ഇടുക്കിയിലും ശക്തമായ മഴ; ഹൈറേഞ്ചിലേക്കുള്ള രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ കാറ്റോടുകൂടിയ മഴ ഇടുക്കി ജില്ലയിലും തുടരുകയാണ്. ഹൈറേഞ്ച് മേഖലയിലാണ് നാശനഷ്ടങ്ങള്‍ വ്യാപകമായത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

പുലര്‍ച്ചെ തുടങ്ങിയ മഴയ്ക്കും കാറ്റിനും ശമനമായിട്ടില്ല. ഹൈറേഞ്ചിലാണ് മഴ കൂടുതല്‍ ശക്തമായി തുടരുന്നത്. ഇതോടെ നാശ നഷ്ടങ്ങളും വ്യാപകമായി. നെടുങ്കണ്ടം ടൗണിനോട് ചേര്‍ന്ന ഭാഗത്ത് പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചോലാമെട്ട് ഭാഗത്ത് കുട്ടപ്പന്‍, മണയമ്മ സണ്ണി, കണ്ണന്‍, ബേബി എന്നിവരുടെ വീടുകള്‍ക്കാണ് കാര്യമായി കേടുപറ്റിയത്.

നെടുങ്കണ്ടം ഭാഗത്ത് മനോജിന്റെ വീടും തകര്‍ന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സഹായത്താല്‍ നിര്‍മിച്ചതായിരുന്നു രോഗിയായ മനോജിന്റെ വീട്. നെടുങ്കണ്ടെം- ചക്കക്കാനത്ത് ബാലവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ നിലം പൊത്തി. രാജകുമാരി കുരുവിളാസിറ്റിയില്‍ വിധവയായ സാലി ബേബിയുടെ വീടും മഴക്കെടുതിയില്‍ തകര്‍ന്നു.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലുള്‍പ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാതം സ്തംഭിച്ചിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുാകാരും ചേര്‍ന്നാണ് മരവും മണ്ണും പാറക്കഷ്ണങ്ങളും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

കെടുതി രൂക്ഷമായ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍, കലക്ട്രേറ്റ് കേന്ദ്രീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈറേഞ്ചിലേക്കുള്ള രാത്രി സഞ്ചാരത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി.

ഉരുള്‍ പൊട്ടാനും പാറക്കഷ്ണങ്ങളും മരങ്ങളും കടപുഴകി വീഴാനുമുള്ള സാധ്യതയുള്ളതിനാല്‍ യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ അറിയിച്ചു. ജില്ലയില്‍ കൃഷി നാശവും വ്യാപകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News