യുഡിഎഫ് വിടുമെന്ന സൂചന ശക്തമാക്കി വീരേന്ദ്രകുമാര്‍; ചെന്നിത്തലയുടെ ‘പടയൊരുക്ക’ത്തില്‍ നിന്ന് വിട്ടുനില്‍ക്കും

കോഴിക്കോട്: യുഡിഎഫ് വിടുമെന്ന സൂചന ശക്തമാക്കി കടുത്ത നിലപാടുകളുമായി എം.പി വീരേന്ദ്രകുമാര്‍. ഇതിന്റെ ഭാഗമായാണ് പടയൊരുക്കം ജാഥയുടെ സമാപന ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കാന്‍ വീരേന്ദ്രകുമാര്‍ തീരുമാനിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി പര്യടനം നടത്തുന്ന ജാഥ നാളെ ശംഖുമുഖത്താണ് സമാപിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന സമാപന ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള വീരേന്ദ്രകുമാറിന്റെ തീരുമാനം യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം, ഭുവനേശ്വര്‍ യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ഒഡീഷയിലേക്ക് പോകുന്നുവെന്നാണ് വീരേന്ദ്രകുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പീപ്പിളിനോട് പ്രതികരിച്ചത്.

യുഡിഎഫ് നല്‍കിയ രാജ്യസഭാ അംഗത്വം രാജിവെക്കുമെന്ന തീരുമാനം കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് ഈ തീരുമാനത്തെ ‘രാഷ്ട്രിയ വൃത്തങ്ങള്‍ നോക്കിക്കണ്ടത്.

ഇതിന് പിന്നാലെ പടയൊരുക്കം ജാഥയുടെ സമാപനത്തില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള തീരുമാനം കൂടി വീരേന്ദ്രകുമാര്‍ കൈക്കൊണ്ടതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here