ശബരിമലയിലും മഴ ശക്തം; സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കി ദുരന്ത നിവാരണ വിഭാഗം

ഇന്നലെ രാത്രി മുതലാണ് ശബരിമലയിലും മഴ ആരംഭിച്ചത്. മഴ ശക്തമായതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചില സുരക്ഷാ മുന്‍കരുതലുകളും സംസ്ഥാന ദുരന്ത നിവാരണ വിഭാഗം പുറപ്പെടുവിച്ചു.

മണ്ഡല കാലം ആരംഭിച്ചപ്പോള്‍ മുതല്‍ പല ദിവസങ്ങളിലും ശബരിമലയില്‍ മഴ ഉണ്ടായിരുന്നു.ഇന്നലെ രാത്രി മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴ പലപ്പോഴും നല്ല ശക്തിപ്രാപിക്കുന്നുണ്ട്. മഴ ശക്തമായതോടെ സാന്നിധാനത്തും പരിസരത്തുമുള്ള മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റുന്നുണ്ട്.

വനം വകുപ്പിന്റെ സഹകരണത്തോടെ പോലീസും ഫയര്‍ഫോഴ്സുമാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പന്മാരുടെ തിരക്കും കുറഞ്ഞു. അപകട സാധ്യത മുന്നില്‍ കണ്ട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കാനന പാതയിലൂടെയുള്ള യാത്ര ഒഴിവാക്കുക, വൈകിട്ട് 6 നും പകല്‍ 7നും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക, ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തും, തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക.

മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക, പുഴയിലും, നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. പമ്പയിലെ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News