ചരിത്രം രേഖപ്പെടുത്തിയ ഈ ക്ഷണക്കത്ത് ഇന്നും ജ്വലിക്കുന്നു

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് വി.എസ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ വീട്ടില്‍ കെ. വസുമതിയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചുനടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു.

സിപിഐഎം ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പേരിലായിരുന്നു ക്ഷണക്കത്ത്. ഇന്നും ആ കത്തിലെ വിപ്ലവം ജ്വലിക്കുന്നു. ചരിത്രം രേഖപ്പെടുത്തിയ ക്ഷണക്കത്ത്. അന്ന് ആ വിവാഹത്തിനു കതിര്‍മണ്ഡപമൊരുങ്ങിയില്ല. പുടവയും വി.എസ് വസുമതിക്ക് നല്‍കിയില്ല. പരസ്പരം മാലയിടല്‍ മാത്രമായിരുന്നു ആ ചടങ്ങ്.

ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്. രാത്രി ഇരുവരും വാടകവീട്ടിലേക്കും. പിറ്റേന്നു നേരംപുലര്‍ന്നതും പുതുമണവാളന്‍ വി.എസ് മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി, നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടികയറി.

രാഷ്ട്രീയതാല്‍പര്യമൊന്നുമില്ലാതെ, സഖാവിനെ സ്‌നേഹിച്ചും പരിചരിച്ചും വസുമതി നിഴല്‍പോലെ കൂടിയിട്ട് 50 വര്‍ഷം പിന്നിട്ടു.

വിവാഹത്തോടു താല്‍പര്യമില്ലായിരുന്ന വിഎസ്, ഒടുവില്‍ എന്‍.സുഗതന്റെ ഉപദേശം സ്വീകരിച്ചാണു 43-ാം വയസ്സില്‍ അതിനു തയാറായത്. വസുമതിക്ക് അന്ന് വയസ്സ് 29. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നഴ്‌സായിരുന്നു വസുമതി അപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here