അണയില്ല ഈ ജ്വാല

ഫിദല്‍ കാസ്ട്രോ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരാണ്ട് തികയുന്നു. ലോക ഇടതുപക്ഷരാഷ്ട്രീയത്തിന് തന്റെ വൈജ്ഞാനികവും ധൈഷണികവും തത്വാധിഷ്ഠിതവുമായ പ്രഭാഷണങ്ങള്‍കൊണ്ടും ഇടപെടലുകള്‍കൊണ്ടും പുതിയ മാനവും അര്‍ഥവും ദിശാബോധവും നേതൃബോധവും നല്‍കിയ ഫിദലിന്റെ നഷ്ടം ഈ മാനവരാശിയുടെയാകെ നഷ്ടമാണ്.

എന്താണ് ഫിദലിനെ അദ്ദേഹത്തിന്റെ സമകാലീനരായിരുന്ന ലോകനേതാക്കളില്‍നിന്ന് വ്യത്യസ്തനാക്കിയത്. ഉദാത്തമായ ധീരതയും അതിരുകളില്ലാത്ത മാനവികതയും തികഞ്ഞ പോരാട്ടവീര്യവും അദ്ദേഹത്തിന്റെ അനുപമ സവിശേഷതയായിരുന്നു.

രാഷ്ട്രതന്ത്രജ്ഞതയ്ക്കും രാഷ്ട്ര തത്വശാസ്ത്രത്തിനുംപുറത്ത് സാഹിത്യത്തിലും സ്പോര്‍ട്സിലും കലകളിലും മനുഷ്യസ്വഭാവത്തിലുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്ന അഗാധ പാണ്ഡിത്യം മറ്റു പല ലോകനേതാക്കള്‍ക്കും അന്യമായിരുന്നു.

വിപ്ളവത്തിന്റെ അമ്പതാമാണ്ടില്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടറിഞ്ഞ കാര്യങ്ങള്‍ കേട്ടറിഞ്ഞ ഫിദലിന്റെ പെരുമയെ അരക്കിട്ടുറപ്പിക്കുന്നവയായിരുന്നു. ജീവിതത്തിന്റെ ഓരോ അണുവിലും തങ്ങളുടെ നേതാവിനെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ഒരു ജനതയെ അവിടെ കണ്ടു.

മധ്യക്യൂബയിലെ സാന്താക്ളാര പട്ടണത്തിനടുത്ത് റഞ്ച്വോലയെന്ന ഗ്രാമത്തില്‍ എനിക്ക് അഭയം നല്‍കിയ വാലന്‍സ്യ കുടുംബത്തിലെ കാരണവരായ കാര്‍ലോയുടെ വാക്കുകള്‍ ഇന്നും കാതിലുണ്ട്: “ഞങ്ങള്‍ ഇന്നും ജീവനോടെ ഇരിക്കുന്നതുതന്നെ ഫിദലുള്ളതുകൊണ്ടാണ്. അദ്ദേഹത്തെപ്പോലൊരു നേതാവില്ലായിരുന്നെങ്കില്‍ ക്യൂബയെന്ന ഈ രാജ്യംതന്നെ ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.”

കാര്‍ലോ വെറും ആവേശംകൊണ്ട് പറഞ്ഞ വാക്കായിരുന്നില്ല അവ. 1897ല്‍ വില്യം മക്കിന്‍ലി അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന കാലത്തുതന്നെ സ്പെയിനില്‍നിന്ന് ക്യൂബയെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സ്പെയിനിന്റെ താല്‍പ്പര്യക്കുറവുമൂലം കച്ചവടം നടന്നില്ല.

ആ മോഹഭംഗത്തെ തുടര്‍ന്ന് സ്പെയിനില്‍നിന്ന് സ്വാതന്ത്യ്രം ലഭ്യമായ കാലത്തുതന്നെ ക്യൂബയെ സ്വന്തമാക്കാനുള്ള കുടിലതന്ത്രങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങി.

അതിനവര്‍ക്ക് തുണയായത് രാഷ്ട്രീയവും സൈനികവുമായ സമ്മര്‍ദങ്ങളിലൂടെ ക്യൂബന്‍ ഭരണഘടനയുടെതന്നെ ഭാഗമാക്കി മാറ്റിയെടുത്ത പ്ളാറ്റ് ഭേദഗതി ആയിരുന്നു. പിന്നീട് തങ്ങളുടെ പാവകളായ സ്വേച്ഛാധിപതികളെ ഭരണാധികാരികളാക്കിക്കൊണ്ട് ക്യൂബയെ ഭരിച്ചുതുലച്ച് തങ്ങളോട് കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു അമേരിക്കന്‍ ഐക്യനാടുകളുടെ തന്ത്രം.

ഈ ‘കൂട്ടിച്ചേര്‍ക്കല്‍’ വാദത്തെ അനുകൂലിക്കുന്നവരെ സംഘടിപ്പിക്കാന്‍ ഊര്‍ജിതമായ ശ്രമംതന്നെ ഇക്കാലത്ത് ക്യൂബയില്‍ നടന്നു. എന്നാല്‍, അമേരിക്കന്‍ കുതന്ത്രങ്ങള്‍ മിക്കവാറും വിജയത്തിലെത്തുമെന്ന അവസ്ഥയിലാണ് ഫിദല്‍ അലയാന്ദ്രോ കാസ്ട്രോ റുസ് എന്ന യുവ അഭിഭാഷകന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ സായുധവിപ്ളവത്തിന് തുനിഞ്ഞിറങ്ങിയത്.

ഫിദലിന്റെ നേതൃത്വത്തില്‍ നടന്ന മൊങ്കാദ ബാരക് ആക്രമണവും തുടര്‍ന്നുള്ള വിചാരണയും ആ വിചാരണയ്ക്കിടയില്‍ അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ ‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും’ എന്ന വിചാരണപ്രസംഗവും ക്യൂബക്കാര്‍ക്കിടയില്‍ അദ്ദേഹത്തെക്കുറിച്ച് ഏറെ മതിപ്പുളവാക്കി.

ഫിദല്‍ കാസ്ട്രോയെന്ന പ്രഭാഷകനെ ലോകം ആദ്യം ശ്രവിക്കുന്നത് ഈ വിചാരണപ്രസംഗത്തിലൂടെയാണ്.

പിന്നീടേറെക്കാലം ലോകം കാതുകൂര്‍പ്പിച്ചുകേട്ട അദ്ദേഹത്തിന്റെ താര്‍ക്കികവീര്യത്തിന്റെ ആദ്യ ബഹിര്‍സ്ഫുരണംകൂടിയായിരുന്നു സാന്റിയാഗോയിലെ വിചാരണയ്ക്കായി ഒരുക്കിയ ആ ആശുപത്രിമുറിയില്‍നിന്ന് അന്ന് കേട്ടത്.

ആ വിചാരണയ്ക്കൊടുവില്‍ ശിക്ഷിക്കപ്പെട്ട ഫിദല്‍, പിന്നീട് നടന്ന പൊതുജനപ്രക്ഷോഭത്തെ തുടര്‍ന്ന് ജയില്‍മോചിതനാകുകയും മെക്സിക്കോയിലേക്ക് പലായനംചെയ്യുകയുംചെയ്തു.

മെക്സിക്കോയില്‍ സംഘടിച്ച ഫിദലും കൂട്ടുകാരും വര്‍ധിതവീര്യത്തോടെ സായുധരായി തിരിച്ചെത്തുകയും ലോകചരിത്രത്തിലെതന്നെ മഹത്തായൊരു സായുധവിപ്ളവത്തിനൊടുവില്‍ ബാറ്റിസ്റ്റയെന്ന സ്വേച്ഛാധിപതിയെ തോല്‍പ്പിച്ചോടിക്കുകയുംചെയ്തു.

ഈ വസ്തുതകള്‍തന്നെയായിരിക്കും കാര്‍ലോ വാലന്‍സ്യയെന്ന ഗോതമ്പുകര്‍ഷകനെ ‘ഫിദലില്ലെങ്കില്‍ ക്യൂബയുണ്ടാകുമായിരുന്നില്ല’ എന്നുപറയാന്‍ പ്രേരിപ്പിച്ചത്. രണ്ടുമാസംമുമ്പ് കേരളം സന്ദര്‍ശിക്കാനായി എത്തിയ വാലന്‍സ്യ കുടുംബത്തിലെ ഇളംതലമുറക്കാരി ലിയാന്നി വാലന്‍സ്യക്കും ഫിദലിന്റെ വിയോഗത്തെക്കുറിച്ചും അദ്ദേഹം തന്റെ രാജ്യത്തിനായി ചെയ്ത സേവനങ്ങളെക്കുറിച്ചും പറയുമ്പോള്‍ നിറഞ്ഞുനിന്നത് ശുദ്ധസ്നേഹവും ആദരവുംമാത്രം.

ഒരുപക്ഷേ ഇന്ന് ക്യൂബയേക്കാളേറെ ഫിദലിന്റെ നഷ്ടം അനുഭവിക്കുന്നത് ലോകജനതയാണ്. മതതീവ്രവാദവും അഭയാര്‍ഥിപ്രശ്നങ്ങളും നവലിബറല്‍ നയങ്ങളും തികഞ്ഞ അഹങ്കാരിയും മുതലാളിത്തത്തിന്റെ ആഗോളവക്താവുമായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയവൈകല്യങ്ങളും ലോകജനതയെ വീര്‍പ്പുമുട്ടിക്കുന്ന ഈയൊരവസ്ഥയില്‍ ഫിദലിനെപ്പോലൊരു ധീരനേതാവിന്റെ അഭാവം തീരാനഷ്ടമാണെന്ന് അംഗീകരിക്കാതെ വയ്യ.

സ്വന്തം ജനതയെ അകമഴിഞ്ഞ് പ്രണയിച്ചപ്പോള്‍ത്തന്നെ തന്റെ മാനവികതയ്ക്ക് ഭൌമികമോ മൊഴിപരമോ സാംസ്കാരികമോ ആയ അതിരുകള്‍ കല്‍പ്പിക്കാതെ മാനവരാശിയെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ ഫിദല്‍ കാണിച്ച വ്യഗ്രത ലോകത്തിനുമുഴുവന്‍ വെളിച്ചംനല്‍കുന്നതായിരുന്നു. അതിജീവനത്തിനായി പുതിയ പോരാട്ടപാതകള്‍ വെട്ടിത്തുറക്കുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും ഫിദലിനുണ്ടായിരുന്ന ചാതുര്യം ലോകനേതാക്കളില്‍ ഏറെപ്പേര്‍ക്ക് അവകാശപ്പെടാനാകില്ല.

ലോകത്തിലെ സംഘര്‍ഷങ്ങളെ സമന്വയിപ്പിക്കുന്നതിനും മനുഷ്യമനസ്സിനെ അലട്ടുന്ന ജീവല്‍സംബന്ധിയായ വിഷയങ്ങളെ അപഗ്രഥിക്കുന്നതിനും അവയ്ക്ക് തന്റേതായ പരിഹാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനും ഒരു നയതന്ത്രജ്ഞന്റെയും മനഃശാസ്ത്രജ്ഞന്റെയും ഇരട്ട റോള്‍ ആയാസരഹിതമായി കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനാകുമായിരുന്നു. ഉദ്ദേശ്യശുദ്ധിയുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മാര്‍ഗം ഒരു തടസ്സമാകില്ലെന്ന് തന്റെ ജീവിതത്തിലൂടെ മനുഷ്യരാശിയെ പഠിപ്പിക്കാന്‍ ഫിദലിനായി.

രാജ്യത്തിന്റെ വലുപ്പമോ ജനങ്ങളുടെ ആധിക്യമോ അല്ല, മറിച്ച് ഉറച്ച ഭരണനയങ്ങളും തെളിഞ്ഞ ധാര്‍മികതയും ഉറച്ച രാഷ്ട്രീയതത്വങ്ങളും നീതിബോധവുമാണ് ഒരു കരുത്തുറ്റ രാഷ്ട്രത്തെ നിര്‍മിക്കുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ക്യൂബയെന്ന കൊച്ചുരാഷ്ട്രത്തിന്റെ ഭരണാധികാരിയെന്നനിലയില്‍ ഫിദലിന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും സമ്മതിക്കേണ്ടിവന്നിട്ടുണ്ട്.

സ്വയം നിര്‍മിച്ചെടുത്ത ഔഷധങ്ങളും ചികിത്സാരീതികളും കുടുംബ ഡോക്ടര്‍ സംവിധാനത്തോടെയുള്ള ആരോഗ്യപരിപാലനവും സൃഷ്ടിപരതയിലും യുക്തിയിലും സ്മൃതിയിലും അധിഷ്ഠിതമായ വിദ്യാഭ്യാസപരിപാടികളും പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗവും പരിപാലനവും ജൈവകൃഷിയും പട്ടണങ്ങളില്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ നടപ്പാക്കിയ പെര്‍മകള്‍ച്ചറെന്ന കൃഷിരീതിയുമെല്ലാം ഇത്തരത്തിലുള്ള നയങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്നവയാണ്.

ഇത്തരത്തില്‍ വിദ്യാഭ്യാസരംഗത്തും കൃഷിയിലും ഊര്‍ജോല്‍പ്പാദനരംഗത്തും ആരോഗ്യമേഖലയിലും അവര്‍ നേടിയെടുത്ത സുദൃഢമായ അടിത്തറയാണ് ക്യൂബന്‍ മാതൃകയുടെ നട്ടെല്ല്. ഈ മേഖലകള്‍ പരസ്പരബന്ധിതങ്ങളാണെന്ന തിരിച്ചറിവായിരിക്കും ഫിദല്‍തന്നെ മുന്‍കൈയെടുത്ത് അവയുടെ ഏകോപനം സാധ്യമാക്കിയത്.

തന്റെ വിചാരണപ്രസംഗത്തില്‍ അദ്ദേഹം ഏറ്റവും വ്യാകുലപ്പെട്ടിരുന്നത് അന്നാട്ടിലെ സാധാരണക്കാരുടെ പോഷകാഹാരക്കുറവിനെക്കുറിച്ചും ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയുംകുറിച്ചുതന്നെയായിരുന്നു.

അതിലുമപ്പുറമായിരുന്നു ക്യൂബ മുന്നോട്ടുവച്ച മാനവികതയുടെ മാതൃകകള്‍. മറ്റൊരു ലോകരാജ്യത്തിനും അവകാശപ്പെടാനില്ലാത്തവിധം കരുണനിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് ക്യൂബ മാനവരാശിക്കുമുന്നില്‍ തീര്‍ത്തത്. അതില്‍ത്തന്നെ ഏറ്റവും മികച്ചതായിരുന്നു 2005ല്‍ പാകിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കായി ക്യൂബന്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നടത്തിയ സേവനം.

പാകിസ്ഥാനുമായി ഒരുവിധ നയതന്ത്രബന്ധവും ഇല്ലാതിരിക്കെത്തന്നെ ആ രാജ്യത്തുണ്ടായ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും ദുരന്തനിവാരണത്തിനുതകുന്ന രീതിയില്‍ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി പരിക്കേറ്റ ഒട്ടേറെപേരെ മരണത്തില്‍നിന്ന് രക്ഷിക്കാനായതും ഞാന്‍ മുമ്പുപറഞ്ഞ അതിരുകളില്ലാത്ത മാനവികതയുടെ വക്താക്കളാകാന്‍ തങ്ങളുടെ നായകന്‍ ഫിദലിനോടൊപ്പം ക്യൂബക്കാര്‍ക്ക് കഴിഞ്ഞതുകൊണ്ടാണ്.

ലാറ്റിനമേരിക്കയിലെ സാധാരണക്കാര്‍ക്കായി ക്യൂബന്‍ സര്‍ക്കാര്‍ നടത്തുന്ന സൌജന്യ നേത്രശസ്ത്രക്രിയ ആയിരങ്ങള്‍ക്ക് കാഴ്ച തിരിച്ചുനല്‍കിയിട്ടുണ്ട്. അത്തരത്തില്‍ കാഴ്ച ലഭിച്ചവരില്‍ ഒരാള്‍ തങ്ങളുടെ പ്രിയസഖാവായ ചെ ഗുവേരയുടെ മാറിലേക്ക് നിറയൊഴിച്ച മരിയൊ ടെരനെന്ന പഴയ ബൊളീവിയന്‍ റെയ്ഞ്ചറാണെന്നറിയുമ്പോഴാണ് ക്യൂബ ഉയര്‍ത്തുന്ന മാനവികതയുടെ ആഴം നമുക്ക് മനസ്സിലാകുന്നത്.

തീര്‍ച്ചയായും ഫിദലിനെപോലെ പതംവന്നൊരു പോരാളിയുടെ അഭാവം ലോകരാഷ്ട്രീയത്തെ കൂടുതല്‍ ദരിദ്രമാക്കിയെങ്കിലും അദ്ദേഹം തീര്‍ത്ത വിപ്ളവത്തിന്റെയും സുസ്ഥിരവികസനത്തിന്റെയും രാഷ്ട്രതന്ത്രജ്ഞതയുടെയും രാഷ്ട്രനിര്‍മാണത്തിന്റെയും മാനവികതയുടെയും മാതൃകകള്‍ മുന്നോട്ടുള്ള പോരാട്ടത്തില്‍ വഴികാട്ടാനായുണ്ടാകുമെന്ന് നമുക്കു പ്രത്യാശിക്കാം.

(ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അസോസിയറ്റ് പ്രൊഫസറാണ് ലേഖകന്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News