ലോകം വ്യാഖ്യനിക്കുകയല്ല മാറ്റി മറിക്കുകയാണ് വേണ്ടെതെന്ന് പറഞ്ഞ മഹാനായ ചിന്തകന്റെ യൗവ്വനകാലം ഗോവന്‍ തിരശ്ശീലയെ ആറാം നാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു. മാര്‍ക്സിന്റെയും ഫ്രെഡറിക്ക് ഏംഗല്‍സിന്റെയും ജീവിതവും പോരാട്ടവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സംഭവിക്കുന്നത് വരെയുള്ള തത്വാചിന്താസംവാദങ്ങളും മനോഹരമായി ആവിഷ്‌ക്കരിച്ചത് ഹെയ്ത്തിയന്‍ സംവിധായകനായ റൗള്‍പെക്കാണ്.

ജര്‍മ്മനിയിലെ പഠന കാലം തോട്ട് മനസ്സില്‍ കയറിയ മാര്‍ക്സിന്റെ ജീവിതത്തെ അഞ്ച് വര്‍ഷമെടുത്ത പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായി എഴുതി ചിത്രീകരിച്ചതാണ് സിനിമ. 1840 കാലത്തെ യൂറോപ്പിലെ അടിമ സമാനമായ തോഴിലാളീ ജീവിതം കാണിച്ച് തുടങ്ങുന്ന സിനിമ ആദ്യകാല കമ്മ്യൂണിസ്റ്റ് കാലത്തെക്കുറിച്ചുള്ള ഏറ്റവും ഭംഗിയുള്ള പില്‍ക്കാല ചലച്ചിത്ര രചനകളില്‍ ഒന്നാകുന്നു.

 

സമീപ കാലത്ത് ലോകത്തിറങ്ങിയ കലയുടെയും രാഷട്രീയത്തിന്റെയും ശക്തി തെളിയിക്കുന്ന ഏറ്റവും മികച്ച ജീവചരിത്ര സിനിമയാണ് റൗള്‍പെക്കിന്റെ യുവാവായ മാര്‍ക്സ്- ദി യംഗ് മാര്‍ക്സ് .

മാര്‍ക്സിന്റെ പലായനങ്ങളും അലച്ചിലുകളും ജെന്നിയുടെ സഹനങ്ങളും ഏംഗല്‍സിന്റെ സൗഹൃദവും സിനിമ നര്‍മ്മത്തോടെയും നൈര്‍മ്മല്യത്തോടെയും കാണിച്ചു തരുന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റ് ലീഗിലേക്കും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കൂട്ടെഴുത്തിലേക്കും എത്തിയ മാര്‍ക്സ് -ഏംഗല്‍സ് സൗഹൃദം ഏറ്റവും വൈകാരിക പ്രധാനമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

പാരീസിലെ മദ്യശാലകളിലും പബ്ബുകളിലും ലഹരി കുടിച്ച് തീര്‍ത്ത് ഇരുവരും ലോകത്തിന് തന്ന മഹത്തായ തത്വശാസ്ത്രത്തിന്റെ ഇന്നത്തെ പ്രസക്തിയ്ക്ക് ചിത്രം അടിവരയിടുന്നു. അതുകൊണ്ട് ചിത്രം തീര്‍ന്നാലും തീരുന്നില്ല. മഹത്തായ ഒക്ടോബര്‍ വിപ്ലവം തൊട്ട് സമീപകാലത്തെ മുല്ലപ്പൂ വിപ്ലവം വരെയുള്ള ഒരു വിഷ്വല്‍ കൊളാഷ് കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.

മാര്‍ക്സ് വിലകുറഞ്ഞ സിഗററ്റ് വലിക്കുന്നവനാണ്. അയാളുടെ ഇല്ലായ്മ വ്യക്തം. ഏംഗല്‍സ് ഫാക്ടറി മുതലാളിയുടെ മകനാണ്.

ആ വേഷങ്ങളില്‍ അയാളുടെ ധനികത്വും കാണാം. ഏംഗല്‍സ് പിതാവിന്റെ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കൊപ്പം കഴിഞ്ഞാണ് അവരുടെ അടിമസമാന ജീവിതം പഠിക്കുന്നത്. സ്വര്‍ണ്ണകുടുക്കുള്ള കു്പ്പായമിട്ട് വന്നാണോ തൊഴിലാളി വിമോചനത്തെക്കുറിച്ച് പറയുന്നതെന്ന് ആദ്യ കൂടിക്കാഴ്ച്ചയില്‍ മാര്‍ക്സ് ഏംഗല്‍സിനെ കളിയാക്കുന്നൊരു രംഗമുണ്ട് സിനിമയില്‍. വൈകാതെ അയാള്‍ കഴിവുറ്റൊരു സഖാവാവുന്നു.

മാര്‍ക്സിന് ചിന്തയുടെ വെളിച്ചം പകരുന്നവനാകുന്നു. വഴികാട്ടി തന്നെയാവുന്നു. ജീവിതത്തിന് താങ്ങാവുന്നു. മാര്‍ക്സിന്റെ പൂര്‍ണ്ണ ജീവിതത്തില്‍ നിന്ന് മുപ്പതു വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ യൗവ്വനകാലത്തെ എടുത്ത് റൗള്‍പെക്ക് അസാധാരണ നിറവോടെയാണ് സിനിമ പൂര്‍ത്തിയാക്കുന്നത്.

യൗവ്വനമാണ് ഏറ്റവും രാഷ്ട്രീയമായ പ്രായമെന്ന് മാര്‍ക്സിസ്റ്റുകാര്‍ പൊതുവേ പറയാറുണ്ട്. അതുകൊണ്ട് തന്നെ യുവാവായ മാര്‍ക്സിന്റെ രാഷ്ട്രീയമായ അര്‍ത്ഥതലങ്ങള്‍ അനവധിയാണ്. മാര്‍ക്സിനെ സിനിമയാക്കുമ്പോള്‍ റൗള്‍പ്പെക്ക് സംവിധായകനും നിര്‍വ്വഹിക്കുന്നത് ഒരു തരം രാഷ്ട്രീയ പ്രവര്‍ത്തനമാണ്, വിപ്ലവ പ്രവര്‍ത്തനം തന്നെയാണ് നിലക്കാണ് സിനിമയുടെ ഇക്കാലത്തെ വായന നടക്കേണ്ടത്. പ്രത്യേകിച്ച് മാര്‍ക്സിനെ ലോകം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ലോകത്തെങ്ങുള്ള പ്രതിരോധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാണ് സിനിമ.

റൗള്‍പെക്ക് ഹെയ്ത്തിയന്‍ സംവിധായകനാണ്. ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രമാണ് ഹെയ്ത്തി. പട്ടിണി കൊണ്ടും വംശീയ യുദ്ധം കൊണ്ടും മനുഷ്യര്‍ നാള്‍ക്കു നാള്‍ മരിച്ചു വീഴുന്ന നാടാണത്. അവിടെ നിന്നാണ് കറുത്തവംശജരുടെ വിമോചനപ്പോരാട്ടങ്ങളുടെ നായകന്‍ കൂടിയായ ഒരാള്‍ മാര്‍ക്സിന്റെ സിനിമ ആവിഷ്‌ക്കരിക്കുന്നത്.

കറുത്തവന്റെ കമ്മ്യൂണിസത്തിന്റെ മുഴക്കത്തേക്കള്‍ സ്ഫോടക ശേഷിയുള്ളൊരു രാഷ്ട്രീയവുമില്ല. ഹെയത്തിയില്‍ ചെറിയൊരു കാലം സാസംസ്‌കാരിക വകുപ്പ് മന്ത്രിയായിട്ടുണ്ട് റൗള്‍പ്പെക്ക്.

കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളുടെ നായകന്‍ പാട്രിക്ക് ലുമുംബയെക്കുറിച്ച് റൗള്‍പ്പെക്ക് നേരത്തെ സിനിമയെടുത്തിട്ടുണ്ട്- ലുമുംബ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അയാം നോട്ട് യുവര്‍ നീഗ്രോ എന്ന അദ്ദേഹത്തിന്റെ സിനിമയുടെ പേരിന്റെ മുഴക്കം തന്നെ നോക്കുക. ഞാന്‍ നിങ്ങളുടെ നീഗ്രോ അടിമയല്ലെന്ന് പ്രഖ്യാപിക്കുന്ന സിനിമ അമേരിക്കന്‍ വംശീവിവോചനങ്ങളുടെ പുതിയ കാലസാക്ഷ്യമാണ്.

യുവാവായ കാറല്‍ മാര്‍കസ് കേരളം കാണേണ്ടുന്ന സിനിമയാണ്. റൗള്‍ പെക്കിനെ അടുത്ത മേളയ്ക്കെങ്കിലും മലയാളി കേരളത്തിലേക്ക് വിളിച്ചു വരുത്തണം. അതൊരു രാഷട്രീയ തീരുമാനമാകണം ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്.