ദില്ലി: പന്ത്രണ്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ മധ്യപ്രദേശില്‍ പുതിയ നിയമം വരുന്നു. ഇക്കാര്യം സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കിയത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി. കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനും യോഗം അംഗീകാരം നല്‍കി.

പുതിയ നിയമനിര്‍മാണത്തിനുള്ള ബില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.

ബലാത്സംഗ കേസുകളിലോ ലൈംഗികാതിക്രമ കേസുകളിലോ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കില്ലെന്നും ചൗഹാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2015ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.