മംഗളം ഫോണ്‍കെണി കേസ്; എല്ലാ വശവും പരിശോധിക്കാതെ തീര്‍പ്പാക്കാനാകില്ല

കൊച്ചി: ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി.

തിരുവന്തപുരം സിജെഎം കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും തീരുമാനമെന്നും കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട മംഗളം ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയാണ് ഹര്‍ജിനല്‍കിയിട്ടുള്ളത്. തെറ്റിദ്ധാരണ മൂലമാണ് പരാതി കൊടുത്തതെന്നും കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും, കേസ് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്.

വിഷയം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here