ബംഗളുരു എഫ്‌സിക്ക് കടിഞ്ഞാണിട്ട് ഗോവ; കോറുമിനാസിന്റെ ഹാട്രിക് മികവില്‍ ത്രസിപ്പിക്കുന്ന ജയം; ബംഗളുരുവിന് അടിതെറ്റിയതെവിടെ

ബംഗളൂരുവിന്റെ പടയോട്ടത്തിന് വിരാമം കുറിച്ച് ഗോവ എഫ് സി. ആവേശകരമായ മത്സരത്തില്‍ ഇന്ത്യന്‍ വമ്പന്‍മാര്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്.

വിറോടെ പൊരുതിയ ഗോവയുടെ പോരാളികള്‍ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ആദ്യപകുതിയില്‍ തന്നെ പത്തുപേരായി ചുരുങ്ങേണ്ടിവന്നത് ബംഗളൂരുവിന് തിരിച്ചടിയായി.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും ബെംഗളൂരൂ പോരാട്ട വീര്യം കാണിച്ചുവെങ്കിലും കോറൂമിനാസിന്റെ ഹാട്രിക്ക് വിജയം ആതിഥേയര്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4 -3 നായിരുന്നു ഗോവയുടെ വിജയം.

16ാം മിനുട്ടില്‍ ഫെറാന്‍ കോറൂമിനാസ് നേടിയ ഗോളിലൂടെ ഗോവയാണ് മത്സരത്തില്‍ ലീഡ് നേടിയത്. എന്നാല്‍ മിനുട്ടുകള്‍ക്കകം മികൂവിലൂടെ ഗോള്‍ മടക്കി ബെംഗളൂരു മത്സരത്തിലേക്ക് തിരികെ എത്തി.

33ാം മിനുട്ടില്‍ കോറൂമിനാസിന്റെ രണ്ടാം ഗോളിലൂടെ ഗോവ ലീഡ് നേടി. 36ാം മിനുട്ടില്‍ മാന്വെല്‍ ലാന്‍സറോട്ടെയെ മുഖത്ത് തള്ളിയതിനു ചുവപ്പ് കാര്‍ഡ് നേടി ഗുര്‍പ്രീത് സിംഗ് പുറത്ത് പോയത് ബംഗളുരിവിന് ക്ഷീണമായി. ഫൗളിനു ലഭിച്ച പെനാള്‍ട്ടി അനായാസം ലാന്‍സറോട്ടെ ഗോളാക്കി മാറ്റി.

57ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ ഗോളാക്കി മാറ്റി എറിക് പാര്‍ടാലു ബെംഗളൂരുവിനു വേണ്ടി ഒരു ഗോള്‍ മടക്കി. മിനുട്ടുകള്‍ക്ക് ശേഷം മികു നേടിയ ഗോളിലൂടെ ഗോവയ്‌ക്കൊപ്പമെത്താന്‍ ബെംഗളൂരുവിനായി.

മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം കോറൂ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ഗോവന്‍ ആരാധകര്‍ കാത്തിരുന്ന വിജയം സമ്മാനിച്ചു. ഹാട്രിക്ക് നേട്ടം കൈവരിച്ച ഫെറാന്‍ കോറൂമിനാസ് തന്നെയാണ് കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel