രഞ്ജി ക്വാര്‍ട്ടറില്‍ കേരളത്തിന്‍റെ എതിരാളികള്‍ കരുത്തരായ വിദര്‍ഭ; പോരാട്ടം ഡിസംബര്‍ 7 മുതല്‍; കേരളത്തിന്‍റെ സാധ്യത ഇങ്ങനെ

മുംബൈ: രഞ്ജി ട്രോഫി അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ക്വാര്‍ട്ടര്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയില്‍നിന്ന് അവസാന എട്ടിലെത്തി.

ഗ്രൂപ്പ് എയില്‍നിന്ന് കര്‍ണാടകം, ഡല്‍ഹി ഗ്രൂപ്പ് സിയില്‍നിന്ന് മധ്യപ്രദേശ്, മുംബൈ, ഗ്രൂപ്പ് ഡിയില്‍നിന്ന് വിദര്‍ഭ, ബംഗാള്‍ എന്നീ ടീമുകളും നോക്കൌട്ടിലേക്ക് കടന്നു. ഡിസംബര്‍ 7 മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

ഗ്രൂപ്പ് എയില്‍ ആറ് കളിയില്‍ നാല് ജയവും രണ്ട് സമനിലയുമായി 32 പോയിന്റ് നേടിയ കര്‍ണാടകം ഒന്നാമതായി. മൂന്നുവീതം ജയവും സമനിലയുമായി ഡല്‍ഹി 27 പോയിന്റ് നേടി.

ഗ്രൂപ്പ് സിയില്‍ 21 പോയിന്റോടെയാണ് മധ്യപ്രദേശ് ഒന്നാമതായത്. ആറില്‍ മൂന്ന് ജയവും ഒരു തോല്‍വിയും രണ്ട് സമനിലയും. അത്രതന്നെ പോയിന്റ് നേടി മുംബൈ രണ്ടാമതായി. രണ്ട് ജയവും നാല് സമനിലയുമാണ് മുംബൈക്ക്.

ആറ് കളിയില്‍ നാല് ജയത്തോടെ 31 പോയിന്റ് നേടിയാണ് വിദര്‍ഭ ഗ്രൂപ്പ് ഡിയില്‍ ഒന്നാമതായത്. ബംഗാള്‍ രണ്ടില്‍ ജയിച്ചപ്പോള്‍ മൂന്നില്‍ സമനിലയായി. ഒരു കളി തോറ്റു. ആകെ 23 പോയിന്റ്.

കരുത്തരായ വിദര്‍ഭയാണ് കേരളത്തിന്‍റെ എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തിയ വിദര്‍ഭ കേരളത്തിന് വലിയ വെല്ലുവിളിയാകും. പക്ഷെ നിലവിലെ ഫോമില്‍ വിദര്‍ഭയെ കീ‍ഴടക്കാന്‍ കേരളത്തിനാകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel