കുഞ്ഞു മനസിന് നല്‍കിയ വാക്കു പാലിച്ച് ജയസൂര്യ; ഗോകുലിന് ഇത് ആനന്ദനിമിഷം

ആനകൊടുത്താലും ആശ കൊടുക്കരുത് എന്ന് മലയാളത്തില്‍ ചൊല്ലുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് നാം നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് അവരുടെ മനസില്‍ ഒരു വേദനയായി കിടക്കും. ആനയോളമുള്ള ആശ സാധിച്ചു കൊടുക്കാന്‍ സാധിച്ചാലോ അവരുടെ ആ സന്തോഷം വിവരിക്കാന്‍ കഴിയില്ല

നടന്‍ ജയസൂര്യ അങ്ങനെ ഒരു വാക്കു പാലിച്ചതിന്റെ സന്തോഷത്തിലാണ്, കാഴ്ചശക്തിയില്ലാത്ത നാലാംക്ലാസുകാരന്‍ ഗോകുല്‍രാജിന് സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന് ജയസൂര്യ വാഗ്ദാനം നല്‍കിയിരുന്നു.

രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിച്ച് നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തുന്ന ‘ ഗബ്രി’ എന്ന ചിത്രത്തിലാണ് ഗോകുല്‍ ‘ഗായകനായി’ എത്തുന്നത്.

‘ഞാന്‍ എന്നെങ്കിലും ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ഒരു പാട്ട് ഞാന്‍ നിന്നെക്കൊണ്ട് പാടിക്കും’ കാഴ്ചയില്ലാത്ത നാലാംക്ലാസുകാരന്‍ ഗോകുല്‍രാജിന് നടന്‍ ജയസൂര്യ നല്‍കിയ വാക്കായിരുന്നു ഇത്. സ്വകാര്യ ചാനല്‍ പരിപാടിയില്‍ വെച്ചായിരുന്നു ജയസൂര്യയുടെ വാഗ്ദാനം.

വാക്ക് സത്യമായതിന്റെ സന്തോഷത്തിലാണ് ഗോകുല്‍രാജ് ഇപ്പോള്‍. സ്വന്തമായി ഒരു സിനിമ ചെയ്യുന്നതുവരെ കാത്തുനില്‍ക്കാതെ അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ പാട്ടുപാടാന്‍ അവസരം നല്‍കിയിരിക്കുകയാണ് ജയസൂര്യ.

കാസര്‍ഗോഡ് സ്വദേശിയായ നാലാംക്ലാസുകാരന്‍ കലാഭവന്‍ മണിയുടെ പാട്ടുകള്‍ പാടിക്കൊണ്ടാണ് വേദിയെ കൈയിലെടുത്തത്. കാഴ്ചയില്ലെന്ന കുറവ് ഒട്ടും നിരാശ്ശപ്പെടുത്താത്ത ഗോകുല്‍രാജിന്റെ പ്രസരിപ്പും അതിമനോഹരമായ ശബ്ദവുമെല്ലാം പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ചിരുന്നു.

മണിച്ചേട്ടന്റെ പാട്ടുകളാണ് ഏറെ ഇഷ്ടമെന്ന് പറഞ്ഞ് പാട്ടുപാടി മയക്കിയ ഗോകുല്‍രാജിന് വേദിയില്‍ വെച്ച് ജയസൂര്യ നല്‍കിയ സമ്മാനമായിരുന്നു സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന വാക്ക്. ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News