രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; 38 ഫിഷിംഗ് ബോട്ടുകളെ കണ്ടെത്തി; 218 മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തി

ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. നേവിയുടെയും എയര്‍ഫോഴ്സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും വകുപ്പുകളേയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കാണാതായ 38 ഫിഷിംഗ് ബോട്ടുകളെ കണ്ടെത്തിയതായി നേവി അറിയിച്ചു. ഇവര്‍ക്കാവശ്യമായ റസ്‌ക്യൂ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്. മറ്റ് ബോട്ടുകള്‍ കണ്ടെത്തുതിനും കണ്ടെത്തിയതിലെ തൊഴിലാളികളെ കരയില്‍ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്.

ഇതുവഴി കടന്നുപോകുന്ന മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂം വഴി നടക്കുന്നു.

നാവികസേനയുടെ ഷാര്‍ധൂ, നിരീക്ഷക്, കബ്രാ, കല്‍പേനി കപ്പലുകള്‍ സജീവമായി രംഗത്തുണ്ട്. ഇതുകൂടാതെ നേവിയുടെ ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവര്‍ത്തനം നടത്തുന്നു. ഇതുകൂടാതെ നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റ് കേരള തീരം വിടുംവരെ കപ്പലുകളും വിമാനവും ഹെലികോപ്ടറും സജീവമായി രക്ഷാപ്രവര്‍ത്തനം തുടരും.

കേരളത്തിന്റെ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍, പുതിയതുറ, തുമ്പ, കുളച്ചല്‍, കൊല്ലം ജില്ലയിലെ പരവൂര്‍, തങ്കശ്ശേരി, നീണ്ടകര, മയ്യനാട്, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവ കേന്ദ്രീകരിച്ച് തീവ്രരക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

മറ്റ് ജില്ലകളിലെ തീരപ്രദേശങ്ങളെ കേന്ദ്രീകരിച്ച് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

സതേണ്‍ നേവല്‍ കമാന്‍ഡിന്റെ റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നട്ക്കര്‍ണി, കമാന്‍ഡോ ദീപക് കുമാര്‍, ക്യാപ്റ്റന്‍ സുദീപ് നായിക് എന്നിവരാണ് നേവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കമാന്‍ഡിന്റെ ബി.കെ. വര്‍ഗ്ഗീസാണ് നിയന്ത്രിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News