ദിലീപിനെ പിന്തുടര്‍ന്ന് പൊലീസ് ദുബായില്‍; നടിയുടെ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തുക ലക്ഷ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടി ദുബായില്‍ എത്തിയ ദിലീപിന് പിന്നാലെ പൊലീസ് സംഘം.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചന ദുബായില്‍ വച്ച് നടന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് പൊലീസ് ദുബായില്‍ എത്തിയത്.

അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ദിലീപ് നിരീക്ഷണത്തിലാണെന്ന സൂചന അന്വേഷണസംഘം നല്‍കുന്നുണ്ട്.

സ്വന്തം ഹോട്ടലായ ദേ പൂട്ടിന്റെ ഉദ്ഘാടനത്തിനായാണ് ദിലീപ് ഹൈക്കോടതിയുടെ പ്രത്യേകാനുമതിയോടെ ദുബായില്‍ എത്തിയത്. അമ്മ സരോജവും ദിലീപിനൊപ്പമുണ്ട്.

ദിലീപിനെ ദുബായിലേക്ക് പോകാന്‍ അനുവദിക്കുന്നത്, കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന പൊലീസ് വാദം തള്ളിക്കൊണ്ടാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. അതുകൊണ്ട് തന്നെ ദിലീപിന്റെ വിദേശയാത്രയെ സംശയദൃഷ്ടിയോടെയാണ് പൊലീസ് കാണുന്നത്.

യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പൊലീസിനെ ദിലീപ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, താമസിക്കുന്ന സ്ഥലം തുടങ്ങി വിവരങ്ങളും കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here