മോദി പ്രഭാവത്തിന് ഇളക്കം തട്ടുമെന്ന സൂചനയാണ് ഗുജറാത്തിൽനിന്നുയരുന്നത് – മുരളീധരന്റെ വിശകലനം

അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ സൂറത്തിലെ ടെക്സ്റ്റൈല്‍സ് വ്യാപാരികളാണ് താമരയ്ക്ക് (ബിജെപി) വോട്ട് ചെയ്തത് തങ്ങള്‍ക്ക് പറ്റിയ തെറ്റാണെന്ന മുദ്രാവാക്യം ഗുജറാത്തില്‍ ആദ്യമായി മുഴക്കിയത്. ഇന്ന് ആ മുദ്രാവാക്യം ഗുജറാത്തിലാകെ അലയടിക്കുകയാണ്. ‘മോഡി പ്രഭാവ’ത്തിന് ഇളക്കംതട്ടുമെന്ന സൂചനയാണ് ഗുജറാത്തില്‍നിന്ന് ഉയരുന്നത്.

മോഡിയുടെ ആത്മവിശ്വാസവും ‘പ്രഭാവവും’ ഇതിനോടകം നഷ്ടപ്പെട്ടു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുംമുമ്പ് ഫലപ്രഖ്യാപന ദിവസം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന കമീഷന്റെ വാദവും സംശയാസ്പദമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ കനിവുകൊണ്ട് ലഭിച്ച ഈ അവസരം 11,000 കോടിയോളം രൂപയുടെ ക്ഷേമപദ്ധതി പ്രഖ്യാപിച്ചാണ് ബിജെപി സര്‍ക്കാര്‍ മുതലെടുത്തത്.

സര്‍ക്കാരിനെതിരെ തിരിഞ്ഞ ജനങ്ങളെ പ്രീണിപ്പിക്കാനുള്ള അവസരമായി ബിജെപി ഇതിനെ ഉപയോഗിച്ചു. കഴിഞ്ഞ കുറെ വര്‍ഷമായി നാഥനില്ലാതെ കിടന്ന 18 ബോര്‍ഡ്- കോര്‍പറേഷന്‍ തലപ്പത്തേക്ക് നിയമനം നടത്താനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 10 മിനിറ്റിനുള്ളില്‍ 530 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്.

ഗുജറാത്തില്‍ ബിജെപി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിലേക്ക് വെളിച്ചംവീശുന്ന നടപടികളാണ് വിവിധ കോണുകളില്‍നിന്നുണ്ടായത്. ബിജെപിയുടെ പുതിയ പ്രഖ്യാപനങ്ങളെ ജനം പുച്ഛിച്ച് തള്ളുകയും ചെയ്തു. ബിജെപിയുടെ അവകാശവാദങ്ങള്‍ക്കും പുത്തന്‍ വാഗ്ദാനങ്ങള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലും നിശിത വിമര്‍ശമാണ് ഉയരുന്നത്.

ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോകേണ്ട ആവശ്യമില്ലെന്നും ബിജെപിയുടെ ജയം സുനിശ്ചിതമാണെന്നും ആത്മവിശ്വാസത്തോടെ പറയുന്ന പ്രധാനമന്ത്രി മോഡിക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഈ അഭിപ്രായമില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തില്‍ ബിജെപി നേതൃത്വത്തില്‍ നടന്ന ‘ഗൌരവ് യാത്ര’യ്ക്ക് സംസ്ഥാനത്തുടനീളം ലഭിച്ച തണുത്ത പ്രതികരണം മോഡിയുടെയും ബിജെപിയുടെയും ശക്തി ക്ഷയിച്ചതിന്റെ സൂചകമാണ്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത സൂറത്തിലെ പൊതുപരിപാടി തടസ്സപ്പെട്ടതും അടുത്തിടെയാണ്.

ഗുജറാത്തിലെ കര്‍ഷകര്‍ക്കിടയില്‍ സര്‍ക്കാര്‍വിരുദ്ധ വികാരവും അസംതൃപ്തിയും വ്യാപകമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ദയാഭായി ഗജീര പറഞ്ഞു. 20 കിലോ നിലക്കടലയ്ക്ക് 1500 രൂപ താങ്ങുവില നല്‍കുമെന്ന് 2014ലെ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോഡി ഉറപ്പുനല്‍കി. എന്നാല്‍, കര്‍ഷകര്‍ക്ക് 750 രൂപമാത്രമാണ് ലഭിക്കുന്നത്. സോയാബീന്‍, പരുത്തി തുടങ്ങി വിവിധ മേഖലയിലുള്ള കര്‍ഷകര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയുടെ പകുതിപോലും ലഭിക്കുന്നില്ല.

വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പിന് ഇരയായതും കര്‍ഷകരോഷം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിപ്രകാരം തങ്ങള്‍ക്ക് വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാതിരിക്കുന്നതായും അപൂര്‍വമായി ചിലര്‍ക്ക് ലഭിക്കുന്നത് നാമമാത്ര തുകമാത്രമാണെന്നും വിവിധ ജില്ലകളിലെ കര്‍ഷകര്‍ പരാതിപ്പെടുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന പ്രീമിയം അടച്ചിട്ടും തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. സൌരാഷ്ട്രമേഖലയിലെ ജാംനഗര്‍, രാജ്കോട്ട്, ജുനഗഡ്, അമ്രേലി ജില്ലകളില്‍ കര്‍ഷകര്‍ക്കിടയില്‍ ഇത്തരം പരാതി വ്യാപകമാണ്.

രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാനാകാത്തതാണ് ബിജെപി നേരിടുന്ന മറ്റൊരു വെല്ലുവിളി. സൌരാഷ്ട്രയിലെ നിരവധി മുനിസിപ്പല്‍ ഏരിയകളില്‍ കടുത്ത കുടിവെള്ളക്ഷാമമുണ്ട്. പലയിടങ്ങളിലും ആഴ്ചയിലൊരിക്കലാണ് പൈപ്പ് വെള്ള വിതരണം നടക്കുന്നത്. രാജ്കോട്ട് ജില്ലയിലെ ഉപ്ലേറ്റയില്‍ മൂന്നുദിവസത്തില്‍ ഒരിക്കലാണ് വെള്ളം ലഭിക്കുന്നത്. നര്‍മദനദിയില്‍നിന്ന് കനാലുകളിലൂടെ വെള്ളമെത്തിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന ബിജെപി സര്‍ക്കാരിന്റെ വാഗ്ദാനം ഇന്നും വാഗ്ദാനമായി നിലനില്‍ക്കുകയാണ്.

നോട്ട് നിരോധനത്തിന്റെ ഭാഗമായി വ്യാവസായികമേഖലയിലുണ്ടായ മാന്ദ്യവും ബിജെപിക്ക് തിരിച്ചടിയാകും. നോട്ട് നിരോധനത്തിനുശേഷം തന്റെ ഫാക്ടറിയുടെ ഉല്‍പ്പാദനക്ഷമതയുടെ പകുതിപോലും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് ജാംനഗറിലെ പിച്ചളനിര്‍മാണ വ്യവസായി ബാതൂക് ദൊബാരിയ പറഞ്ഞു. ഒരു വര്‍ഷംമുമ്പാണ് ദൊബാരിയ ഫാക്ടറി വിപുലീകരിച്ചത്.

ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ഫാക്ടറി ഉടന്‍ പൂട്ടേണ്ടിവരുമെന്ന് അദ്ദേഹം വേവലാതിപ്പെടുന്നു. ദീപാവലി സീസണിലാണ് സാധാരണ കൂടുതല്‍ കച്ചവടം നടക്കാറുള്ളതെന്നും എന്നാല്‍ ഇക്കൊല്ലം തണുത്ത പ്രതികരണമാണുണ്ടായതെന്നും അഹമ്മദാബാദിലെ പ്രിന്റിങ് പ്രസ് ഉടമ അശോക് ഡെഡാനിയ വേവലാതിപ്പെടുന്നു. പൊതുവെ മാന്ദ്യത്തിലായിരുന്ന സാമ്പത്തികമേഖല ജിഎസ്ടി നടപ്പാക്കിയതോടെ കൂടുതല്‍ താറുമാറായിരിക്കുകയാണ്.

ബിജെപിയെ അടിയുറച്ച് പിന്തുണച്ചിരുന്ന കച്ചവടസമൂഹം ഇതിനോടകം അവര്‍ക്കെതിരെ തിരിഞ്ഞു. ജിഎസ്ടിക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും കച്ചവടക്കാര്‍ ഒന്നടങ്കം സംഘടിച്ച ശക്തമായ പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ജൂലൈയില്‍ സൂറത്ത് സാക്ഷ്യം വഹിച്ചത്.

നരേന്ദ്ര മോഡിയുടെ ഉയര്‍ച്ചയ്ക്കനുസരിച്ച് ഗുജറാത്തില്‍ അദാനിയുടെ ബിസിനസ് സാമ്രാജ്യവും വിപുലീകരിക്കപ്പെട്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ അദാനി ഗ്രൂപ്പിന്റെ വരുമാനത്തില്‍ 20 മടങ്ങ് വര്‍ധനയാണുണ്ടായത്. 2002-03 സാമ്പത്തികവര്‍ഷത്തില്‍ 3741 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന അദാനി ഗ്രൂപ്പ് 2014-15 സാമ്പത്തികവര്‍ഷത്തില്‍ 75,659 കോടിയായി ഉയര്‍ത്തി. ഗുജറാത്തില്‍ പ്രത്യേക സാമ്പത്തിക സോണ്‍ കെട്ടിപ്പടുക്കുന്നതിന് സ്ക്വയര്‍ മീറ്ററിന് 1100 രൂപ വിലമതിക്കുന്ന ഭൂമി കേവലം 1.32 രൂപ നിരക്കിലാണ് അദാനി ഗ്രൂപ്പിന് ഗുജറാത്ത് സര്‍ക്കാര്‍ കൈമാറിയത്. ഈ ഇടപാടിലൂടെമാത്രം സംസ്ഥാന ഖജനാവിന് നഷ്ടപ്പെട്ടത് 6546 കോടി രൂപയാണ്.

ചെറുന്യൂനപക്ഷത്തിനുമാത്രം നേട്ടമുണ്ടാകുന്ന ‘വികസന’നയങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. മഹാഭൂരിപക്ഷം ജനങ്ങളും ഇതില്‍ അതൃപ്തരാണ്. പൊതുവിദ്യാഭ്യാസരംഗം തകര്‍ന്നതോടെ വിദ്യാഭ്യാസച്ചെലവ് ഗണ്യമായി വര്‍ധിച്ചതും തൊഴിലില്ലായ്മയും ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുന്ന ഘടകങ്ങളാണ്. ഗുജറാത്ത് ജനസംഖ്യയില്‍ 16 ശതമാനം വരുന്ന കരുത്തരായ പട്ടീദാര്‍വിഭാഗവും ബിജെപിക്കെതിരെ തിരിഞ്ഞുകഴിഞ്ഞു. പട്ടീദാര്‍വിഭാഗത്തിന്റെ അടിയുറച്ച പിന്തുണയായിരുന്നു ഗുജറാത്തില്‍ ബിജെപിയുടെ കരുത്ത്. ഹര്‍ദിക് പട്ടേല്‍ എന്ന യുവ നേതാവിന്റെ കീഴില്‍ പട്ടീദാര്‍വിഭാഗം സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.

അഴിമതിയില്‍ മുങ്ങിയ ആഭ്യന്തരവകുപ്പിന്റെ തെറ്റായ സമീപനംമൂലം ഗുജറാത്തില്‍ മദ്യം യഥേഷ്ടം ലഭ്യമാകുന്നതിനെതിരെ ഒബിസി നേതാവ് അല്‍പ്പേഷ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധം അലയടിച്ചു. ഒബിസിവിഭാഗക്കാര്‍ക്കിടയില്‍ മദ്യത്തിന്റെ ഉപയോഗം കൂടാന്‍ കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് അദ്ദേഹം പറയുന്നു. ദളിത് വിഭാഗത്തിനിടയിലും സര്‍ക്കാര്‍വിരുദ്ധ വികാരം അലയടിക്കുന്നുണ്ട്. പൊതുജനമധ്യത്തില്‍ പൊലീസിന്റെ കണ്‍മുന്നില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് ഗാന്ധിനഗറില്‍ നടന്ന ദളിത് മുന്നേറ്റം സര്‍ക്കാരിന് കനത്ത താക്കീതായി. ജിഗ്നേഷ് മെവാനിയെന്ന നേതാവിനു കീഴില്‍ ദളിത് വിഭാഗം ഒന്നടങ്കം അണിനിരക്കുന്നതാണ് പിന്നീട് കണ്ടത്.

വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അതൃപ്തിയുടെ പ്രതിഫലനമാണ് 2015ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 44 ശതമാനം വോട്ട് നേടി ആറ് സീറ്റില്‍ ബിജെപി ഒതുങ്ങിയപ്പോള്‍ 48 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 24 സീറ്റ് നേടി. താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് തിരിച്ചടിയായി. 42 ശതമാനം വോട്ട് നേടിയ ബിജെപി 67 സീറ്റ് നേടിയെങ്കിലും കോണ്‍ഗ്രസ് 134 സീറ്റില്‍ വിജയിച്ചു. 46 ശതമാനം വോട്ട് നേടാനും കോണ്‍ഗ്രസിനായി. ഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞത് തിരിച്ചടിയായി. ഇത്തരം തിരിച്ചടികള്‍ തരണംചെയ്ത് മുന്നേറാന്‍ സംസ്ഥാനതലത്തില്‍ മികച്ച നേതൃത്വമില്ലാത്തതും ബിജെപിയെ കുഴയ്ക്കുന്നുണ്ട്.

സംസ്ഥാനത്ത് ചില ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള സിപിഐ എമ്മിന്റെ മുഖ്യ അജന്‍ഡ ബിജെപിയെ പരാജയപ്പെടുത്തലാണെന്ന് കേന്ദ്രകമ്മിറ്റി അംഗവും ഗുജറാത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ അരുണ്‍ മേത്ര പറഞ്ഞു.

2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 48 ശതമാനം വോട്ട് നേടാനും അവര്‍ക്കായി. 39 ശതമാനം വോട്ടോടെ കോണ്‍ഗ്രസ് കേവലം 61 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. 2012 തെരഞ്ഞെടുപ്പോടെയാണ് ‘മോഡി തരംഗം’ രാജ്യത്ത് അനുഭവപ്പെട്ട് തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഡിസംബര്‍ 18ന് ഗുജറാത്തിലെ 4.33 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതോടെ മോഡിയുടെ പതനത്തിന് തുടക്കമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News