ഐഎഫ്എഫ്ഐ; പാര്‍വതി മികച്ച നടി

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വതിയും പ്രത്യേക പുരസ്‌കാരം നേടിയ ടേക്ക് ഓഫും മലയാളത്തിന് അഭിമാനമായി.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയെ മികച്ച നടിയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന് 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നടി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തില്‍ സമീറയെന്ന ഇന്ത്യന്‍ നേഴ്സായി വേഷമിട്ട പാര്‍വതി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജൂറി വിലയിരുത്തി.

പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയ പാര്‍വതി, അന്തരിച്ച സംവിധായകന്‍ രാജേഷ്പിള്ളയുടെ ഓര്‍മ്മകളില്‍ വിതുമ്പി. രാജേഷ്പിള്ളയെന്ന സംവിധായകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ്നാരായണനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ പാര്‍വതി, ചിത്രം നെഞ്ചേറ്റിയ ഓരോ പ്രേക്ഷകരോടുമുള്ള കടപ്പാടും അറിയിച്ചു.

കഴിഞ്ഞ ദിവസം നിറഞ്ഞ കയ്യടികളോടെയാണ് ടേക്ക് ഓഫിന്റെ ആദ്യപ്രദര്‍ശനം ഐനോക്സ് തിയേറ്ററില്‍ നടന്നത്. വിദേശ ചിത്രങ്ങളെ കടത്തിവെട്ടിയാണ് ‘ടേക്ക് ഓഫ്’ ഗോവയിലെത്തിയ സിനിമാ ആസ്വാദകരുടെയും ജൂറിയുടെയും മനം കവര്‍ന്നത്. നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ട ഈ മലയാള ചിത്രത്തിന് മേളയിലെ പ്രധാന പുരസ്‌കാരങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉറപ്പായിരുന്നു.

മേളയില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ഇതുതന്നെയായിരുന്നു. മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പടെ മൂന്ന് വിഭാഗത്തിലാണ് ടേക്ക് ഓഫ് മാറ്റുരച്ചത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കും യുനസ്‌കോയുടെ ഗാന്ധി മെഡലിനായും ചിത്രം മത്സരിച്ചു.

കമല്‍ഹാസന്റെ വിശ്വരൂപം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായി തിളങ്ങിയ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ഗോവന്‍ ചലച്ചിത്രമേളയില്‍ ലഭിച്ചത്. യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി ഷാജികുമാറുമായി ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News