ഭീതി പരത്തി ഓഖി; കേരളതീരം ആശങ്കയില്‍; ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഉള്ളിലേക്ക് വലിഞ്ഞു; ജനങ്ങള്‍ ഭീതിയില്‍

കേരള തീരത്ത് ഓഖി ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഉള്‍ വലിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി.വൈകിട്ട് ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഒരു കിലോമീറ്ററോളം ഉള്‍ വലിഞ്ഞു.

ഇതോടെ പോലീസ് എത്തി കടപ്പുറത്ത് എത്തിയ വിനോദ സഞ്ചാരികളും കച്ചവടക്കാരും അടക്കമുള്ളവരെ ഒഴിപ്പിച്ച് കടപ്പുറത്തേയ്ക്കുള്ള പ്രവേശനം നിരോധിച്ചു.കൊച്ചി തുറമുഖത്ത് ഡെപ്യൂട്ടി ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.എന്നാല്‍ ചരക്ക് കപ്പല്‍ ഗതാഗതത്തിന് രാത്രി വരെ തടസ്സമുണ്ടായില്ല.

രാവിലെ മുതല്‍ തന്നെ തണുത്ത കാറ്റ് വീശി തുടങ്ങിയതും മൂടി കെട്ടിയ അന്തരീക്ഷവും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരുന്നു. ഇതിനിടെ തെക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും പെയ്യുന്നതായുള്ള വിവരം എത്തുകയും കടല്‍ വലിയുകയും ചെയ്തതോടെയാണ് പൊലീസ് കടപ്പുറത്തെത്തി സഞ്ചാരികളേയും കച്ചവടക്കാരേയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചത്.

ഇതോടെ .കടപ്പുറത്തേക്കുള്ള പ്രവേശന കവാടകങ്ങളെല്ലാം പൊലീസ് അടച്ചു.അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക് പ്രവേശനം നിരോധിച്ചതായുള്ള ബോര്‍ഡും പൊലീസ് സ്ഥാപിച്ചു.കടപ്പുറത്തേക്ക് സഞ്ചാരികള്‍ കയറാതിരിക്കുന്നതിനായി പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ തോപ്പുംപടി പൊലീസിന്റെ നേതൃത്വത്തില്‍ തോപ്പുംപടിഫിഷറീസ്ഹാര്‍ബറിലും മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.മൈക്കിലൂടെയാണ് പൊലീസ് തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.

രാത്രിയോടെ ഒട്ടുമിക്ക ബോട്ടുകളും തിരികെ എത്തി. തോപ്പുംപടി പോലീസ്‌കടലോര ജാഗ്രത സമിതിയുടെ അടിയന്തിര യോഗം ചേര്‍ന്നു.മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ മുഴുവന്‍ മല്‍സ്യതൊഴിലാളികളേയും കോസ്റ്റല്‍ പൊലീസ് തിരികെ വിളിപ്പിച്ചു.

വൈകിട്ടോടെ തന്നെ ഭൂരിഭാഗം ബോട്ടുകളും തിരികെ കയറി.ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറി സര്‍വ്വീസും നിര്‍ത്തി വെച്ചു.അതേസമയം ജങ്കാര്‍ സര്‍വ്വീസ് മുടക്കിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here