സൗമ്യ സാന്നിധ്യം; വിടപറഞ്ഞത് കറകളഞ്ഞ നേതാവ്

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍, 1952ല്‍ അംഗമായ സഖാവ് ചന്ദ്രശേഖരന്‍ നായര്‍, പാര്‍ട്ടി കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1957,1967 വര്‍ഷങ്ങളില്‍ കൊട്ടാരക്കരയില്‍ നിന്നും 1977, 1980ലും ചടയമംഗലത്തുനിന്നും എണ്‍പത്തിയേഴില്‍ പത്തനാപുരത്തുനിന്നും തൊണ്ണൂറ്റിആറില്‍ കരുനാഗപള്ളിയില്‍ നിന്നുമടക്കം പത്തൊന്‍പത് വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്നു.

മുഖ്യമന്ത്രി സി അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് തൊള്ളായിരത്തി എഴുപതില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

തൊള്ളായിരത്തിഅന്‍പത്തിയേഴില്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. അറുപത്തിയേഴില്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെയും സര്‍വകലാശാലാ ബില്ലിന്റെയും സെലക്ട് കമ്മിറ്റി അംഗമായിരുന്നു.

തൊള്ളായിരത്തി എണ്‍പതില്‍ നിയമസഭ വിഷയനിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെയും തൊണ്ണൂറ്റിഒന്‍പതില്‍ നിയമസഭ വിഷയ നിര്‍ണയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാനും ചന്ദ്രശേഖരന്‍ നായരായിരുന്നു.

1980-81ല്‍ ഭക്ഷ്യ-പൊതുവിതരണ-ഭവന നിര്‍മാണ വകുപ്പു മന്ത്രിയായി. 1987-91ല്‍ ഭക്ഷ്യ-പൊതുവിതരണം-മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായി. 1996-2001ല്‍ ഭക്ഷ്യ-പൊതുവിതരണം-ഉപഭോക്തൃകാര്യം-വിനോദസഞ്ചാര വികസനം-നിയമം-മൃഗസംരക്ഷണം-ക്ഷീരവികസനം-ക്ഷീരവികസന സഹകരണസംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു.

മാവേലി സ്‌റ്റോറുകള്‍ ആരംഭിച്ചത് അദ്ദേഹം 1987-1991 നായനാര്‍ മന്ത്രി സഭയില്‍ ഭക്ഷ്യ മന്ത്രിയായപ്പോഴാണ്. എന്നാല്‍ മാവേലി സ്‌റ്റോറുകള്‍ക്ക് ബദലായി വാമനന്‍ സ്‌റ്റോറുകള്‍ പ്രതിപക്ഷം ആരംഭിച്ചെങ്കിലും ഇതിന് ആയുസ്സുണ്ടായിരുന്നില്ല.

ആദ്യ ഇഎം എസ് മന്ത്രി സഭയില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. രാഷ്ട്രീയ കേരള നിയമസഭയില്‍ ആറു തവണ എം എല്‍ എയും മൂന്നു തവണ മന്ത്രിയുമായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel