ഈ ആഡംബരകാറില്‍ കുട്ടികള്‍ തലങ്ങും വിലങ്ങും പടം വരച്ച് കളിച്ചു; സംഭവിച്ചത്

ഒന്നും രണ്ടുമല്ല ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറിലാണ് കുട്ടികള്‍ തലങ്ങും വിലങ്ങും പടം വരച്ച് കളിച്ചത്. വോള്‍വോയുടെ 45 ലക്ഷം രൂപ വിലവരുന്ന പുതിയ എസ് 60 ക്രോസ് കണ്‍ട്രി സെഡാനില്‍ കുട്ടികള്‍ ചുമപ്പും പച്ചയും ഒക്കെ വാരിപ്പൂശുകയായിരുന്നു.

ചില വിരുതന്‍മാര്‍ കാറില്‍ ഏണിയും പാമ്പും വരച്ചു. ചിലര്‍ പൂക്കള്‍ വരയ്ക്കാനുളള ശ്രമം നടത്തി. ചിലര്‍ വോള്‍വോയുടെ ലോഗോ തന്നെ വരച്ചുചേര്‍ത്തു. ഒടുവില്‍ അത്യാഡംബരം നിറഞ്ഞ തൂവെള്ള കാര്‍ നിറങ്ങള്‍കൊണ്ട് നിറച്ചാര്‍ത്തണിഞ്ഞു.

സ്വന്തം കാറില്‍ പൊറല്‍വീണാല്‍ പൊലും ഉടമസ്ഥര്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാലത്താണ് കുട്ടികള്‍ക്ക് കളിക്കാനായി വോള്‍വോ കമ്പനി ഒരു കാറു തന്നെ നല്‍കിയത്.

ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് ബിനാലെയിലായിരുന്നു സംഭവം. കുട്ടികളുടെ കലാപരമായ ഭാവനാശേഷി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

ഇരുപതോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. മിക്കവരും വോള്‍വോ ഉപഭോക്താക്കളുടെ മക്കളാണ്. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വോള്‍വോ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ചായം പൂശിയ കാര്‍ ഒരുദിവസം പ്രദര്‍ശനത്തിനും വെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here