ഗോവന്‍ ചലച്ചിത്ര മേളയില്‍ സുവര്‍ണ ചകോരം 120 ബീറ്റ്‌സ് പെര്‍ മിനിറ്റിന്; പാര്‍വ്വതി മികച്ച നടി

പനാജി : 48-ാമത്ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം  ഫ്രഞ്ച് സംവിധായകന്‍ റോബിന്‍ കാംപിലോയുടെ 120 ബീറ്റ്സ് പെര്‍ മിനിറ്റ് എന്ന ചിത്രം സ്വന്തമാക്കി.
സ്വവര്‍ഗ ലൈംഗികതയും എയ്ഡ്സിനെതിരായ പ്രതിരോധ പ്രവര്‍ത്തനവും വിഷയമാക്കിയ ചിത്രമാണ് 120 ബിപിഎം.    ഈ ചിത്രത്തില്‍ ഷോണ്‍ ഡാല്‍മാസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജന്റീനക്കാരനായ നഹേല്‍ പെരസ് ബിസ്കയാര്‍ട്ട് മികച്ച നടന്‍.
എയ്ഞ്ചല്‍സ് വേര്‍ വൈറ്റ് ചിത്രം ഒരുക്കിയ വിവിയന്‍ ക്യുവാണ് മികച്ച സംവിധായിക. കിരോ റുസ്സോയുടെ ഡാര്‍ക്ക് സ്കള്ളിനാണ് മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്ക്കാരം.
ബിപിഎം കാന്‍ ചലച്ചിത്രമേളയില്‍ നാല് അവാര്‍ഡ് നേടിയിരുന്നു. ചൈനീസ് സംവിധായിക വിവിയന്‍ വൈറ്റ് മികച്ച സംവിധായികയ്ക്കുള്ള രജതമയൂരം നേടി. ലൈംഗികപീഡനം നേരിട്ട് കണ്ട ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടിവരുന്ന മാനസികസംഘര്‍ഷം വരച്ചുകാട്ടുന്ന ചൈനീസ് ചിത്രം ഏഞ്ചല്‍സ് വെയര്‍ വൈറ്റിന്റെ സംവിധായികയാണ് വിവിയന്‍ വൈറ്റ്.
ഐസിഎഫ്ടി യുനെസ്കോ ഗാന്ധി അവാര്‍ഡ് മനോജ് കദാമ സംവിധാനം ചെയ്ത മറാത്തി ചിത്രം ക്ഷിതിജ് എ ഹൊറൈസോണ്‍ കരസ്ഥമാക്കി. നവാഗതസംവിധായകനുള്ള രജതമയൂരത്തിന് ബൊളീവിയന്‍ ചിത്രമായ ഡാര്‍ക് സ്കള്‍ സംവിധാനം ചെയ്ത കീരോ റൂസോ അര്‍ഹനായി.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കനേഡിയന്‍ സംവിധായകന്‍ ആറ്റം ഇഗോയാനും ഇന്ത്യയിലെ ചലച്ചിത്രവ്യക്തിത്വത്തിനുള്ള പുരസ്കാരം നടന്‍ അമിതാഭ് ബച്ചനും സമ്മാനിച്ചു. 40 ലക്ഷം രൂപയാണ് സുവര്‍ണ ചകോരം പുരസ്ക്കാര ചിത്രത്തിന് ലഭിക്കുക. ഇത് സംവിധായകനും നിര്‍മ്മാതാവും പങ്കിടും.
മലയാള ചിത്രം ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതിക്കാണ് മികച്ച നടിക്കുള്ള പുരസ്ക്കാരം.
പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പാര്‍വതി പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് സംവിധായകന്‍ രാജേഷ്പിള്ളയുടേതാണ്.
രാജേഷ്പിള്ള എന്ന സംവിധായകന്റെ സ്വപ്നമാണ് ടേക്ക് ഓഫിലൂടെ സാക്ഷാല്‍ക്കരിച്ചത്. അദ്ദേഹത്തിന്റെ സ്വപ്നം നല്ലനിലയില്‍ പൂര്‍ത്തീകരിക്കാന്‍ മഹേഷ് നാരായണന് കഴിഞ്ഞു. സിനിമ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഓരോരുത്തരോടും നന്ദിയും കടപ്പാടുമുണ്ടെന്നും പാര്‍വതി പറഞ്ഞു.
2014ല്‍ ഇറാഖിലെ തിക്രിത്തില്‍ 46 ഇന്ത്യന്‍ നേഴ്സുമാരെ തീവ്രവാദികള്‍ തടങ്കലിലാക്കിയതിനെ ആസ്പദമാക്കിയാണ് ടേക്ക് ഓഫ് ഒരുക്കിയത്. ചിത്രത്തില്‍ സമീറയെന്ന മലയാളി നേഴ്സായി വേഷമിട്ട പാര്‍വതി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ജൂറി വിലയിരുത്തി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here