ചെസ് കളിയില്‍ ദേശീയ ശ്രദ്ധ നേടിയ ജ്യോതികയ്ക്ക് സുരക്ഷിതമായി കഴിയാന്‍ ഒരു വീട് വേണം; ബുദ്ധിമുട്ടുകള്‍ മറികടന്ന് സിവില്‍ സര്‍വ്വീസ് നേടണമെന്നത് സ്വപ്നം

തൃശൂര്‍: ചതുരംഗ കളത്തില്‍ മികവു തെളിയിച്ച് ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ജ്യോതികയുടെ ജീവിത യാത്രയില്‍ വെല്ലുവിളി ഉയര്‍ത്തുകയാണ് പരാധീനതയുടെ കരുനീക്കങ്ങള്‍.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി ജ്യോതികയ്ക്ക് സുരക്ഷിതമായി ഉറങ്ങാന്‍ സ്വന്തം വീട് പോലുമില്ല. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയിലെ കടകള്‍ക്ക് മുകളിലെ ഒറ്റമുറിയിലാണ് ജ്യോതികയും അമ്മയും കഴിയുന്നത്.

കൊടുങ്ങല്ലൂര്‍ ശൃംഗപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ യൂ.ആര്‍ ജ്യോതിക പലവട്ടം പത്രത്താളുകളില്‍ ഇടം നേടിയിട്ടുണ്ട്. കളിക്കളത്തില്‍ സൂക്ഷ്മ ബുദ്ധിയാല്‍ മുന്നിലെത്തേണ്ട ചെസ്സില്‍ കുട്ടിക്കാലം മുതല്‍ ജ്യോതിക മികവ് പുലര്‍ത്തിയിരുന്നു.

നാല് വട്ടം ദേശീയ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഇതില്‍ മൂന്ന് വട്ടവും സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായിരുന്നു ജ്യോതിക. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയിലെ കടകള്‍ക്ക് മുകളിലെ ഒറ്റമുറിയിലാണ് ജ്യോതികയും അമ്മയും താമസിക്കുന്നത്. സമീപത്തെ മുറിയില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊളിലാളികള്‍ക്കു കൂടിയുള്ള ശുചിമുറിയാണ് ഇവര്‍ രാത്രിയിലും ഉപയോഗിക്കേണ്ടത്.

ജ്യോതികയ്ക്ക് ലഭിച്ച ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സൂക്ഷിക്കാന്‍ പോലും ഇവിടെ ഇടം തികയില്ല എന്നതാണ് യാഥാര്‍ഥ്യം. ജ്യോതികയുടെ അച്ഛന്‍ സാമ്പത്തിക ബാധ്യതകള്‍ മൂലം നാട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്.

അമ്മ വനജ ചേരമാന്‍ ജുമാ മസ്ജിദില്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം മാത്രമാണ് ഇവരുടെ വരുമാനം. ബുദ്ധിമുട്ടുകള്‍ മറികടന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷ ജയിക്കണമെന്നതാണ് ജ്യോതികയുടെ സ്വപ്നം.
കളിക്കളത്തില്‍ അതിവേഗം പ്രതിസന്ധികളെ കീഴടക്കുന്ന ജ്യോതികയ്ക്ക് സുരക്ഷിതമായി കഴിയാന്‍ ഒരു വീട് വേണം. സ്വന്തമായി ഭൂമിയില്ലാത്ത ഈ കുടുംബത്തിന് ആശ്വാസ വാക്കുകള്‍ക്കു പകരം കൈത്താങ്ങാകാന്‍ കഴിയുന്നവരുടെ സഹായമാണ് ഇപ്പോള്‍ വേണ്ടത്.

Account Number – 40264100400076
Vanaja (Jyotika’s Mother)
Kerala Gramin Bank
Kodungallur Branch
IFSC Code – KLGB004064

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News