ഹാദിയ തീരുമാനിക്കട്ടെ സ്വന്തം ജീവിതം

ചൊവ്വാഴ്ച ഹാദിയ കേസില്‍ വാദം കേള്‍ക്കവെ, ഒരു ഖാപ് പഞ്ചായത്തായി മാറുന്നതിന് അടുത്തുവരെ എത്തിയെങ്കിലും അങ്ങനെയൊരു സ്വയം രൂപമാറ്റത്തിന് സുപ്രീംകോടതി തയ്യാറായില്ല.

ഹാദിയ ബുദ്ധിക്കു നിരക്കാത്തതും നിയമപ്രാബല്യമില്ലാത്തതുമായ രീതിയില്‍ സമ്മതം നല്‍കിയത് ‘ലൌ ജിഹാദ്’ ഗൂഢാലോചനയുടെ ഭാഗമായുള്ള സിദ്ധാന്തോപദേശവും മസ്തിഷ്‌കപ്രക്ഷാളനവും കൊണ്ടാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്റെ പിന്തുണയോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ അഭിഭാഷകന്‍ പറഞ്ഞത്. ഇതിനുള്ള തെളിവുകള്‍ എന്ന നിലയ്ക്ക് തങ്ങള്‍ നല്‍കിയ രേഖകള്‍ കേസില്‍ വാദം കേള്‍ക്കുംമുമ്പുതന്നെ കോടതി പഠിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.

തന്നെക്കുറിച്ചും താന്‍ തെരഞ്ഞെടുത്ത പങ്കാളിക്കെതിരായുമുള്ള വാദങ്ങള്‍ തുറന്ന കോടതിയില്‍ ഒന്നരമണിക്കൂര്‍ ഈ പെണ്‍കുട്ടി കേട്ടുനില്‍ക്കേണ്ടിവന്നു. ലജ്ജാകരവും അപമാനകരവുമായ ഈ രീതി ദൌര്‍ഭാഗ്യകരമായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നു. ഹാദിയയെ കേള്‍ക്കുന്ന കാര്യത്തില്‍ കോടതിക്ക് വ്യക്തത ഇല്ലെങ്കില്‍ എന്തിനായിരുന്നു വിളിച്ചുവരുത്തിയത്? ഇത്തരം അന്തസ്സില്ലായ്മക്ക് അവരെ വിധേയയാക്കാന്‍ പാടില്ലായിരുന്നു. ഹാദിയ ഒരു കുറ്റവാളിയല്ലാതിരുന്നിട്ടും കുറ്റവാളിയെപ്പോലെയാണ് അവരോട് ആ സമയത്ത് പെരുമാറിയത്.

സംസാരിക്കാനുള്ള അവകാശം

ഒരു മുതിര്‍ന്ന സ്ത്രീക്ക് സ്വന്തമായ തീരുമാനമെടുക്കാനുള്ള അവകാശം സംബന്ധിച്ച പ്രശ്‌നമാണ് ഏറ്റവും പ്രധാനമെന്ന ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകരായി ഹാജരായ കപില്‍ സിബല്‍, ഇന്ദിര ജയ്‌സിങ് എന്നിവരുടെ ശ്രദ്ധേയമായ വാദങ്ങളില്‍ സുപ്രീംകോടതി തീരുമാനമൊന്നും കൈക്കൊണ്ടില്ല. തുറന്ന കോടതിയില്‍ ഹാദിയക്കെതിരെ എല്ലാ കുറ്റങ്ങളും നിരത്തുകയും അവളെ കേള്‍ക്കാതിരിക്കുകയും ചെയ്യുന്നത് ഗുരുതര നീതിനിഷേധമാകുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ അഭിഭാഷകന്‍ പി വി ദിനേശ് ശക്തിയായി വാദിച്ചതോടെയാണ് കോടതി ഹാദിയയെ കേള്‍ക്കാന്‍ തയ്യാറായത്. സദാചാരസംഹിതയെന്ന് പറയപ്പെടുന്ന നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളായ കുറ്റാരോപിതര്‍ക്ക് ഖാപ് പഞ്ചായത്തുകളില്‍ വാതുറക്കാന്‍ അവകാശമില്ല. അവളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൌനത്തില്‍നിന്നാണ് ഖാപ് പഞ്ചായത്ത് തീരുമാനിക്കുന്ന ഏത് ശിക്ഷയും ആരംഭിക്കുന്നത്. ഹാദിയക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതോടെ ഖാപ് പഞ്ചായത്തിലേക്ക് വഴുതിവീഴുന്നതില്‍നിന്ന് സുപ്രീംകോടതി സ്വയം പിന്മാറി.

ഹാദിയ പറഞ്ഞതില്‍ അവ്യക്തത ഒന്നുമില്ല. അവളുടെ ബോധ്യത്തിന്റെ ധീരത അവിടെ മുന്നിട്ടുനിന്നു. മനുഷ്യനെന്ന നിലയില്‍ പരിഗണിക്കപ്പെടണമെന്നാണ് ആവശ്യപ്പെട്ടത്. സ്വന്തം വിശ്വാസം മാനിക്കപ്പെടണമെന്ന് ആഗ്രഹിച്ചു. പഠിക്കണമെന്നാണ് ആഗ്രഹം. ഭര്‍ത്താവിനൊപ്പം കഴിയണമെന്ന് മോഹിച്ചു. ഏറ്റവും പ്രധാനമായി സ്വാതന്ത്യ്രം ആഗ്രഹിച്ചു.

കോടതി ശ്രദ്ധിച്ചു; പക്ഷേ കേട്ടുവോ?

കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് ഇരുപക്ഷവും അവകാശപ്പെട്ടു. അച്ഛന്റെ നിര്‍ബന്ധിത കസ്റ്റഡി അവസാനിച്ചതോടെ തങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടതായി ഹാദിയക്കും ഭര്‍ത്താവിനും തോന്നുന്നു. പഠനം തുടരാന്‍ ഹാദിയക്ക് ഒരവസരം ലഭിച്ചിരിക്കുന്നു. അച്ഛന്റെ കസ്റ്റഡിയില്‍നിന്നുള്ള മോചനം എന്ന തങ്ങളുടെ പ്രഥമവും പ്രധാനവുമായ നിയമപരമായ തന്ത്രം വിജയിച്ചു എന്നാണ് ദമ്പതികളുടെ താല്‍പ്പര്യത്തെ പ്രതിനിധാനംചെയ്യുന്ന അഭിഭാഷകര്‍ വിശദീകരിച്ചത്. ഭര്‍ത്താവ് ഉള്‍പ്പെടെ ഹാദിയക്ക് താല്‍പ്പര്യമുള്ളവരെ കാണുന്നതിന് കോടതി ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു. അത് താല്‍ക്കാലികാശ്വാസമാണ് അവര്‍ക്ക്.

കോടതിയില്‍നിന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന ഹാദിയയുടെ അപേക്ഷ കോടതി അംഗീകരിക്കാത്തത് തന്റെ വിജയമാണെന്ന് അവളുടെ അച്ഛന്‍ അവകാശപ്പെടുന്നു. അതിനുപകരം പഠനം തുടരുന്നതിനായി സേലത്തെ കോളേജ് ഹോസ്റ്റലിലേക്ക് പോകണമെന്നാണ് കോടതിയുടെ നിര്‍ദേശം. തീവ്രവാദിയെന്ന് താന്‍ വിശേഷിപ്പിക്കുന്ന ഭര്‍ത്താവിനൊപ്പം മകള്‍ പോകില്ലെന്ന് ഇതോടെ ഉറപ്പുലഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാദിക്കുന്നു. കേസില്‍ അടുത്തയാഴ്ചയാണ് വാദം കേള്‍ക്കുക. കോടതിയുടെ ഉത്തരവ് ഏതുവിധം നടപ്പാക്കപ്പെട്ടു എന്ന് അപ്പോള്‍ വ്യക്തമാകും.

മതപരമായ സ്വത്വങ്ങളുടെ ഇടുങ്ങിയ വ്യാഖ്യാനങ്ങളില്‍ അധിഷ്ഠിതമായ വിഭാഗീയ പ്രത്യയശാസ്ത്രങ്ങള്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ എത്ര ആഴത്തിലാണ് തുല്യപൌരന്മാര്‍ എന്ന നിലയ്ക്കുള്ള സ്വയംനിര്‍ണയത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ഇല്ലായ്മ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ കേസ്. സര്‍ക്കാര്‍മുതല്‍ കോടതികളില്‍വരെ യാഥാസ്ഥിതികവും പിന്തിരിപ്പനുമായ ചിന്തകളും വ്യവഹാരങ്ങളും എത്രമാത്രം ശക്തിപ്പെടുന്നു എന്ന് ഹാദിയ കേസില്‍ വെളിപ്പെടുന്നു.

ഭിന്നമതങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വ മതഭ്രാന്തന്മാര്‍ നടത്തുന്ന ലൌ ജിഹാദ് എന്ന പ്രയോഗത്തിന് ഉന്നത നീതിപീഠങ്ങളില്‍നിന്ന് അംഗീകാരവും ആദരവും ലഭിക്കുന്നു എന്നതാണ് ഏറ്റവും അസ്വസ്ഥജനകമായ കാര്യം. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പ്രഖ്യാപിത ചുമതലയുള്ള ഏജന്‍സിയാണ് എന്‍ഐഎ. ഇസ്‌ളാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഹിന്ദുസ്ത്രീകളെ പാട്ടിലാക്കി വിവാഹം ചെയ്യുകയും തുടര്‍ന്ന് അവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യാനായി മുസ്‌ളിം പുരുഷന്മാര്‍ നടത്തുന്നു എന്നു പറയപ്പെടുന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന സുപ്രീംകോടതിയുടെ ഉത്തരവോടെ എന്‍ഐഎയുടെ പ്രവര്‍ത്തനപരിധി വിപുലമാക്കപ്പെട്ടിരിക്കുകയാണ്. മുസ്‌ളിങ്ങളെ വിവാഹം ചെയ്യുന്ന ഹിന്ദുസ്ത്രീകള്‍ക്ക് സ്വന്തമായ ചിന്താശേഷിയില്ലെന്ന അനുമാനമാണ് ഇതിലടങ്ങിയിരിക്കുന്നത്. അവര്‍ ഇസ്‌ളാമിലേക്ക് മതംമാറുന്നുണ്ടെങ്കില്‍ അതുതന്നെ ഗൂഢാലോചനയ്ക്ക് വേണ്ട തെളിവുമായി.

ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ മെയ് മാസത്തിലെ പിന്തിരിപ്പന്‍ ഉത്തരവില്‍ ഈ അനുമാനം പ്രതിഫലിക്കുന്നുണ്ട്. ’24 വയസ്സുള്ള സ്ത്രീ ദുര്‍ബലയും എളുപ്പത്തില്‍ വഴിതെറ്റാവുന്നവളുമാണ്’ എന്നും ‘ഇന്ത്യന്‍ പാരമ്പര്യവിധിപ്രകാരം അവിവാഹിതയായ മകളുടെ സംരക്ഷണം അവളെ യഥാവിധി വിവാഹംചെയ്ത് അയക്കുംവരെ അവളുടെ മാതാപിതാക്കളിലാണ്’ എന്നുമൊക്കെയുള്ള കണ്ടെത്തലുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കോടതി നിരീക്ഷണങ്ങളില്‍ ചിലതുമാത്രം. സംരക്ഷിക്കുന്ന സ്ഥലത്ത് മാതാപിതാക്കളല്ലാതെ മറ്റാരും അവളെ കാണാന്‍ പാടില്ലെന്ന ഉത്തരവും അതുപോലെതന്നെ ഞെട്ടിക്കുന്നതാണ്.

മോശപ്പെട്ട കീഴ്വഴക്കം

സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു മുതിര്‍ന്ന സ്ത്രീയുടെ അവകാശം നമ്മുടെ രാജ്യത്തെ കോടതികള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീയുടെ സ്വയംനിര്‍ണയാവകാശവും തുല്യ പൌരത്വാവകാശങ്ങളും ഭരണഘടനാചട്ടങ്ങളില്‍നിന്നാണ് ഉയിര്‍ക്കൊള്ളുന്നത്. അല്ലാതെ മതപരമായ അധികാരങ്ങളില്‍നിന്നോ പാരമ്പര്യങ്ങളില്‍നിന്നോ അല്ല. കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി തള്ളിക്കളയേണ്ടതാണ്. നിയമപരമായ നടപടിക്രമങ്ങളില്‍ ഇത്തരമൊരു വിധി നമുക്ക് താങ്ങാനാകാത്തതാണ്.

ഒരാള്‍ക്ക് സ്വേച്ഛപ്രകാരം മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളും ഈ കേസിലൂടെ ചര്‍ച്ചയാകുന്നു. ഇസ്‌ളാമില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് താന്‍ മതംമാറിയതെന്ന് ഈ കേസില്‍ ഹാദിയ വ്യക്തമാക്കുന്നുണ്ട്. ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല. മാത്രവുമല്ല, കഴിഞ്ഞവര്‍ഷം വിവാഹത്തിനുമുമ്പുതന്നെ ഹാദിയ മതം മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ‘ലൌ ജിഹാദ്’ ഈ കേസില്‍ അപ്രസക്തമാണ്. മതംമാറാനുള്ള ഹാദിയയുടെ അവകാശത്തില്‍ കോടതിക്ക് ഇടപെടാനുമാകില്ല.

എന്‍ഐഎയോട് അന്വേഷണം തുടരണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ‘കേരള പൊലീസ് ഇതിനകം നടത്തിയ അന്വേഷണങ്ങളിലൊന്നും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആക്ട് 2008ന്റെ പരിധിയില്‍പ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു സംഭവവും കണ്ടെത്താനായിട്ടില്ല” എന്നാണ് കേരള സര്‍ക്കാര്‍ ഒക്ടോബറില്‍ നല്‍കിയ അനുബന്ധ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്‍ഐഎയോട് അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിക്കുമ്പോഴും പൊലീസ് അന്വേഷണം തുടരുന്നുണ്ടായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്‍ഐഎക്ക് കേസ് കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത് അങ്ങനെയാണ്. കേരള സര്‍ക്കാരിന്റെ വ്യക്തമായ ഈ നിലപാടിന്റെ വെളിച്ചത്തിലും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വിരുദ്ധമായ ഒരു നിലപാട് കൈക്കൊണ്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനാകില്ല. ഇത് നേരത്തെതന്നെ തിരുത്തേണ്ടതായിരുന്നു.

ഗോരക്ഷകരുടേതിന് സമാനമായ ആക്രമണം
കേരളത്തില്‍ ഇത്തരത്തിലുള്ള 89 ദമ്പതികളെ എന്‍ഐഎ തങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്തിരുന്നു. മിശ്ര മത വിവാഹങ്ങളെയും മിശ്ര സമുദായ വിവാഹങ്ങളെയും ഇന്ത്യയുടെ തുറന്നതും ഉല്‍പ്പതിഷ്ണുപരവുമായ സമീപനമായി പരിഗണിക്കുന്നതിനുപകരം അവയെ സംശയത്തിന്റെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്.

കുപ്രസിദ്ധരായ ഗോരക്ഷകരുടെ ആക്രമണത്തിനുസമാനമായി ഇന്ന് ഭിന്നമതക്കാരായ ദമ്പതികളും എളുപ്പം ആക്രമിക്കപ്പെടുന്ന അവസ്ഥ സംജാതമായി. ഹിന്ദുസ്ത്രീ മുസ്‌ളിം പുരുഷനെ വിവാഹം കഴിക്കുമ്പോള്‍മാത്രമല്ല ഇത് സംഭവിക്കുന്നത്. മതഭ്രാന്തന്മാര്‍ എല്ലാ വിഭാഗത്തിലുമുണ്ട്. മുസ്‌ളിംസ്ത്രീ ഹിന്ദുവിനെ വിവാഹം കഴിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള മുസ്‌ളിം മതമൌലികവാദ സംഘടനകള്‍ അവ തടയാനായി അക്രമത്തിന്റെ മാര്‍ഗം അവലംബിക്കാറുണ്ട്. മൌലികവാദ സംഘടനകളില്‍പ്പെട്ട ബദ്ധശത്രുക്കള്‍ അവര്‍ ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും അവര്‍ക്ക് പൊതുവായ ചില സവിശേഷതകളുണ്ട്. പാരമ്പര്യവും വര്‍ഗീയമായ വ്യാഖ്യാനങ്ങളും അലട്ടാതെതന്നെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് സുപ്രീംകോടതി സ്ത്രീകളുടെ അവകാശം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കുമെന്ന് നമുക്കാശിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News