ബിജെപിയെ തറ പറ്റിക്കാന്‍ ഈ യുവതി; പോരാട്ടം സംഘപരിവാര്‍ ശക്തികേന്ദ്രത്തില്‍

ഗുജറാത്തില്‍ അഭിപ്രായ സര്‍വേകളെല്ലാം ബിജെപിക്ക് വന്‍ വിജയം പ്രവചിക്കുമ്പോഴും സംഘ്പരിവാര്‍ ക്യാമ്പ് ആശങ്കയിലാണ്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സൃഷ്ടിച്ച അസ്വസ്ഥതകളും തുടര്‍ച്ചയായി നടന്ന ദളിത് ഒബിസി പട്ടേല്‍ പ്രക്ഷോഭങ്ങളുമാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്.

വന്‍ വിജയം ഗുജറാത്തില്‍ ആവര്‍ത്തിക്കാനായില്ലെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിക്ക് ഭീഷണിയാകും.
ബിജെപിയില്‍ നിന്നും അധികാരം തിരിച്ച് പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കോണ്‍ഗ്രസിന് അറിയാമെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാണെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്ന ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.


പട്ടികയില്‍ ശ്രദ്ധേയയാണ് ശ്വേത ബ്രഹ്മഭട്ട് എന്ന 34കാരി. മണിനഗര്‍ മണ്ഡലത്തിലാണ് ശ്വേത കോണ്‍ഗ്രസ് ടിക്കറ്റില്‍ ബിജെപിക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്.

പ്രമുഖ കോണ്‍ഗ്രസ് നേതാവായ നരേന്ദ്ര ബ്രഹ്മഭട്ടിന്റെ മകളായ ശ്വേതയ്ക്ക് 2012ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു.

ലണ്ടനില്‍ നിന്നും എംബിഎ ബിരുദം കരസ്ഥമാക്കിയ ശ്വേത നിരവധി വിദേശ ബാങ്കുകളില്‍ സേവനമനുഷ്ഠിച്ചു. ബംഗളൂരിലെ ഐഐഎമ്മിലെ രാഷ്ട്രീയ നേതൃത്വ കോഴ്‌സിലെ അനുഭവങ്ങളും ഈ യുവസുന്ദരിക്ക് കരുത്തുപകരുന്നു.

യുഎന്നിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പും ശ്വേതയ്ക്ക് ലഭിച്ചിട്ടുണ്ട്. സാമൂഹ്യസേവനങ്ങളിലൂടെ മണിനഗര്‍ വാസികള്‍ക്കും പ്രിയങ്കരിയാണ് ശ്വേത.

മണ്ഡലത്തിലെ 40 ശതമാനത്തിലധികം വരുന്ന സ്ത്രീ വോട്ടര്‍മാരിലും യുവാക്കളിലുമാണ് ശ്വേതയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here