ഓഖി ചു‍ഴലിക്കാറ്റ്; ലക്ഷദ്വീപില്‍ നിന്നും കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തേക്ക്; കേരള തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരും

തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. എന്നാല്‍ ഓഖി ചു‍ഴലികാറ്റിന്‍റെ ശക്തി കേരളത്തില്‍ കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ലക്ഷദ്വീപില്‍ ആഞ്ഞടിക്കാനാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലക്ഷദ്വീപില്‍ നിന്ന് കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞ് വീശിയേക്കാം.

അതേസമയം കേരളാ തീരത്തും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കൊല്ലത്ത് 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.  ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിരവധിപ്പേര്‍കടലില്‍ കുടുങ്ങിക്കിടക്കുന്നു. കനത്ത മഴയില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി എട്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്.

തിരുവനന്തപുരം വിഴിഞ്ഞത്ത് മരം വീണ് അല്‍ഫോണ്‍സാമ്മയെന്ന സ്ത്രീയാണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ കുന്നക്കാടിലാണു സംഭവം. വിഷ്ണു (40) ആണു മരിച്ചത്. കണ്ണൂരില്‍ മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്.

മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ രാത്രിയാത്രാ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി.

മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാലാവസ്ഥാ കേന്ദ്രം നല്‍കി. തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്.

തിരുവനന്തപുരം പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ നിരവധി വള്ളങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ നിര്‍ത്താതെ തുടരുകയാണ്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം മരം വീണ് ഒരാള്‍ക്കു പരുക്കേറ്റു. മൂന്നു വാഹനങ്ങള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും പാറശാലയിലെ സ്‌കൂള്‍ ഉപജില്ലാ കലോല്‍സവവേദിയുടെ മേല്‍ക്കൂര തകര്‍ന്നു.

അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു.തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നു കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.

പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറിലായി.

ഫോര്‍ട്ട്‌കൊച്ചിയില്‍

കേരള തീരത്ത് ഓഖി ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഉള്‍ വലിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി. വ്യാഴാഴ്ച വൈകിട്ട് ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ ഒരു കിലോമീറ്ററോളം ഉള്‍ വലിഞ്ഞു.

ഇതോടെ പോലീസ് എത്തി കടപ്പുറത്ത് എത്തിയ വിനോദ സഞ്ചാരികളും കച്ചവടക്കാരും അടക്കമുള്ളവരെ ഒഴിപ്പിച്ച് കടപ്പുറത്തേയ്ക്കുള്ള പ്രവേശനം നിരോധിച്ചു.കൊച്ചി തുറമുഖത്ത് ഡെപ്യൂട്ടി ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.എന്നാല്‍ ചരക്ക് കപ്പല്‍ ഗതാഗതത്തിന് വ്യാഴാഴ്ച രാത്രി വരെ തടസ്സമുണ്ടായില്ല.

രാവിലെ മുതല്‍ തന്നെ തണുത്ത കാറ്റ് വീശി തുടങ്ങിയതും മൂടി കെട്ടിയ അന്തരീക്ഷവും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരുന്നു. ഇതിനിടെ തെക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും പെയ്യുന്നതായുള്ള വിവരം എത്തുകയും കടല്‍ വലിയുകയും ചെയ്തതോടെയാണ് പൊലീസ് കടപ്പുറത്തെത്തി സഞ്ചാരികളേയും കച്ചവടക്കാരേയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചത്.

ഇതോടെ .കടപ്പുറത്തേക്കുള്ള പ്രവേശന കവാടകങ്ങളെല്ലാം പൊലീസ് അടച്ചു.അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക് പ്രവേശനം നിരോധിച്ചതായുള്ള ബോര്‍ഡും പൊലീസ് സ്ഥാപിച്ചു.കടപ്പുറത്തേക്ക് സഞ്ചാരികള്‍ കയറാതിരിക്കുന്നതിനായി പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News