കൊച്ചി: എറണാകുളത്ത് മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകയുമായ സുഹൃത്തിനും നേരെ പൊലീസിന്റെ സദാചാരഗുണ്ടായിസം.

നാരദയിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമ മോഹനും കോഴിക്കോട് വടകര സ്വദേശിനി ബര്‍സ എന്ന അമൃത ഉമേഷിനും നേരെയാണ് എറണാകുളം ജനമൈത്രി പൊലീസിന്റെ സദാചാര പൊലീസിംഗ്.

സംഭവം ഇങ്ങനെ: സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് രാവിലെ രണ്ടരമണിക്കുള്ള ട്രെയിനില്‍ വീട്ടിലേക്ക് പോകാന്‍ വേണ്ടി നടന്ന് പോകുകയായിരുന്ന അമൃതയെ പോലീസുകാര്‍ മാതൃഭൂമി ജംഗ്ഷന് സമീപം വച്ച് തടയുകയായിരുന്നു.

താന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുകയാണ് എന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ‘രാത്രി രണ്ട് മണിക്കാണോടി പുലായാടിച്ചി മോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?’ എന്ന് പൊലീസുകാര്‍ ചോദിക്കുകയായിരുന്നു. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പൊലീസ് മര്‍ദ്ദിച്ചത്.

മഫ്തി വേഷത്തില്‍ വന്ന പുരുഷ പൊലീസ് ബര്‍സയ്ക്കു നേരെ നേരെ ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. പിന്നീട്, അമൃതയുടെ വീട്ടുകാരെ രാത്രി തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചു വരുത്തിയാണ് രാവിലെ 11 മണിയോടെ വിട്ടയച്ചത്.

ട്രെയിന്‍ കയറാന്‍ വേണ്ടി പോവുകയായിരുന്ന ബര്‍സയെ തടഞ്ഞു നിര്‍ത്തി, പ്രതീഷിനെ ഫോണില്‍ വിളിച്ചു വരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട്, ബര്‍സയുടെ അടുത്തെത്തിയ പ്രതീഷിനെ അസഭ്യം വിളിച്ച പൊലീസിനോട് ഞങ്ങള്‍ കുറ്റവാളികളല്ല എന്നും ഇവിടെ പൗരന് ലഭിക്കുന്ന അവകാശങ്ങളുണ്ട് എന്ന് പറഞ്ഞങ്കിലും തങ്ങളെ പൗരാവകാശം പഠിപ്പിക്കാനോയോ എന്ന് ചോദിച്ച് പൊലീസ്‌റി തെറിവിളിക്കുകയായിരുന്നു.

ഇതിനിടയില്‍ ഫേസ്ബുക്ക് ലൈവിന് ശ്രമിച്ച പ്രതീഷിന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. കൈയില്‍ വിലങ്ങണിയിച്ചാണ് പ്രതീഷിനെ സ്റ്റേഷനില്‍ കൊണ്ടുപോയത്. മാധ്യമപ്രവര്‍ത്തകനാണെന്ന് ഇതിനിടയില്‍ പറയാന്‍ ശ്രമിച്ച പ്രതീഷിനെ മുഖത്തടിക്കുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തു.

‘നീ കൂടുതല്‍ ഞങ്ങളോട് കളിക്കണ്ട. വേണ്ടി വന്നാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയും’ എന്നാണ് പൊലീസുകാരനായ വിനോദ് ഭീഷണി മുഴക്കിയതെന്നും പ്രതീഷ് പറയുന്നു. തുടര്‍ന്ന് പ്രതീഷിനെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.

തന്റെ മുഖത്തും മുതുകത്തും പൊലീസ് പൊതിരെ തല്ലിയിട്ടുണ്ട്. അത് രേഖപ്പെടുത്തണമെന്ന് അവിടെ വച്ച് ഡോക്ടറോട് പ്രതീഷ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം അത് റെക്കോര്‍ഡ് ചെയ്തു. അപ്പോള്‍ പരിഹസിച്ച് ചിരിക്കുകയായിരുന്നു പൊലീസ്. വാഹനത്തില്‍ വെച്ച് പ്രതീഷിനെ മാവോയ്സ്റ്റ് ആയി ചിത്രീകരിക്കാനുള്ള ശ്രമവും പോലീസ് നടത്തി.

വിവസ്ത്രനാക്കിയാണ് പ്രതീഷിനെ പുലരും വരെ പൊലീസ് സ്റ്റേഷനിലിരുത്തിയത്. സെല്ലിനു നേരെ ഒരു സി.സി ടി.വി ക്യാമറ പൊലീസ് സ്റ്റേഷനില്‍ ഉണ്ട്. അതിന്റെ ഡിസ്‌പ്ലെ സ്റ്റേഷന് പുറത്തെ റിസപ്ഷനിലാണ് വെച്ചിരിക്കുന്നത്. വരുന്നവരും പോകുന്നവരും ഈ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് പോകുക. അത്രമാത്രം പരിഹാസവും പീഡനവുമാണ് പൊലീസില്‍ നിന്ന് നേരിട്ടത് എന്ന് പ്രതീഷ് പറഞ്ഞു.