മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുളള സര്‍ക്കാര്‍ സഹായം വര്‍ദ്ദിപ്പിക്കും

തിരുവനന്തപുരം: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുളള സഹായം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇവരുടെ കുടുംബത്തിന് വര്‍ഷത്തില്‍ 28,500 രൂപ നല്‍കിവരുന്നുണ്ട്. ഇത് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തുക വര്‍ദ്ധിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. സ്പീച്ച്, ഫിസിയോ, ഓക്യുപേഷന്‍ തെറാപിസ്റ്റുകളുടെ സേവനം പലര്‍ക്കും ലഭ്യമാവാത്ത സ്ഥിതിയാണ.്

ഇക്കാര്യം പരിഹരിക്കാന്‍ ഈ സേവനങ്ങള്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നല്‍കും. കുട്ടികള്‍ക്കാവശ്യമായ പരിചരണം നല്‍കുന്നതില്‍ വൈഭവമുളളവരെ കണ്ടെത്തി സ്വകാര്യ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കു കൂടി ഈ സൌകര്യം ലഭ്യമാക്കാനാകണം.

ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്നവരെ സംരക്ഷിച്ചുകൊണ്ടാകണം. കുട്ടികളുടെ നൈപുണ്യവികസനം മെച്ചപ്പെടുത്താനും പുനരധിവാസം ഉറപ്പുവരുത്താനുമുളള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ഒരു മാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here