ശക്തമായ മഴ തുടരുന്നു; പാറശാലയില്‍ കലോത്സവവേദികള്‍ തകര്‍ന്നു; കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ ചുഴലിക്കാറ്റ്; അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടല്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് മഴ ശക്തിപ്പെടാന്‍ കാരണം.

ശക്തമായ മഴയില്‍ പാറശാലയില്‍ സബ് ജില്ലാ കലോത്സവവേദികളില്‍ മൂന്നെണ്ണം തകര്‍ന്നു വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരങ്ങള്‍. തലസ്ഥാന ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിട്ടുണ്ട്.

കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ ചുഴലിക്കാറ്റ് ആഞ്ഞിടിച്ചു. അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ടനിലയിലാണ്. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട ദേശീയപാതയില്‍ മരങ്ങള്‍ കടപുഴുകി വീണതോടെ വാഹന ഗതാഗതവും തടസപ്പെട്ടു.

അമ്പൂരിയില്‍ വനത്തിനുള്ളിലും ഉരുള്‍പൊട്ടലുണ്ടായി. വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊന്‍മുടിയിലും കല്ലാറിലും ശക്തമായ മഴ തുടരുകയാണ്.
മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് സംസ്ഥാനത്ത് തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടത്.

കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. ഇതാണ് തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ കാരണം. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദം നല്‍കിയിട്ടുണ്ട്.

പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പലയിടത്തും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്ത മഴയെതുടര്‍ന്ന് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കാറ്റിലും മഴയത്തും പലയിടത്തും മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. നെയ്യാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ 4 ഷട്ടറുകള്‍ 6 അടി ഉയര്‍ത്തി.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നെയ്യാറിന്റെതുള്‍പ്പെടെയുള്ള ഡാമിന് സമീപം താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News