ഓഖി ‘അതിശക്തം’; തിരുവനന്തപുരത്ത് രണ്ടുപേര്‍ കൂടി മരിച്ചു; ആലപ്പുഴ, പുന്നപ്ര, കൊച്ചി, പൊന്നാനി എന്നിവിടങ്ങളും ഭീതിയില്‍; ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം

ചുഴലിക്കാറ്റിന്റെ തത്‌സമയ ഗതിവിവരങ്ങള്‍


തിരുവനന്തപുരം: ആഞ്ഞടിക്കുന്ന ഓഖിയുടെ ഭീതിയില്‍ കേരളവും ലക്ഷദ്വീപും വിറങ്ങലിക്കുന്നു. കരയിലെ ഭയാനകതയ്ക്ക് ശമനമായെങ്കിലും ഓഖി ചുഴലക്കാറ്റ് കടലില്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു.  പൂന്തുറ സ്വദേശി ക്രിസ്റ്റിയാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6 ആയി.

നേരത്തേ കടലില്‍ നിന്ന് രക്ഷിച്ച് കരയിലെത്തിച്ച ഒരാള്‍  തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ശംഖുമുഖത്ത് നിന്ന് നാവികസേന രക്ഷിച്ചയാളാണ് മരിച്ചത്.

അതേസമയം ഓഖി ചുഴലികാറ്റിനെ അതിശക്ത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തന സേനകള്‍ ലഭിക്കുന്നതിനായി കേരളം ആവശ്യമുന്നയിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തിര മൂന്ന് മീറ്ററിലധികം ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് കടല്‍ ഉള്ളിലേക്ക് വലിഞ്ഞു.

അറബിക്കടലിലെ അവസ്ഥ അതിരൂക്ഷമാണെന്നാണ് വ്യക്തമാകുന്നത്. കൊച്ചി ആലപ്പുഴ കൊടുങ്ങല്ലൂര്‍ പൊന്നാനി തുടങ്ങി സംസ്ഥാനത്തെ വിവിധമേഖലകളിലെല്ലാം കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം ഉണ്ടായി. നിരവധി ബോട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇടവിട്ട ശക്തമായ മഴയും കാറ്റും ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതിനിടയില്‍ വേളിയില്‍ മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പൂന്തുറയില്‍ നിന്നു് മാത്രമായി കടലില്‍ പോയ നൂറിലധികം മത്സ്യതൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. കൊല്ലത്താകട്ടെ ഏഴ് വള്ളങ്ങളും 27 പേരും കടലിലാണെന്നാണ് വ്യക്തമാകുന്നത്.

കൊച്ചിയിലും നിരവധി മത്സ്യതൊഴിലാളികളെയും ബോട്ടുകളേയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടമുണ്ടാകുന്നതായാണ് വ്യക്തമാകുന്നത്. ഇവിടെ നിരവധി കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. നിരവധി ബോട്ടുകള്‍ കടലില്‍ കാണാനില്ലെന്നും വ്യക്തമായിട്ടുണ്ട്.

കനത്ത മഴയില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്നലെ എട്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കിള്ളിയില്‍ അപ്പുനാടാരും ഭാര്യ സുമതിയുമാണ് ഷോക്കേറ്റ് മരിച്ചത്.

തിരുവനന്തപുരം വിഴിഞ്ഞത്ത് മരം വീണ് അല്‍ഫോണ്‍സാമ്മയെന്ന സ്ത്രീയാണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ കുന്നക്കാടിലാണു സംഭവം. വിഷ്ണു (40) ആണു മരിച്ചത്. കണ്ണൂരില്‍ മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്.

മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ രാത്രിയാത്രാ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി.

തിരുവനന്തപുരം പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ നിരവധി വള്ളങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ നിര്‍ത്താതെ തുടരുകയാണ്. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം മരം വീണ് ഒരാള്‍ക്കു പരുക്കേറ്റു. മൂന്നു വാഹനങ്ങള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും പാറശാലയിലെ സ്‌കൂള്‍ ഉപജില്ലാ കലോല്‍സവവേദിയുടെ മേല്‍ക്കൂര തകര്‍ന്നു.

അംബൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പൊന്‍മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു.തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നു കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here