മുരുകന്റെ മരണം; ഡോക്ടര്‍മാരുടെ വീഴ്ച പരിശോധിക്കാന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കാന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ബോര്‍ഡ് രൂപീകരിച്ച് ഉത്തരവിറക്കിയത്. ആറു ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയതായി പൊലീസ്. നാലംഗ വിദഗ്ധസമിതിയാണ് ബോര്‍ഡിലുള്ളത്.
മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയോ എന്നത് നാലംഗ വിദഗ്ധസമിതിയാകും അന്വേഷിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ എം പി ശശി, കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജന്‍ ഡോ പി കെ ബാലകൃഷ്ണന്‍, കോട്ടയം-തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലെ അനസ്‌തേഷ്യ വിഭാഗം തലവന്‍മാരായ ഡോ
എ ശോഭ, ജി മായ എന്നിവരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിനെയാണ് നിയോഗിച്ചിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി- മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറു ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം.

ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ മെഡിക്കല്‍. ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ബോര്‍ഡ് രൂപീകരിച്ചത്.

മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. അതു കൊണ്ടു തന്നെ പൊലീസ് കുറ്റക്കാരെന്നു കണ്ടെത്തിയ ആറു ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News