സാമ്പത്തികസംവരണം: ഐതിഹാസിക തീരുമാനം

മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണംനല്‍കാനുള്ള തീരുമാനം സംസ്ഥാനമന്ത്രിസഭ കൈക്കൊണ്ടത് രാജ്യമാകെ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയുംചെയ്ത കാര്യമാണ്. സിപിഐഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിതനയമാണ് ഇതുവഴി നടപ്പാക്കുന്നത്.

നിലവിലെ സംവരണം അട്ടിമറിക്കാതെ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിച്ച് സംവരണം നല്‍കുന്നതിന് ഭരണഘടനാഭേദഗതി വേണമെന്ന ആവശ്യം സിപിഐഎം നേരത്തെ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയപാര്‍ടികള്‍ അതിനെ അനുകൂലിക്കാന്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തികസംവരണം എന്ന ഐതിഹാസിക തീരുമാനം ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്. മുന്നോക്കക്കാരിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നത് നിലവില്‍ സംവരണം ലഭിക്കുന്നവരുടെ അവകാശങ്ങള്‍ ഹനിക്കാതെയാണ്.

യാതൊരു സംവരണവും ഇല്ലാത്ത മുന്നോക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനൊപ്പം, നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിലും വര്‍ധന വരുത്തി. 14 ശതമാനം സംവരണം ഉണ്ടായിരുന്ന ഈഴവസമുദായത്തിന് അത് 17 ശതമാനമാക്കി.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിനുള്ള 10 ശതമാനം സംവരണം 12 ശതമാനമാക്കി. ഈഴവരൊഴിച്ചുള്ള ഹിന്ദു ഒബിസി വിഭാഗങ്ങള്‍ക്ക് നിലവിലുള്ള 3 ശതമാനം സംവരണം ഇരട്ടിയാക്കി. 50 ശതമാനം തസ്തികയില്‍ പൊതുവിഭാഗത്തില്‍ മെറിറ്റടിസ്ഥാനത്തിലാകും നിയമനം. ഇതില്‍ മുന്നോക്കപിന്നോക്ക ഭേദമില്ലാതെ ആര്‍ക്കും നിയമനം മെറിറ്റ് പ്രകാരം നേടാനാകും. ഇപ്രകാരം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനാണ് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയത്.

ദളിതരെ ശാന്തിമാരായി നിയമിച്ച വിപ്‌ളവാത്മകമായ തീരുമാനംപോലെ ഈ കാലഘട്ടത്തില്‍ അനിവാര്യമായ തീരുമാനമാണ് മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്കുള്ള സംവരണം.

വിശപ്പിനും കഷ്ടപ്പാടിനും ജാതിയില്ല എന്ന നിലപാടാണ് ഈ സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടത്തുന്ന നിയമനങ്ങളില്‍ പുതുക്കിയ സംവരണരീതി പ്രാബല്യത്തില്‍ വരും. സംവരണത്തെയാകെ അട്ടിമറിക്കുന്നതാണ് ഈ തീരുമാനമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഭരണഘടന അനുശാസിക്കുന്നതിന് വിരുദ്ധവുമല്ല ഇത്.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്കുള്ള സംവരണം നിലവിലെ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ സംവരണം കവര്‍ന്നെടുത്തോ, വെട്ടിക്കുറച്ചോ അല്ല നല്‍കുന്നത്. അഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നല്‍കാത്തതിനാല്‍ അവര്‍ക്കുള്ള 18 ശതമാനം സംവരണം ഓപ്പണ്‍ മെറിറ്റിലേക്ക് മാറിയിരുന്നു.

ആ 18 ശതമാനം സംവരണം ആനുപാതികമായി പിന്നോക്കവിഭാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വര്‍ധിപ്പിച്ചുനല്‍കുന്നതിനൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുകൂടി നിശ്ചിത ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചത്.

സാമുദായികമായ പിന്നോക്കാവസ്ഥ പോലെതന്നെ സാമ്പത്തികമായ പിന്നോക്കാവസ്ഥയും പരിഗണിക്കേണ്ടതാണെന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളത്.

മറ്റ് ചില സംസ്ഥാനങ്ങളില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ നീക്കം നടത്തിയത് 50 ശതമാനത്തിനുമേല്‍ സംവരണം പാടില്ല എന്ന ഭരണഘടനാനിര്‍ദേശത്തിന് വിരുദ്ധമായിരുന്നു. എന്നാല്‍, കേരള സര്‍ക്കാര്‍ 50 ശതമാനം സംവരണം എന്ന വ്യവസ്ഥ മറികടന്നല്ല തീരുമാനമെടുത്തിരിക്കുന്നത്.

ഓപ്പണ്‍ മെറിറ്റില്‍ അധികമായി വന്ന 18 ശതമാനത്തില്‍ പെടുത്തി പിന്നോക്കക്കാരുടെയും ദളിതരുടെയും സംവരണം വര്‍ധിപ്പിക്കുകയും ഒപ്പം മുന്നോക്കക്കാരിലെ നിര്‍ധനര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുക കൂടി ചെയ്യുകയാണ് ഉണ്ടായത്. ഇതിനെതിരെ സാമുദായികവിദ്വേഷമുണ്ടാക്കുന്ന നീക്കമാണ് ചില സംഘടനകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ നടത്തുന്നത്.

സംസ്ഥാനചരിത്രത്തില്‍ ആദ്യമായി സംവരണതത്വം പാലിച്ച് ദേവസ്വം നിയമനങ്ങള്‍ നടത്തിയത് പിണറായി സര്‍ക്കാരാണ്. ഓപ്പണ്‍ വിഭാഗത്തിലേക്ക് പോയ 18 ശതമാനം തിരിച്ചെടുത്ത് അതില്‍ 8 ശതമാനം പിന്നോക്കക്കാര്‍ക്ക് നല്‍കിയതാണോ സംവരണവിരുദ്ധ നടപടി?

തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം, മലബാര്‍ എന്നിങ്ങനെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ സംവരണം പാലിക്കാതെയാണ് നിയമനം നടന്നിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പുതിയ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നിയമിച്ചാണ് ഇതിന് പരിഹാരം കണ്ടത്.

ഇതോടെ, 2017 ഒക്ടോബറില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ശാന്തിമാരുടെ നിയമനങ്ങളില്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് 32 ശതമാനം സംവരണം പാലിച്ചുകൊണ്ട് 62 ഒഴിവുകളില്‍ നിയമനം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണശാന്തിമാരെ നിയമിച്ചത്.

നിശ്ശബ്ദവിപ്‌ളവമാണ് ഈ തീരുമാനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. പിഎസ്സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ മലനട ദുര്യോധനക്ഷേത്രംപോലുള്ള ചില ക്ഷേത്രങ്ങളില്‍മാത്രമേ നേരത്തെ പൂജാ കര്‍മങ്ങള്‍ ചെയ്തിരുന്നുള്ളൂ. ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങള്‍ മാത്രമല്ല ട്രസ്റ്റുകളുടെയും മറ്റും അധീനതയിലുള്ള പ്രധാന ദേവക്ഷേത്രങ്ങളിലൊന്നും ദളിത് വിഭാഗത്തെ ശാന്തിയായി നിയമിക്കുമായിരുന്നില്ല.

ചില സംഘടനകളുടെയും കുടുംബങ്ങളുടെയും വക ക്ഷേത്രങ്ങളില്‍ പിന്നോക്ക സമുദായക്കാരെയോ ദളിതരെയോ ക്ഷേത്രത്തിലെ കഴകം ഉള്‍പ്പെടെയുള്ള അകംജോലികളില്‍ ഒന്നുംതന്നെ നിയമിക്കാത്ത സാഹചര്യമായിരുന്നു.

ക്ഷേത്രപ്രവേശന വിളംബരംവഴി അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ക്ഷേത്ര ശ്രീകോവിലുകള്‍ അവര്‍ണര്‍ക്ക് അപ്രാപ്യമായിരുന്നു.

ഭരണഘടന പ്രകാരമുള്ള സംവരണം ശാന്തിനിയമനത്തില്‍ നടപ്പാക്കി ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണിപ്പോള്‍. എന്നാല്‍, സംവരണത്തിന്റെ ബലത്തില്‍ മാത്രമല്ല ഈ നിയമനം. താന്ത്രികപരിശീലനം നേടിയ ആചാരാനുഷ്ഠാനങ്ങള്‍ അറിയാവുന്നവരെത്തന്നെയാണ് നിയമിക്കുന്നത്.

നേരത്തെ ഇത്തരം പൂജാദികര്‍മങ്ങളില്‍ പ്രാവീണ്യമില്ലാത്തവരെ ബ്രാഹ്മണരാണെന്ന ഒറ്റ പരിഗണനയില്‍ കൈക്കൂലിവാങ്ങി നിയമിക്കുന്ന പതിവുണ്ടായിരുന്നു. ആ അഴിമതിക്ക് കൂടിയാണ് ഈ സര്‍ക്കാര്‍ തടയിട്ടത്.

ആകെ 62 ശാന്തിമാരെയാണ് ആദ്യം ഇപ്രകാരം നിയമിച്ചത്. ഇതില്‍ മുന്നോക്കവിഭാഗത്തില്‍നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തിനിയമനത്തിന് യോഗ്യത നേടിയപ്പോള്‍ പിന്നോക്കവിഭാഗങ്ങളില്‍നിന്ന് 36 പേരാണ് നിയമനപട്ടികയില്‍ ഇടം നേടിയത്. പിന്നോക്കവിഭാഗങ്ങളിലെ 16 പേര്‍ മെറിറ്റ് പട്ടികയിലാണ് നിയമനത്തിന് അര്‍ഹരായത്.

പട്ടികജാതി വിഭാഗത്തില്‍നിന്ന് ആറുപേരെ ഒന്നിച്ച് ശാന്തിമാരായി നിയമിച്ചത് സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തെതന്നെ ദേവസ്വം ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. പിന്നീട് കൊച്ചിന്‍ ദേവസ്വത്തിലും സമാനമായ രീതിയില്‍ ദളിത് വിഭാഗത്തില്‍പെട്ടവര്‍ ശാന്തിമാരായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വീണ്ടും അതേ പട്ടികയില്‍നിന്ന് കഴിഞ്ഞ ദിവസം നിയമനം നല്‍കാന്‍ തീരുമാനിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തിനിയമനത്തിന് നിലവിലെ റാങ്ക് ലിസ്റ്റില്‍നിന്ന് 80 ഉദ്യോഗാര്‍ഥികളെ കൂടി നിയമിക്കുകയാണ്. 54 പേരെ മെറിറ്റടിസ്ഥാനത്തിലും 26 പേരെ സംവരണാടിസ്ഥാനത്തിലുമാണ് നിയമിക്കുന്നത്. ഈഴവ വിഭാഗത്തില്‍ നിന്ന് ഒമ്പതുപേരും പട്ടികജാതിക്കാരില്‍നിന്ന് ആറുപേരും മറ്റു പിന്നോക്കവിഭാഗങ്ങളില്‍നിന്ന് അഞ്ചുപേരും വിശ്വകര്‍മ, ധീവര വിഭാഗങ്ങളില്‍നിന്ന് രണ്ടുപേരെ വീതവും സംവരണാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനിച്ചു.

പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല സംസ്ഥാന ദേവസ്വം വകുപ്പ് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഈ തുടര്‍പ്രക്രിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News