ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍; ഹാജരാക്കുന്നത് മൂന്നു മണിക്ക്; കേരളാ ഹൗസില്‍ കനത്തസുരക്ഷ

ദില്ലി: മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ വൈക്കം സ്വദേശിനി ഹാദിയയെ തിങ്കളാഴ്ച പകല്‍ മൂന്നിന് സുപ്രീംകോടതിയില്‍ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് മുദ്രവച്ച നാല് കവറുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന മനഃശാസ്ത്രസമീപനങ്ങള്‍ക്കും സിദ്ധാന്ത ഉപദേശങ്ങള്‍ക്കും ഹാദിയ വിധേയയായെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

കേസില്‍ എന്‍ഐഎയുടെ നിലപാടിനെ പിതാവ് അശോകന്റെ അഭിഭാഷകര്‍ പൂര്‍ണമായും പിന്തുണയ്ക്കും. ദുര്‍ബലമായ മാനസികാവസ്ഥയാണ് ഹാദിയക്ക് ഉള്ളതെന്നും കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതി ഈ വസ്തുത കണക്കിലെടുത്തിരുന്നെന്നുമാണ് വാദം.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ഹാദിയ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന വാദമാകും ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ ഉന്നയിക്കുക. കഴിഞ്ഞദിവസം ദില്ലിയില്‍ എത്തിയ അശോകന്‍ സുപ്രീംകോടതിയിലെ ചില അഭിഭാഷകരുമായി കേരള ഹൗസില്‍ ചര്‍ച്ച നടത്തി.

ഹാദിയയുടെ വാദംകേള്‍ക്കുന്നത് അടച്ചിട്ട കോടതി മുറിയിലാകണമെന്ന് ആവശ്യപ്പെട്ട് അശോകന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എഎം ഖാന്‍വില്‍ക്കറും അംഗങ്ങളായ ബെഞ്ച് ആദ്യം ഈ ഹര്‍ജിയില്‍ തീരുമാനമെടുത്തശേഷമാകും പ്രധാനവിഷയത്തിലേക്ക് കടക്കുക.

ഭരണഘടനയുടെ 226ാം അനുച്ഛേദപ്രകാരം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം ഹൈക്കോടതി വിവാഹം അസാധുവാക്കിയ നടപടി നിലനില്‍ക്കുമോ, സ്വന്തം ഇഷ്ടപ്രകാരമാണോ ഹാദിയ മതംമാറിയതും വിവാഹം കഴിച്ചതും തുടങ്ങിയ വിഷയങ്ങളാണ് കോടതിയുടെ മുന്നിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News