തിളക്കമാര്‍ന്ന വ്യക്തിത്വം; വ്യക്തിനൈര്‍മല്യത്തിന്റെ മകുടോദാഹരണം

പൊതുജീവിതത്തിലെ വ്യക്തിനൈര്‍മല്യത്തിന്റെ മകുടോദാഹരണമായിരുന്നു ഇ ചന്ദ്രശേഖരന്‍നായര്‍. ചിരിപോലെതന്നെ തിളക്കമാര്‍ന്ന വ്യക്തിത്വം.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കാത്തുസൂക്ഷിച്ചിരുന്ന മിതത്വവും എളിമയും, ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാര്‍ഥതയും അത് അന്യാദൃശമായ വൈഭവത്തോടെ പൂര്‍ത്തീകരിക്കാനുള്ള കഴിവും, പൊതുരംഗത്ത് നില്‍ക്കുന്നവരില്‍നിന്നും ജനം പ്രതീക്ഷിക്കുന്ന ഇത്തരം ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍നിന്നും പൊതുപ്രവര്‍ത്തകര്‍ക്ക് കണ്ട് മനസിലാക്കാവുന്നതാണ്.

ഇടയിലഴികത്ത്, ഈശ്വരപിള്ള ചന്ദ്രശേഖരന്‍ നായര്‍ എന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ ജന്മങ്ങളില്‍ ഒരാളാണ്. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ സഖാവ് ചന്ദ്രശേഖരന്‍ നായര്‍, ആറര പതിറ്റാണ്ടായി സിപിഐയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

1928 ഡിസംബര്‍ രണ്ടിനാണ് സഖാവിന്റെ ജനനം. പിതാവ് കൊല്ലം, എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീല്‍, ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. കൊല്ലം, ഇരുമ്പനങ്ങാട്, മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയാണ് മാതാവ്.

കൊട്ടാരക്കര സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സംസ്‌കൃത ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോദവര്‍മ തിരുമുല്‍പ്പാടിന്റെ കീഴിലായിരുന്നു സംസ്‌കൃത പഠനം.

ഇഎസ്എല്‍സിക്ക് ശേഷം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു ഇന്റര്‍മീഡിയറ്റ് പഠനം. തുടര്‍ന്ന് അണ്ണാമല സര്‍വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമത്തിലും ബിരുദം നേടി.

ബിരുദപഠനത്തിനും നിയമപഠനത്തിനും ഇടയ്ക്ക് ചെറിയൊരു കാലം പിതാവ് സ്ഥാപിച്ച ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ഗണിതാധ്യാപകനായും സേവനമനുഷ്ഠിച്ചു. നിയമപഠനത്തിന് ശേഷവും അധ്യാപകവൃത്തി തുടര്‍ന്നിരുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍, തൊള്ളായിരത്തി അന്‍പത്തിരണ്ടില്‍ അംഗമായ സഖാവ് ചന്ദ്രശേഖരന്‍ നായര്‍, പാര്‍ട്ടി കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തൊള്ളായിരത്തി അന്‍പത്തിയേഴിലും അറുപത്തിയേഴിലും കൊട്ടാരക്കരയില്‍ നിന്നും എഴുപത്തിയേഴിലും എണ്‍പതിലും ചടയമംഗലത്തുനിന്നും എണ്‍പത്തിയേഴില്‍ പത്തനാപുരത്തുനിന്നും തൊണ്ണൂറ്റിആറില്‍ കരുനാഗപള്ളിയില്‍ നിന്നുമടക്കം പത്തൊന്‍പത് വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്നു. മുഖ്യമന്ത്രി സി അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് തൊള്ളായിരത്തി എഴുപതില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

തൊള്ളായിരത്തിഅന്‍പത്തിയേഴില്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. അറുപത്തിയേഴില്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെയും സര്‍വകലാശാലാ ബില്ലിന്റെയും സെലക്ട് കമ്മിറ്റി അംഗമായിരുന്നു. സി എച്ച് മുഹമ്മദ് കോയയുടെ അഭാവത്തില്‍ സര്‍വകലാശാല ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗങ്ങളുടെ അധ്യക്ഷന്‍ ഇ ചന്ദ്രശേഖരന്‍ നായരായിരുന്നു.

മൂന്നാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. തൊള്ളായിരത്തി എഴുപത്തിയേഴ് ഴുപത്തിഒന്‍പതില്‍, അഞ്ചാം കേരള നിയമസഭയില്‍ സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു.

അഞ്ചാം കേരള നിയമസഭയുടെ ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. തൊള്ളായിരത്തി എണ്‍പതില്‍ നിയമസഭ വിഷയനിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെയും തൊണ്ണൂറ്റിഒന്‍പതില്‍ നിയമസഭ വിഷയ നിര്‍ണയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാനും ചന്ദ്രശേഖരന്‍ നായരായിരുന്നു.

198081ല്‍ ഭക്ഷ്യപൊതുവിതരണ ഭവന നിര്‍മാണ വകുപ്പു മന്ത്രിയായി. 198791ല്‍ ഭക്ഷ്യപൊതുവിതരണംമൃഗസംരക്ഷണംക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായി. 19962001ല്‍ ഭക്ഷ്യപൊതുവിതരണംഉപഭോക്തൃകാര്യംവിനോദസഞ്ചാരവികസനംനിയമംമൃഗസംരക്ഷണംക്ഷീരവികസനംക്ഷീരവികസന സഹകരണസംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു.

കേരളവികസന മാതൃക ഇനി എങ്ങോട്ട്? ഹിന്ദുമതം, ഹിന്ദുത്വം, ചിതറിയ ഓര്‍മകള്‍, മറക്കാത്ത ഓര്‍മകള്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമിയുടെ കെ ആര്‍ നമ്പൂതിരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

‘ജനയുഗ’ത്തിന്റെ മാനേജിങ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രശേഖരന്‍ നായര്‍, 2007 മുതല്‍ ജനയുഗം ദിനപത്രത്തില്‍ ‘ഇടപെടല്‍’ എന്ന പംക്തി എഴുതുന്നു. മലയാള മനോരമ ദിനപത്രത്തിലും കുറച്ചുകാലം ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു.

കടപ്പാട്: ജനയുഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News