മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ 31-ാമതു ബോര്‍ഡ് യോഗത്തിലാണ് 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരമായത്.
അഞ്ചാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പുറമേ 1011.50 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ അംഗീകാരം സാധൂകരിക്കുകയും ചെയ്തു. ഇതോടെ 17,989.11 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതേവരെ അംഗീകാരം നല്‍കി.
കൂടാതെ വെസ്റ്റേണ്‍ കനാല്‍ പാതയുടെ മാഹി വളപട്ടണം റീച്ചിലിനു ഭൂമി ഏറ്റെടുക്കുന്നതിന് 650 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കാനും തീരുമാനമായി.
കുസാറ്റിന്റെ ആധുനിക ലാബോറട്ടറി സ്ഥാപിക്കാന്‍ 99.48 കോടി ഉള്‍പ്പെടെ 241.72 കോടി രൂപ, ലൈഫ് സയന്‍സ് പാര്‍ക്കിന് ഭൂമി ഏറ്റെടുക്കുന്നതിന് 301.17 കോടി രൂപ, അങ്കമാലി ബൈപാസിന് 190.16 കോടി രൂപ, പെരുമ്പാവൂര്‍ ബൈപാസിന് 133.24 കോടി രൂപ, പുനലൂര്‍-കൊല്ലായി ഹില്‍ ഹൈവേക്ക് 201.67 കോടി രൂപ, കെഎസ്ആര്‍ടിസിക്ക് 1000 പുതിയ ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 324 കോടി രൂപ എന്നിവയാണ് അംഗീകാരം നല്‍കിയ മറ്റ് പ്രധാന പദ്ധതികള്‍.
പുതിയ പദ്ധതികള്‍ അംഗീകരിച്ചതിനു പുറമേ മുന്‍ യോഗങ്ങളില്‍ അംഗീകരിച്ച പദ്ധതികളുടെ നിര്‍വഹണ നടപടികളും യോഗം വിലയിരുത്തി.
നൂതന ധന സമാഹരണ മാര്‍ഗങ്ങള്‍ വഴി കിഫ്ബി പദ്ധതികള്‍ക്ക് ധനസമാഹരണം നടത്തുന്നതിന് 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അസറ്റ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കും.
മസാല ബോണ്ടുകള്‍ പുറപ്പെടുവിക്കാന്‍ മര്‍ച്ചന്റ് ബാങ്കുകളുമായി കരാറുണ്ടാക്കും. ബോണ്ട് പുറപ്പെടുവിക്കുക ടെന്‍ഡര്‍ വിളിച്ചായിരിക്കും. വിവിധ ബാങ്കുകളില്‍നിന്ന് ആദായകരമായ ലോണുകള്‍ എടുക്കുന്നതിനും യോഗം അനുമതി നല്‍കി.

Get real time update about this post categories directly on your device, subscribe now.