കേന്ദ്രം അടച്ചു പൂട്ടാന്‍ ശ്രമിച്ച പൊതുമേഖലാ സ്ഥാപനം ഏറ്റെടുക്കാന്‍ കേരളം; തടയാന്‍ ശ്രമിച്ച് ബിജെപി തൊഴിലാളി സംഘടന ബിഎംഎസ്

 പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അട്ടിമറിക്കാന്‍ ബിജെപി തൊഴിലാളി സംഘടനയായ ബിഎംഎസ് ശ്രമിക്കുന്നതായി ആരോപണം. ബിഎംഎസിന്റെ നിലപാട് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് എംബി രാജേഷ് എംപി പറഞ്ഞു.

വിവിധ കമ്പനികള്‍ക്ക് വേണ്ടി വാല്‍വുകള്‍ നിര്‍മിക്കുന്ന കേന്ദ്രപൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ തൊഴിലാളി താത്പര്യം മുന്‍നിര്‍ത്തി സ്ഥാപനം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു.

രാജസ്ഥാനിലെ മാതൃസ്ഥാപനമായ കോട്ട യൂണിറ്റ് അടച്ചുപൂട്ടുന്നതോടൊപ്പം പാലക്കാട് യൂണിറ്റും അടച്ചുപൂട്ടാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

എന്നാല്‍ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. കാലങ്ങളായി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും അവശേഷിക്കുന്ന തുക കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാനുമായിരുന്നു തീരുമാനം.

40 കോടി രൂപയോളം തൊഴിലാളികളുടെ മുടങ്ങിക്കിടങ്ങുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ ആവശ്യമാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ കൈമാറ്റം നടത്തരുതെന്നാവശ്യപ്പെട്ട് ബിഎംഎസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കൈമാറ്റ നടപടികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തി ആനുകൂല്യം നേടിയെടുക്കുന്നതിന് പകരം കാര്യങ്ങള്‍ കോടതിയിലെത്തിച്ചത് കൈമാറ്റ നടപടികള്‍ അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായി എംബി രാജേഷ് എംപി പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പാലക്കാട് യൂണിറ്റ് 163 കോടി രൂപ അറ്റായാദമുണ്ടാക്കിയിരുന്നു. കൈമാറ്റ നടപടികള്‍ വേഗത്തിലാക്കണമെന്നും ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് മറ്റ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News