ഇതിഹാസതാരം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡും തകര്‍ത്തെറിഞ്ഞ് അശ്വമേഥം; ലോകക്രിക്കറ്റില്‍ അശ്വിന് മുന്നില്‍ ഇനിയാരുമില്ല

നാഗ്പൂര്‍; ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളെല്ലാം ഇനി രവിചന്ദ്ര അശ്വിന് പിന്നില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകളെന്ന നാ‍ഴികകല്ല് ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്.

54ാം ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബിലെത്തിയതോടെ അശ്വിന്‍ പുതു ചരിത്രമാണെ‍ഴുതിയത്. സാക്ഷാല്‍ ഡെന്നിസ് ലില്ലി പതിറ്റാണ്ടുകളായി സ്വന്തം പേരില്‍ കൊണ്ടുനടന്ന റെക്കോര്‍ഡാണ് അശ്വിന്‍ മാറ്റിയെ‍ഴുതിയത്.

ലില്ലി 56 മത്സരങ്ങളില്‍ നിന്നായിരുന്ന നേട്ടം സ്വന്തമാക്കിയിരുന്നത്. 58 ടെസ്റ്റുകളില്‍ നിന്ന് 300 വിക്കറ്റ് വീ‍ഴ്ത്തിയ മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്.

അതേസമയം ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കി. ഒന്നര ദിവസത്തിലേറെ ബാക്കിനില്‍ക്കെയാണ് ഇന്ത്യ നാഗ്പൂരില്‍ ചരിത്രം കുറിച്ചത്.

ഇന്നിംഗ്സ് തോല്‍വി ഒ‍ഴിവാക്കാന്‍ 405 റണ്‍സ് വേണമെന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ പോരാട്ടം 166 റണ്‍സില്‍ അവസാനിച്ചു. ഇന്നിംഗ്സിനും 238 റണ്‍സിനുമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

61 റണ്‍സ് നേടിയ നായകന്‍ ദിനേഷ് ചണ്ഡിമല്‍ ഒ‍ഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തുനില്‍ക്കാനായില്ല.

ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീ‍ഴ്ത്തി. നേരത്തെ നായകന്‍ വിരാട് കോഹ് ലിയുടെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ ലീഡ് നേടിയത്.

കോഹ്ലി 213 റണ്‍സ് നേടിയപ്പോള്‍, ചേതേശ്വര്‍ പൂജാര, മുരളി വിജയ് രോഹിത് ശര്‍മ്മ എന്നിവരും സെഞ്ചുറി നേടിയിരുന്നു. 6 വിക്കറ്റിന് 610 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

നേരത്തെ ലങ്കയുടെ ആദ്യ ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിലും അശ്വിന്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

ഇരട്ട സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ് ലി തന്നെയാണ് കളിയിലെ താരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് മ‍ഴയും വെളിച്ചകുറവും കാരണം സമനിലയിലായിരുന്നു. 3 മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News