ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ സമയത്ത്, ദിലീപിനും കാവ്യയ്ക്കും വിവാഹവാര്‍ഷികം

ദിലീപിന്റെയും കാവ്യയുടേയും വിവാഹം കഴിഞ്ഞ് ഇന്നേക്ക് ഒരുവര്‍ഷം.

നാളുകളായി നീണ്ടുനിന്ന ഗോസിപ്പുകള്‍ക്ക് വിരാമമിട്ടായിരുന്നു ഇരുവരുടേയും വിവാഹം. 2016 നവംബര്‍ 25ന് ദിലീപാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെ വിവാഹവാര്‍ത്ത പുറത്ത് വിട്ടത്.

താന്‍ വീണ്ടുമൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും വധു കാവ്യയാണെന്നും വിവാഹത്തിന് തൊട്ടുമുന്‍പ് ദിലീപ് ഫേസ്ബുക്കില്‍ ലൈവായി വന്ന് പ്രേക്ഷകരെ അറിയിക്കുകയായിരുന്നു.

എന്നാല്‍ വിവാഹത്തോടെ ഗോസിപ്പുകള്‍ക്ക് അവസാനമുണ്ടായെങ്കിലും ഇരുവരെയും കാത്തിരുന്നത് കേസിന്റെയും കോടതിയുടെയും നാളുകളായിരുന്നു. ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട കേസും തുടര്‍ന്ന് ദിലീപ് ജയിലിലായതുമെല്ലാം വിവാഹത്തിന്റെ ആദ്യവര്‍ഷത്തിന്റെ ശോഭ കെടുത്തി. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ ദിലീപിനെതിരെയുള്ള കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയാണ്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. കാവ്യ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിന് കാരണം ദിലീപാണെന്ന തരത്തിലായിരുന്നു ആദ്യ വിവാദങ്ങള്‍. പിന്നീട് ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായപ്പോള്‍ ആരോപണങ്ങള്‍ ശക്തമായെങ്കിലും ഇരുവരും പ്രതികരിച്ചില്ല.

മകളുടെയും കുടുംബത്തിന്റെയും പിന്തുണ എന്നും തനിക്കൊപ്പമുണ്ടായിരുന്നെന്നും ഇതോടെയാണ് കാവ്യയുമായുള്ള വിവാഹത്തിലേയ്‌ക്കെത്തിയതെന്നുമാണ് വിവാഹവേളയില്‍ ദിലീപ് പ്രതികരിച്ചത്.

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ സമയത്താണ് ദിലീപിന്റേയും കാവ്യയുടേയും ഒന്നാം വിവാഹ വാര്‍ഷികാഘോഷം. ജയില്‍ വാസത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ദിലീപ്.

ഇതിനിടെ സമ്പൂര്‍ണ്ണ കുറ്റപത്രവും പോലീസ് സമര്‍പ്പിച്ചു. എങ്കിലും സത്യം പുറത്തു വരുമെന്നും, താന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്നും ദിലീപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News