ബിജെപി നേതാവ് കുടുങ്ങി; ഭാര്യയ്ക്ക് വേണ്ടി സീറ്റ് തേടി, കിട്ടിയത് മരുമകള്‍ക്ക്; ഒടുവില്‍ പൊതുവേദിയില്‍ ഭാര്യയുടെ വിരട്ടല്‍

ബിജെപിയുടെ ഷോമാന്‍ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രഭാത് സിങ്ങ് ചൗഹാനാണ് ഭാര്യയ്ക്കും മരുമകള്‍ക്കുമിടയില്‍ നട്ടംതിരിയുന്നത്. ശങ്കര്‍സിങ് വഗേലയെ പോലും തോല്‍പ്പിച്ച് പഞ്ചമഹാല്‍ നിന്ന് ലോക്‌സഭയിലെത്തിയ പ്രഭാത്സിങ് ചൗഹാന് ഈ പോരാട്ടം സമ്മാനിച്ച വെല്ലുവിളി ചെറുതല്ല.

കലോള്‍ നിയമസഭാസീറ്റ് തന്റെ കുടംബത്തിന് കിട്ടാനും ഭാര്യ രംഗേശ്വരി ചൗഹാനെ മത്സരിപ്പിക്കാനും ചൗഹാന്‍ നേരത്തെ ശ്രമമാരംഭിച്ചിരുന്നു. പക്ഷേ ചൗഹാന്റെ നിയന്ത്രണം എവിടെയോ നഷ്ടപ്പെട്ടു. സീറ്റ് കുടുംബത്തിന് കിട്ടിയെങ്കിലും അമ്മായിയമ്മയ്ക്കുപകരം പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത് മരുമകളെ.

ചൗഹാന്റെ ആദ്യഭാര്യയിലെ മകന്‍ പ്രവീണ്‍സിങ്ങിന്റെ ഭാര്യ സുമന്‍ബെന്നിനാണ് താമര ചിഹ്നം നല്‍കിയത്. ഭാര്യ രംഗേശ്വരിക്കാകട്ടെ ചൗഹാന്റെ ആദ്യഭാര്യയിലെ മക്കളെ കണ്ണിനുകണ്ടുകൂടാ. സീറ്റ് നഷ്ടപ്പെട്ട രംഗേശ്വരി ഭര്‍ത്താവിനെ ഫേയ്‌സ്ബുക്കിലൂടെ പരസ്യമായി വിരട്ടി. മരമകള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് ജനങ്ങളെ കാണാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു പാര്‍ട്ടിയുടെ താലൂക്ക് പ്രസിഡന്റ് കൂടിയായ രംഗേശ്വരിയുടെ വെല്ലുവിളി.

ഭാര്യയുടെ വിരട്ടലില്‍ പതറിയ അച്ഛന്‍ ചൗഹാന്‍ മകനെയും മരുമകളെയും തള്ളിപ്പറഞ്ഞ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തെഴുതി. ഒപ്പം മകനും ഭാര്യയ്ക്കുമെതിരെ ആരോപണമുന്നയിക്കാനും തയ്യാറായി.

മകനും മരുമകളും മദ്യക്കച്ചവടക്കാരാണെന്നും ഇതിന്റെ പേരില്‍ ജയിലില്‍ കിടന്നവരാണെന്നും അച്ഛന്‍ ചൗഹാന്‍ തുറന്നടിച്ചു. സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News