വിടവാങ്ങിയത് സഹകരണരംഗത്തെ കുലപതി

നാല് പതിറ്റാണ്ടോളം കാലം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച ഇ ചന്ദ്രശേഖരന്‍ നായര്‍ സഹകരണ ബാങ്കിങ് രംഗത്തെ കുലപതിയാണ്. കേരളത്തില്‍ ഇന്ന് കാണുന്ന സഹകരണ ബാങ്കിങ് മേഖലയുടെ ശ്രദ്ധേയമായ പല നേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

സംസ്ഥാനത്ത് സഹകരണ നിക്ഷേപസമാഹരണത്തിന് 1976ല്‍ തുടക്കം കുറിച്ചത് ഇ ചന്ദ്രശേഖരന്‍ നായര്‍, സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്.

1957 മുതല്‍ മൂന്ന് പതിറ്റാണ്ടുകാലം കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം 1969 മുതല്‍ അഞ്ച് വര്‍ഷക്കാലം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു. 1973 മുതല്‍ 1980 ല്‍ മന്ത്രിയാവും വരെ സംസ്ഥാന സഹകരണത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ ആള്‍ ഇന്ത്യ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്റെ ചെയര്‍മാന്‍, നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ വൈസ് പ്രസിഡന്റ്, പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സിന്റെ കേന്ദ്രകമ്മിറ്റി അംഗം, റസര്‍വ് ബാങ്കിന്റെ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്) രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ഇ ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു.

സഹകരണ സംഘങ്ങളെ സഹകരണബാങ്കായി ഉയര്‍ത്തി സഹകരണബാങ്കിങ് മേഖലയ്ക്ക് രൂപം നല്‍കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ഇന്ന് സാധാരണ ജങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സഹകരണ ബാങ്കിങ് മേഖല ഇ ചന്ദ്രശേഖരന്‍ നായരുടെ സംഭാവനയാണ്.

1975 ല്‍ ഒരു പ്രാഥമിക സഹകരണസംഘത്തിന്റെ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. അതുതന്നെ നിക്ഷേപമായിരുന്നില്ല. വായ്പ നല്‍കുമ്പോള്‍ നിര്‍ബന്ധിത നിക്ഷേപമായി ത്രിഫ്റ്റ് ഡെപ്പോസിറ്റ് മാറ്റിയെടുക്കുന്നതായിരുന്നു. 1976ല്‍ നിക്ഷേപ സമാഹരണമായി ലക്ഷ്യമിട്ടിരുന്നത് 20 കോടി രൂപാണ്. ആദ്യനിക്ഷേപ സമാഹരണത്തില്‍ 26 കോടി രൂപ പിരിഞ്ഞുകിട്ടി.

ഇന്നിപ്പോള്‍ ഒരു പ്രാഥമിക സഹകരണസംഘത്തിന്റെ ശരാശരി നിക്ഷേപം 40 കോടിയോളം രൂപയായി ഉയര്‍ന്നത്, ഇ ചന്ദ്രശേഖരന്‍ നായരുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ്.

സംസ്ഥാനത്തിന്റെ ഗ്രാമീണ വികസനത്തില്‍ അതിപ്രധാനമായ പങ്ക് വഹിക്കുന്ന ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ ഇ ചന്ദ്രശേഖരന്‍ നായരുടെ സംഭാവനയാണ്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ചന്ദ്രശേഖരന്‍ നായര്‍ ചെയര്‍മാനായി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഇത് ഉണ്ടായത്.

സംസ്ഥാനത്തിന്റെ കാര്‍ഷികോല്‍പ്പാദന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് രൂപം നല്‍കിയത്. ചന്ദ്രശേഖരന്‍ നായര്‍ നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ കോഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

കടപ്പാട്: ജനയുഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News