എന്റെ തല എന്റെ ഫിഗറ്; മോദി പുറത്തിറക്കിയ ഭരണഘടനാ വീഡിയോയുടെ ചെകിട്ടത്തടിച്ച് സോഷ്യല്‍ മീഡിയ; ഭരണഘടന ഉണ്ടാക്കിയവര്‍ എവിടെയെന്നും ചോദ്യം

ദില്ലി: രാജ്യം ഇന്നലെ ദേശീയ നിയമ ദിനം ആചരിച്ചിരുന്നു. രാജ്യത്തിന്റെ ഭരണഘടനക്ക് അംഗീകാരം നല്‍കിയ ദിവസമായതിനാലാണ് നിയമ ദിനമായി നവംബര്‍ 26 തെരഞ്ഞെടുക്കാന്‍ കാരണം.

ഭരണഘടനയുടെ മഹത്വം വര്‍ണിക്കപ്പെടുന്ന ദിനം കൂടിയാണിത്. മഹത്തായ ഭരണഘടന രാജ്യത്തിന് സമര്‍പ്പിച്ചവരേയും അത് വിഭാവനം ചെയ്തവരേയും ആദരിക്കേണ്ട ദിനം.

എന്നാല്‍ ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി പുറത്തിറക്കിയ വിഡിയോ ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചയാകുകയാണ്.ഭരണഘടനാ ദിനത്തിന്റെ മഹത്വം വര്‍ണിക്കുന്നതു തന്നെയാണ് മോദിയുടെ വീഡിയോ.

എന്നാല്‍ എന്റെ തല എന്റെ ഫിഗറ് എന്നു പറയുന്നതുപോലെ മോദിമാത്രമാണ് വീഡിയോയിലുള്ളത്. ഭരണഘടനാ ശില്‍പ്പിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും രാജ്യത്തിന് സ്വാതന്ത്യം നേടിത്തന്നവരുമൊന്നും മോദിയുടെ വീഡിയോയിലില്ല.

ട്വിറ്ററില്‍ മോദി പോസ്റ്റ് ചെയ്ത വീഡിയോക്ക് സോഷ്യല്‍ മീഡിയ ചെകിട്ടത്തടി നല്‍കിയെന്നു തന്നെ പറയാം. മഹാത്മാ ഗാന്ധിയും അംബേദ്കറും ജവാഹര്‍ലാല്‍ നെഹ്‌റുവുമൊന്നും ഭരണഘടനയ്ക്കും രാജ്യത്തിന്റെ സ്വാതന്ത്യത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ലേയെന്നാണ് സോഷ്യല്‍മീഡിയയിലുയരുന്ന ചോദ്യം.

ദില്ലിയിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന മോദി, ലോക്‌സഭയില്‍ പ്രസംഗിക്കുന്ന മോദി, പട്ടാളക്കാര്‍ക്കിടയിലൂടെ നടക്കുന്ന മോദി, ഓടുന്ന മോദി, വേഗത്തില്‍ സഞ്ചരിക്കുന്ന മോദി, ആള്‍ക്കൂട്ടത്തെ നോക്കി കൈവീശുന്ന മോദി, കൈകൂപ്പി നടന്നുവരുന്ന മോദി എന്റമ്മോ അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോദിയാണ് വീഡിയോയില്‍. എവിടെ നോക്കിയാലും മോദിമാത്രം. ഒരു ലോഡ് കുമ്പിടിയാണെന്ന് തോന്നുവരെ കുറ്റം പറയാനാകില്ല.

ഭരണഘടന രൂപീകരണവും മോദിയുമായുള്ള ബന്ധം എന്താണെന്നുമാത്രം ആര്‍ക്കും മനസ്സിലായിട്ടില്ല. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നശേഷം ജനിച്ച മോദി ഇത്രയ്ക്ക് അല്‍പ്പനായിപ്പോയോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

പ്രമുഖ മാധ്യമപ്രവര്‍ത്തകയും ദ ഹിന്ദുവിന്റെ ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററുമായ സുഹാസിനി ഹൈദര്‍ അടക്കമുള്ളവര്‍ മോദിയുടെ അല്‍പ്പത്തരതിതിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News