ജിലും വെടിവെയ്പിലുമായി പരിക്കേറ്റ് ആയിരങ്ങൾ…

ഒരിക്കലും നിലയ്ക്കാത്ത പ്രവാഹം പോലെ ആ മഹത്തായ പോരാട്ടം മനസ്സിലിപ്പോഴും ഇന്നലെയെന്നപോൽ നിറഞ്ഞുനിൽക്കുന്നു. ധീര രക്ഷസാക്ഷികളുടെ ഓർമ്മയ്ക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News