മോദിയുടെ തോളില്‍ കയ്യിട്ടിരിക്കുന്നവരും അ‍ഴിമതി വീരന്‍മാര്‍ തന്നെ; കേന്ദ്രമന്ത്രി ഗഡ്കരിയുടെ സെക്രട്ടറി ഫണ്ട് തട്ടിപ്പ് നടത്തിയതിന്‍റെ രേഖകള്‍ പുറത്ത്

ദില്ലി: ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് ഡാങ്കെ സന്നദ്ധസംഘടന രൂപീകരിച്ച് സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തതിന്റെ രേഖകള്‍ പുറത്തുവന്നു.

വൈഭവ് രൂപീകരിച്ച ‘ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി (ഐഎഫ്ജിഇ)’ എന്ന സംഘടനയ്ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ധനസഹായമായി ലഭിച്ചത് 1.33 കോടി രൂപ.

ഗഡ്കരിയുടെ വിശ്വസ്തനായ വൈഭവ് 2014 ആഗസ്ത് എട്ടിനാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. മഹാരാഷ്ട്ര സ്വദേശിയായ മോട്ടിറാം പാട്ടീലുമായി ചേര്‍ന്ന് അക്കൊല്ലം ഒക്ടോബര്‍ ഒമ്പതിനാണ് വൈഭവ് ഐഎഫ്ജിഇ രൂപീകരിച്ചത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കേണ്ട സെക്ഷന്‍ എട്ട് പ്രകാരമാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്.

2014-15 വര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ കാണിച്ചത് 74 ലക്ഷം രൂപയാണ്. പ്രാഥമികനിക്ഷേപമായ ഒരുലക്ഷം ഒഴിച്ചാല്‍ 73 ലക്ഷവും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്നും ഗ്രാന്റായി ലഭിച്ചതാണ്. 2015-16ല്‍ ഗ്രാന്റ് ഇനത്തില്‍ ലഭിച്ച തുക 1.33 കോടി രൂപയായി ഉയര്‍ന്നു.

മന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു എന്നിവരടക്കമുള്ളവരെ ഐഎഫ്ജിഇയുടെ രക്ഷാധികാരികളായി കാണിച്ചിട്ടുണ്ട്. ഇക്കൊല്ലം ഐഎഫ്ജിഇ ഷിപ്പിങ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മുംബൈയില്‍ തുറമുഖ മാനേജ്മെന്റ് സംബന്ധിച്ച് സംഗമം സംഘടിപ്പിച്ചു.

നിതിന്‍ ഗഡ്കരിയാണ് ഷിപ്പിങ് വകുപ്പും കൈകാര്യം ചെയ്യുന്നത്. ഗഡ്കരിയുടെ മകന്‍ നിഖില്‍ ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള ‘പൂര്‍ത്തി’ എന്ന സ്ഥാപനത്തിലാണ് ഐഎഫ്ജിഇയുടെ ഓഫീസ്.

എബിവിപി മഹാരാഷ്ട്ര ഘടകം മുന്‍ സെക്രട്ടറിയായ വൈഭവ് ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്. നിതിന്‍ ഗഡ്കരി ബിജെപി ദേശീയ അധ്യക്ഷനായിരിക്കെ ഇദ്ദേഹം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു.

ഐഎഫ്ജിഇയുടെ സാമ്പത്തികസ്രോതസ്സുകളെക്കുറിച്ച് അന്വേഷിച്ച് ‘ദ ഹിന്ദു’ അയച്ച ഇ-മെയിലിന് നല്‍കിയ മറുപടിയില്‍ താന്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചെന്ന മറുപടിയാണ് വൈഭവ് നല്‍കിയത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാപനത്തിന്സമാനമായ രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ധനസഹായം ലഭിച്ചിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ ശൌര്യ ദോവലിന് വിദേശത്തെ പ്രതിരോധസ്ഥാപനങ്ങളുമായുള്ള ദുരൂഹമായ സാമ്പത്തിക ഇടപാടുകളും ഈയിടെ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News