മൂഡീസ് റേറ്റിംഗ് എന്ത്? മൂഡീസ് എന്ത്? ഞെട്ടിക്കുന്ന വിവരങ്ങള്‍

ആനശങ്കരന്‍ വായനശാലയുടെ മുറ്റത്തെത്തിയതും നല്ല നാല് തെറി. ആദ്യം യശ്വന്ത് സിന്‍ഹയെ, പിന്നെ സുബ്രഹ്മണ്യന്‍സ്വാമിയെ. അതും കഴിഞ്ഞ് ഐഎംഎഫിനുനേരെയായി. അതും ഒരാളാണെന്ന് തോന്നിക്കാണണം. ‘ആള് നമ്മളതാന്നാ പറയ്അ. തരം കിട്ടുമ്പൊ മോഡിസര്‍ക്കാറിനെ കുറ്റം പറയും… അതും കേട്ട് നൊണച്ചിറക്യോര് പറ… ഇപ്പം മൂഡീസ് പറഞ്ഞത് കേട്ടോ?’

നോട്ടം ബാലന്‍ മാസ്റ്ററുടെ നേരെയാണ്.

ആനശങ്കരന്റെ വായില്‍ കൊള്ളാത്ത പേരാണ് മൂഡീസ്. ഇങ്ങനെയൊരു പേര് എവിടന്ന് വീണുകിട്ടി എന്നാരും സംശയിച്ചുപോകും. ജന്മഭൂമി പത്രത്തിന് വായനശാലയിലുള്ള രണ്ടാമത്തെ വായനക്കാരനാണ് ആനശങ്കരന്‍. അപ്പോള്‍ റൂട്ട് വ്യക്തം.

ഭാരതത്തിന്റെ യശസ്സുയര്‍ത്തിക്കൊണ്ട് മൂഡീസ് നമ്മുടെ റെയ്റ്റിങ് കൂട്ടിയിരിക്കുന്നു. മോഡി ജിയുടെ നയങ്ങള്‍ വന്‍ വിജയമാണെന്ന് തിരിച്ചറിഞ്ഞാണ് മൂഡീസ് നമ്മള്‍ക്ക് ‘ബിഎഎ2’ എന്ന റെയ്റ്റ് തന്നിരിക്കുന്നത് എന്നാണ് ജന്മഭൂമി പറഞ്ഞത്. അതും വായിച്ചാണ് ആവേശംകൊള്ളുന്നത്.

ഒന്നും അറിയാത്തപോലെ ബാലന്‍ മാസ്റ്റര്‍ ചോദിച്ചു: ‘എത്ര സ്റ്റെപ്പ് മേലോട്ട് കേറി ശങ്കരാ?’
‘മ്മള് ഏറ്റവും താഴന്നല്ലേ മാഷേ കേറീത്’
‘അതെ. അടീലെ പടവ്മ്മന്ന് അത്‌ന്റെ മേലത്തെ പടവമ്മ്‌ലേക്ക്, അല്ലേ?’
‘അതെങ്ങന്യാ മാഷേ. മ്മള്പ്പം ‘ബിഎഎ2’വിലല്ലേ?’

‘ശങ്കരാ’ മാഷ് അയാളെ ശിഷ്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ’90 ഒക്ടോബറില്‍ നമ്മള്‍ ‘എ2’ റെയ്റ്റിങ്ങിലായിരുന്നു. ’91ല്‍ നമ്മള്‍ നാട്ടിലെ സ്വര്‍ണം പണയം വയ്‌ക്കേണ്ടിവന്നില്ലേ? അതിന് തൊട്ടുമുമ്പ് നമ്മള്‍ ‘എഎഎ 1’ ആയിരുന്നു. അവിടന്ന് താഴ്ത്തീതാ നമ്മളെ ‘ബിഎഎ3’യിലേക്ക്. അവട്യായിരുന്നു നമ്മള്‍ ഇതുവരെ. പിന്നെ ഇപ്പളെന്താ നമ്മളോട് ഒരു സ്‌നേഹം? അതുതന്നെയാണ് എനിക്കും ചോദിക്കാനുണ്ടായിരുന്നത്.

‘ഇപ്പൊ അവര് നല്ലതെന്ന് പറയ്ന്നതൊക്കെ അനുഭവംകൊണ്ട് മോശമാണെന്ന് നമ്മള് മനസ്സിലാക്കിയ കാര്യങ്ങളാ. നോട്ടുറദ്ദാക്കിയതും തിരക്കിട്ട് ജിഎസ്ടി അടിച്ചേല്‍പ്പിച്ചതും കാരണം നാട് ദുരിതത്തിലാണ്. ആ സത്യമാണ് യശ്വന്ത് സിന്‍ഹ പറഞ്ഞത്. അതുതന്നെയാണ് സുബ്രഹ്മണ്യന്‍സ്വാമിയും ഗുരുമൂര്‍ത്തിയും ഒക്കെ പറഞ്ഞത്. ഐഎംഎഫും ഇന്ത്യയുടെ വളര്‍ച്ച കുറയുന്നതിനുള്ള കാരണം അതാണെന്ന് അവരുടെ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കില്‍ പറയുന്നുണ്ട്.

എന്നാല്‍, നോട്ടുറദ്ദാക്കലും ജിഎസ്ടിയുമൊക്കെ നടപ്പാക്കിയതുകൊണ്ടാണ്് മൂഡീസ് നമ്മള്‍ക്ക് പ്രൊമോഷന്‍ തന്നതെന്നാണ് ചിലര്‍ പറയുന്നത്. അതുമാത്രമല്ല, ആധാര്‍ നടപ്പാക്കിയതും സബ്‌സിഡികള്‍ നേരിട്ട് നല്‍കുന്നതുംകൂടി കാരണമാണ് ഈ പ്രൊമോഷന്‍ എന്നാണ് വാദം.

ശങ്കരനറിയാലോ, ആധാര്‍ വാങ്ങി ജന്‍ ധന്‍ തുടങ്ങിയതിന്റെ ഗുണം. ഉള്ള സബ്‌സിഡി പോയിക്കിട്ടിയില്ലേ? നോട്ട് റദ്ദാക്കിയതുവഴി ഡിജിറ്റല്‍ കമ്പനികളുടെ ലാഭം കൂടി. തകര്‍ന്നതോ, പതിനായിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍. ഇങ്ങനെ ചെറുകിടക്കാരെക്കൊണ്ടുള്ള എടങ്ങേറ് ഇല്ലാതാക്കുന്ന പണിക്കുള്ള കൂലിയായിട്ടാ ഈ മൂഡീസ് സര്‍ക്കാരിന് പാരിതോഷികം കൊടുക്കുന്നത്. ആനശങ്കരനുമാത്രമല്ല, ഞങ്ങള്‍ക്കൊക്കെയും അതൊരു പുതിയ അറിവായിരുന്നു.

ഇത്രയും കേട്ടപ്പോള്‍ അശോകനറിയേണ്ടത് മൂഡീസ് ലോകബാങ്കിന്റെ സ്ഥാപനമാണോ എന്നാണ്.

മാഷ് ഒരൊറ്റച്ചിരി. ‘അല്ലല്ല. അമേരിക്കയിലെ വലിയ കുത്തകക്കമ്പനികള്‍ക്കാണ് കൂടുതല്‍ ഷെയറുകള്‍. ഒരു പേര് ഞാന്‍ പറയാം. ബ്‌ളാക്ക് റോക്ക്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ജനറല്‍ എലക്ട്രിക്ക്, പ്രോക്ടര്‍ & ഗാംബിള്‍, വെല്‍സ് ഫാര്‍ഗോ എന്നീ കമ്പനികളുടെയൊക്കെ ഗണ്യമായ ഷെയറുകളുള്ള വമ്പന്‍ കമ്പനിയാണത്.

അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഒരുകൊല്ലം 49 തവണ ഫോണ്‍ വിളിച്ചങ്ങോട്ട് ബന്ധപ്പെട്ട ആളാണ് അതിന്റെ ചെയര്‍മാന്‍. ആ കമ്പനിക്ക് മൂഡീസില്‍മാത്രമല്ല, സ്റ്റാന്‍ഡേഡ് & പുവറിലും ഷെയറുണ്ട്’ ‘പുവര്‍ സ്റ്റാന്‍ഡേഡോ?’ ശങ്കരന് കാര്യം പിടികിട്ടിയില്ല.

‘അങ്ങനെ വേറൊരു റെയ്റ്റിങ് ഏജന്‍സിയുണ്ട്.’ മാഷ് വിശദീകരിച്ചു. ഈ രണ്ടു കമ്പനികളും പിന്നെ ഫിച്ചും ചേര്‍ന്നാല്‍ റെയ്റ്റിങ് ബിസിനസിന്റെ 95 ശതമാനവുമായി. ഫിച്ചിന് 15 ശതമാനമേയുള്ളൂ. ഇതാണവരുടെ വലിപ്പം.

‘ഹെന്റമ്മോ’ ആനശങ്കരന്‍ ഒന്നയഞ്ഞമട്ടായി. മാഷ്‌ക്ക് അറിയുന്നതൊന്നും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല എന്ന കാര്യം ശങ്കരനും അംഗീകരിക്കുകയാണ്. ഇപ്പോള്‍ നല്ലൊരു കേള്‍വിക്കാരനായി മാറി മൂപ്പര്‍.

പിന്നെ മാഷ് പറഞ്ഞത് കേട്ടപ്പോഴാണ് മൂഡീസ് ഇത്രക്കേ ഉള്ളൂ എന്നു മനസ്സിലായത്.
‘ഇപ്പൊ നമ്മക്ക് ‘ബിഎഎ2’ അല്ലേ കിട്ടിയത്? ഏറ്റവും താഴത്തെ പടിയില്‍നിന്ന് തൊട്ട് മുകളില്‍. അല്ലേ? എന്നാല്‍ മൂഡീസ് ട്രിപ്പിള്‍ എ (എഎഎ) കൊടുത്ത് ടോപ്പിലിട്ട ബാങ്കുകള്‍ ഒരുപാടെണ്ണം ഒന്നിച്ചാണ് അമേരിക്കയില്‍ പൊട്ടിപ്പൊളിഞ്ഞ് മൂക്കും കുത്തി വീണത്.

അവര്‍ ട്രിപ്പിള്‍ എ കൊടുത്ത് മേല്‍ത്തരം എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത സെക്യൂരിറ്റികളില്‍ 73 ശതമാനമാണ് വെറും പാഴ്ക്കടലാസായി മാറിയത് എന്നാണ് അന്ന് അന്വേഷണം നടത്തിയ ഫിനാന്‍ഷ്യല്‍ ക്രൈസിസ് എന്‍ക്വയറി റിപ്പോര്‍ട്ട് കണ്ടെത്തിയത്.

അതില്‍ ആവിയായിപ്പോയത് 80,000 കോടി ഡോളറാണ്. ലക്ഷക്കണക്കിന് നിക്ഷേപകരാണ് കുത്തുപാളയെടുത്തത്. രസമതല്ല. ഇങ്ങനെ കള്ളസര്‍ട്ടിഫിക്കറ്റുണ്ടാക്കിക്കൊടുത്തവര്‍ക്കൊക്കെ പരമസുഖം.

മാഷ് ആനശങ്കരനെ നോക്കി ചോദിച്ചു: ‘മൂഡീസില്‍ ഈ കണക്കൊക്കെ കൂട്ടുന്ന അനലിസ്റ്റുകളുടെ ശമ്പളത്തുക അറിയോ? അമേരിക്കന്‍ ബാങ്കുകള്‍ പൊളിഞ്ഞ കൊല്ലം 60 ലക്ഷം ഡോളറാണ് അതിന്റെ തലവന്‍ ശമ്പളം മാത്രമായി എഴുതിയെടുത്തത്. ഉറുപ്പികയാക്കിയാല്‍ 39,00,00,000 രൂപ. ഇക്കൂട്ടര്‍തന്നെയാണ് എന്റോണിനെയും റെയ്റ്റ് ചെയ്തത്. ആ കമ്പനി പൊട്ടിപ്പൊളിഞ്ഞിട്ടും മൂഡീസിലെ ഒറ്റയൊരുത്തനും ഒരു ചുക്കും സംഭവിച്ചില്ല.’

ശങ്കരന്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു: ‘ഇജ്ജാതി ആള്‍ക്കാരെയാ മ്മള് വിശ്വസിക്കണ്ടത്?’

വരുമ്പോള്‍ കണ്ട ശങ്കരനല്ല ഇപ്പോള്‍ എന്റെ മുന്നില്‍.

‘അപ്പൊ യശ്വന്ത് സിന്‍ഹാജിയും സുബ്രഹ്മണ്യന്‍സ്വാമിജിയും ഒക്കെ പറയ്ന്ന നേര് മറയ്ക്കാന്‍ ഈറ്റിങ്ങള് കാശ് എറക്കീറ്റ്ണ്ടാവോ മാഷേ?’
മാഷ് മറുപടിയൊന്നും പറയാതെ എന്റെ കണ്ണിലേക്കുതന്നെ നോക്കിനില്‍ക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News