സ്വാതന്ത്ര്യത്തിന്റെ ആകാശത്തിന്‌ കീഴെ സ്വപ്‌നങ്ങളുടെ ഗിത്താര്‍ മീട്ടി ഒരു പെണ്‍കുട്ടി; ഗോവയുടെ ആഹ്ലാദമായി ഒരു അസാമീസ്‌ ചിത്രം

ഒരു അസം ഗ്രാമത്തിന്റെ ഹൃദയത്തില്‍ നിന്നുമാണ്‌ ദി വില്ലേജ്‌ റോക്ക്‌ സ്‌റ്റാര്‍ പാടുന്നത്‌. സ്വന്തമായി ഒരു ഇലക്ടോണിക്ക്‌ ഗിത്താറെന്ന വലിയ ചെറിയ സ്വപ്‌നങ്ങളുമായി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അഭിലാഷങ്ങളുടെയും ആനന്ദങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണത്‌.

റിമ ദാസാണ്‌ സംവിധായിക. ചിത്രീകരണത്തിലും ആവിഷ്‌ക്കരണത്തിലും ഒരുപാട്‌ പ്രത്യേകതകളുള്ള ഈ ചിത്രം ഗോവയില്‍ കൈയ്യടി നേടുമ്പോള്‍ സ്‌ത്രീപക്ഷത്ത്‌ നിന്നുള്ള ഏറ്റവും മികച്ചൊരു കാഴ്‌ച്ചപ്പെടലിനുള്ള അംഗീകാരം കൂടിയാവുകയാണ്‌.

സ്വച്ഛമായൊരു അസം ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു പത്തു വയസ്സുകാരി- ധുനു. അവള്‍ വളരുന്നത്‌ സ്വന്തം സഹോദരനുള്‍പ്പെടെയുള്ള ഗ്രാമത്തിലെ ആണ്‍കുട്ടിക്കൂട്ടത്തിനൊപ്പമാണ്‌. അവള്‍ കവുങ്ങില്‍ കയറും, മരത്തില്‍ തൂങ്ങിയാടും, സൈക്കിള്‍ ചവിട്ടും. ആണ്‍കുട്ടികളെപ്പോലെയോ അതിനേക്കാളോ സ്വതന്ത്ര്യം അനുഭവിക്കുന്നു. ആ ഗ്രാമത്തിലെ മറ്റ്‌ സ്‌ത്രീകള്‍ അന്തംവിടുമ്പോഴും അമ്മ അവള്‍ക്ക്‌ തുണയുണ്ട്‌. അമ്മ അവളെ നീന്തല്‍ പഠിപ്പിക്കുന്നു. അച്ഛന്‍ ഗ്രാമത്തിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിച്ചതാണ്‌.

അമ്മ വളര്‍ത്തിയ മക്കളാണവര്‍ എന്നതാണ്‌ അവരുടെ ജീവിതത്തിന്റെ കരുത്തിന്‌ നിദാനമെന്ന്‌ ചെറിയ ചെറിയ മുഹുര്‍ത്തങ്ങളിലൂടെ സിനിമ പറയുന്നു. അവളുടെ സ്വപ്‌നങ്ങളുടെ കാഴ്‌ച്ചക്കാരിമാത്രമല്ല ആ അമ്മ. സ്വ്‌പ്‌നങ്ങള്‍ അടഞ്ഞുപോയ ആ സ്‌ത്രീ തന്റെ മകളിലൂടെ വേറെ ചില ആകാശങ്ങള്‍ കീഴടക്കുന്നത്‌ പോലെ തോന്നും.

നഗരത്തിലൊരു റിപ്പയര്‍ കടയില്‍ ഗിത്താര്‍ കാണുന്നുവെങ്കിലും ചെറിയ വരുമാനക്കാരിയായ അവര്‍ക്ക്‌ അത്രയും വില താങ്ങാവതല്ല. പക്ഷേ ഒടുവിലത്‌ സംഭവിക്കുക തന്നെ ചെയ്യുന്നു. ഗ്രാമത്തിലേക്ക്‌ മകളുടെ ഏറ്റവും വലിയ ആഗ്രഹമായ ഗിത്താറുമായി വരുന്നതും പെണ്‍കുട്ടി ഗ്രാമത്തിന്റെ ആകാശത്തിന്‌ കീഴെ നിന്ന്‌ അത്‌ മീട്ടുന്നതിലുമാണ്‌ സിനിമ തീരുന്നത്‌.

മനുഷ്യരുടെ ഇല്ലായ്‌മകള്‍ക്കും ലാളിത്യങ്ങള്‍ക്കുമൊപ്പം പ്രകൃതിയോട്‌ ചേര്‍ന്ന്‌ നിന്നുപാടുന്നൊരു ഗ്രാമീണ ഗാനം പോലെയാണ്‌ ഈ സിനിമ. പ്രകൃതിയാണ്‌ ഈ സിനിമയുടെ കരുത്ത്‌. തങ്ങളുടെ മനോഹരമായ ഗ്രാമീണ പ്രകൃതി സ്വാതന്ത്ര്യവും ഒപ്പം തന്നെ തടവുമാണ്‌ ഇവിടുത്തെ മനുഷ്യര്‍ക്ക്‌.

അസ്സം ഗ്രാമങ്ങളുടെ ശാപമായ വെള്ളപ്പൊക്കവും പലായനവുമെല്ലാം സിനിമ കാണിക്കുന്നുണ്ട്‌. പെണ്‍കുട്ടി അവിടെയെല്ലാം നിസ്സഹായ പ്രതീകങ്ങളാക്കാതെ പ്രവര്‍ത്തിക്കുന്നൊരു സാന്നിധ്യമായാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. സത്രീ അവിടെയൊരു കണ്ണീര്‍ ബിംബമല്ല. പ്രതിരോധത്തിന്റെ മറ്റൊരു പേരായാണ്‌ മുഴങ്ങുന്നത്‌.

ഗ്രാമത്തിന്റെയും ജീവിതത്തിന്റെയും പല പ്രതിസന്ധികളിലും അവര്‍ക്ക്‌ ആത്മാവിഷ്‌ക്കാരത്തിന്റെയോ ആത്മാപാപനത്തിന്റെയോ ഒരു ഗിത്താര്‍ സ്വപ്‌നം കാണാന്‍ ഒരു പ്രയാസവുമില്ല. സിനിമയുടെ ഭംഗികള്‍ അതൊക്കെയാണ്‌. സ്‌ത്രീ വിമോചന ചിന്തകളുടെ മുദ്രാവാക്യപരതയിലേക്കൊന്നും വീഴാതെ എന്നാല്‍ ജീവിതത്തിന്റെ ശക്തികൊണ്ടുള്ള ഒരു സത്രീപക്ഷ സമര ആവിഷ്‌ക്കാരം തന്നെയാവുകയാണ്‌ റിമാദാസിന്റെ ദി വില്ലേജ്‌ റോക്ക്‌സ്‌റ്റാര്‍.

സ്‌ത്രീ ജീവിതം പറയാന്‍ ഒരു സ്‌ത്രീ തന്നെ നേരിട്ട്‌ ക്യാമറ കൈയ്യിലെടുക്കുന്നതിന്റെ ഇടിമിന്നല്‍ പോലുള്ള മുഴക്കം ഈ സിനിമയ്‌ക്കുണ്ട്‌. ക്യാമറാ അധികാരത്തിനെതിരെ തോക്കാക്കിപ്പിടിക്കുന്നത്‌ പോലെ- അത്‌ ആണധികാരമായാലും ഏതുവിധ അധികാരമായാലും-ഈ സിനിമ ആഴത്തില്‍ അനുഭവപ്പെടുത്തുന്നുണ്ട്‌.

സൗമ്യമെങ്കിലും ദൃഡമാണ്‌ അവിടെ ഓരോ ഫ്രെയ്‌മും. ലളിതമെങ്കിലും തീവ്രമാണ്‌ അതിന്റെ ആന്തരീക ദൃശ്യ ഭാവം. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ ജീവിതത്തിന്റെ അടയാളങ്ങളെ കൂടെപ്പിടിച്ചാണ്‌ സംവിധായിക തന്റെ പക്ഷം പ്രഖ്യാപിക്കുന്നത്‌.

ഒരു സ്‌ത്രീ ഒറ്റയ്‌ക്കൊരു പോരാട്ടം പോലെ എടുത്ത സിനിമയാണ്‌ ശരിക്കും ദി വില്ലേജ്‌ റോക്ക്‌ സ്‌റ്റാര്‍. റിമാ ദാസ്‌ തന്നെയാണ്‌ തിരക്കഥയും ക്യാമറയും എഡിറ്റുമെല്ലാം നിര്‍വ്വഹിച്ചത്‌. ഒരു പുതിയ സിനിമാ എടുപ്പിന്റെ സംസ്‌കാരമാണ്‌ അവര്‍ പഠിപ്പിക്കുന്നത്‌.

സിനിമയുടെ പ്രമേയാധികാരങ്ങളെ മാത്രമല്ല, മൂലധന സാങ്കേതികാധികാരങ്ങളെല്ലാം ഇവിടെ തകര്‍ന്ന്‌ വീഴുന്നു. ചിത്രീകരണത്തിന്റെ പലതരം പരിവാരങ്ങളും ആര്‍ഭാടങ്ങളുമെല്ലാം പാടേ ഒഴിവാക്കി പലപ്പോഴുും ഗ്രാമത്തിലേക്ക്‌ തന്റെ കാനണ്‍ ഫൈവ്‌ ഡിയുമായി ഒറ്റയ്‌ക്ക്‌ പോയായിരുന്നു ഷൂട്ടെന്ന്‌ റിമ കൈരളി ന്യൂസ്‌ ഓണ്‍ലൈനിനോട്‌ പറഞ്ഞു. സിനിമയ്‌ക്ക്‌ ഒരു സ്റ്റോറി ബോര്‍ഡ്‌ പോലും ഉണ്ടായിട്ടില്ല.

സിനിമ അങ്ങനെ ഗ്രാമത്തില്‍ അതിന്റെ വഴിക്ക് സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. പ്രകൃതിയുടെ വെളിച്ചമല്ലാതെ മറ്റൊരു വെളിച്ചവും സ്വീകരിച്ചിട്ടില്ല. അല്ലെങ്കിലും മറ്റൊന്നിനുമുള്ള പണവുമില്ല. ചില കസിന്‍ സഹോദരങ്ങളാണ്‌ ഇടയ്‌ക്ക്‌ സഹായത്തിനുണ്ടായത്‌.

പ്രധാന കഥാപാത്രമായ പെണ്‍കുട്ടിയെ ഗംഭീരമാക്കിയ ഭനിത ദാസ് ഒരു കസിന്‍ സഹോദരിയാണ്‌ മറ്റ്‌ അഭിനേതാക്കളെല്ലാം ഛായ്‌ഗോണ്‍ എന്ന ഗ്രാമത്തിലെ സാധാരണ മനുഷ്യരാണ്‌. സിനിമ എടുപ്പ്‌ തനിക്ക് പണത്തിനോ ഗ്ലാമറിനോ ഉള്ള പരിപാടിയല്ല. സിനിമാ നിര്‍മ്മാണത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും ഇന്ന്‌ നില നില്‍ക്കുന്ന പല്‌ മതിലുകളും തകര്‍ത്തെറിയുക എന്നതാണ്‌ മോഹമെന്നും റിമ ദാസ്‌ പറയുന്നു.

ടോറന്റോ ഇന്റര്‍നാഷനല്‍ ചലച്ചിത്രമേളയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ റിമാ ദാസിന്റെ ദി വില്ലേജ്‌ റോക്ക്‌ സ്‌റ്റാര്‍. ഗോവ മേളയ്‌ക്ക്‌ മുമ്പ്‌ മുംബൈ മേളയിലും ചിത്രം പ്രക്ഷകപ്രീതി നേടിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here