ചെന്നിത്തലക്ക് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ വിഐപി ഭക്ഷണം; പടയൊരുക്കം ആലോചനാ യോഗത്തില്‍ കയ്യാങ്കളി; രാജി ഭീഷണിയുമായി നേതാക്കളും

തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ കൊല്ലം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച അഞ്ചലില്‍ പര്യടനം നടത്തും. ജാഥയുടെ കൂടിയാലോചനയ്ക്കായി ആയൂരില്‍ ചേര്‍ന്ന യോഗമാണ് കയ്യേറ്റത്തിലും കയ്യാങ്കളിയിലും അവസാനിച്ചത്.

ജാഥാ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തലയ്ക്ക് ഉച്ചയൂണ് നല്‍കുന്നതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. ജാഥയ്‌ക്കൊപ്പമുള്ള അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഞ്ചലിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് ആഹാരം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് മാത്രമായി ബിസിനസുകാരനും കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായ കോടിയാട്ട് പ്രസാദിന്റെ വീട്ടില്‍ വി.ഐ.പി ഭക്ഷണം ഒരുക്കുന്നതിനെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കോടിയാട്ട് പ്രസാദ് കേരളാ കോണ്‍ഗ്രസ് വിട്ട് ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേക്കേറാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചെന്നിത്തലയ്ക്ക് വിഐപി ഭക്ഷണം ഒരുക്കുന്നതത്രെ.

ജാഥാംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ചെന്നിത്തലയ്ക്ക് മാത്രം വിഐപി ഭക്ഷണമെന്നാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പടയൊരുക്കത്തിന്റെ കൂടിയാലോചനായോഗത്തില്‍ ഒരു വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് ഇക്കാര്യം ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തല മാത്രം കോടീശ്വരന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് തീരുമാനം പിന്‍വലിക്കണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മേഖലയിലെ ചില എ, ഐ ഗ്രൂപ്പ് നേതാക്കള്‍ വനിതാ പഞ്ചായത്തംഗത്തിന് നേരെ തിരിയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു.

പടയൊരുക്കം അഞ്ചലില്‍ എത്തുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞു. പടയൊരുക്കത്തിന്റെ ഒരുക്കങ്ങള്‍ അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ നിന്നുള്‍പ്പെടെ മണ്ഡലം പ്രസിഡന്റടക്കം വിട്ടുനിന്നു. കേരളാ കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതിനെ എ, ഐ ഗ്രൂപ്പുകളിലെ പ്രധാന നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് ജില്ലാ നേതാവിനെ പാര്‍ട്ടിയിലെടുത്താല്‍ രാജി വയ്ക്കുമെന്നും ചില പ്രദേശിക നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here