കേരളത്തെ ഭീതിയിലാ‍ഴ്ത്തി ഓഖി ആഞ്ഞടിക്കുന്നു; തിരുവനന്തപുരത്ത് മൂന്ന് മരണം; കൊല്ലത്തും കണ്ണൂരും ഓരോ മരണം; സംസ്ഥാനത്ത് അതീവ സുരക്ഷ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ നാശം വിതയ്ക്കുന്നു.

തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്.

തിരുവനന്തപുരം വി‍ഴിഞ്ഞത്ത് മരം വീണ് അല്‍ഫോണ്‍സാമ്മയെന്ന സ്ത്രീയാണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ കുന്നക്കാടിലാണു സംഭവം. വിഷ്ണു (40) ആണു മരിച്ചത്. കണ്ണൂരില്‍ മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്.

കനത്ത മഴയും ഓഖി ചുഴലികാറ്റ് ഭീഷണിയും നേരിടാന്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ രാത്രിയാത്രാ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാലാവസ്ഥാ കേന്ദ്രം നല്‍കി. തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്.

തിരുവനന്തപുരം പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ 29 വള്ളങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 150ല്‍ പരം മത്സ്യത്തൊഴിലാളികള്‍ ഈ വള്ളങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം.

വ്യാഴം രാവിലെ ഏഴിനു തിരിച്ചെത്തേണ്ടവരായിരുന്നു ഇവര്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ നിര്‍ത്താതെ തുടരുകയാണ്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം മരം വീണ് ഒരാള്‍ക്കു പരുക്കേറ്റു. മൂന്നു വാഹനങ്ങള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും പാറശാലയിലെ സ്‌കൂള്‍ ഉപജില്ലാ കലോല്‍സവവേദിയുടെ മേല്‍ക്കൂര തകര്‍ന്നു.

അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു.തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നു കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.

പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here