സ്ത്രീക്ക് അവളുടെ ജീവിതം നിശ്ചയിക്കാന്‍ അവകാശമുണ്ട്, ഹാദിയയുടെ നിലപാടാണ് കോടതി അറിയേണ്ടത്’; എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമെന്നും കപില്‍ സിബല്‍

ദില്ലി: ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിശ്ചയിക്കാന്‍ അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍.

തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്. വ്യക്തി സ്വാതന്ത്ര്യപ്രശ്‌നത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഹാദിയയുടെ നിലപാടാണ് സുപ്രീംകോടതി അറിയേണ്ടതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്‍ഐഎ അന്വേഷണം കോടതിയലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളാണ് കോടതിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്നതെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഷെഫീന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അശോകന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു.

ഭീകരസംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സിയോട് ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും ശ്യാം അവകാശപ്പെട്ടു. ജഡ്ജിമാരും ഹാദിയയും തമ്മില്‍ സംസാരിക്കണമെന്നും തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍ കോടതിയില്‍ പറഞ്ഞു.

കേസിന് സാമുദായിക മാനങ്ങളുണ്ട്. അതിനാല്‍ ഹാദിയയുടെ വാദം രഹസ്യവാദം തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നും അഭിഭാഷകന്‍ ശ്യാം ആവശ്യപ്പെട്ടു.

ഹാദിയക്ക് ഇസ്ലാമിക ആശയങ്ങള്‍ അടിച്ചേല്‍പിച്ചത് സൈനബയാണെന്നും മതപരിവര്‍ത്തനത്തിനായി വലിയ ശൃംഖലയുണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.

കേസില്‍ നാളെയും വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here