നടി ആക്രമിക്കപ്പെട്ട കേസ്; മാധ്യമചര്‍ച്ചകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുന്നു.

സാക്ഷിമൊഴികള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത് വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനെതുടര്‍ന്ന് കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രത്യേക അപേക്ഷയുമായി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് പ്രധാന ആവശ്യം.

സാക്ഷികളുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അത് വിചാരണ ഉള്‍പ്പടെയുള്ള തുടര്‍ നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിക്കുക. സിആര്‍പിസി 327(32) പ്രകാരമാണ് അപേക്ഷ തയ്യാറാക്കുക.

കഴിഞ്ഞ 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, മുന്‍ ഭാര്യ മഞ്ജു വാര്യര്‍ സുഹൃത്ത് നാദിര്‍ഷ എന്നിവരുള്‍പ്പടെ സിനിമ മേഖലയില്‍ നിന്ന് അന്‍പതോളം പേരടക്കം 355 പേര്‍ കുറ്റപത്രത്തില്‍ സാക്ഷികളാണെന്ന വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here