ജിഡിപി; കേന്ദ്ര കണക്കില്‍ പൊരുത്തക്കേടുകള്‍

ദില്ലി: നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍ 6.3 ശതമാനം ജിഡിപി വളര്‍ച്ചയെന്ന കേന്ദ്ര സ്ഥിതിവിവരകാര്യാലയത്തിന്റെ കണക്കില്‍ പൊരുത്തക്കേടുകള്‍.

നിര്‍മാണരംഗത്ത് കൈവരിച്ച ഏഴ് ശതമാനം വളര്‍ച്ചയാണ് 6.3 ശതമാനം ജിഡിപി വളര്‍ച്ചയിലേക്ക് കണക്കുകളെ എത്തിക്കുന്നത്. കേന്ദ്ര സ്ഥിതിവിവരകാര്യാലയംതന്നെ തയ്യാറാക്കുന്ന വ്യവസായ ഉല്‍പ്പാദനസൂചിക (ഐഐപി) പ്രകാരം 2.2 ശതമാനം മാത്രമാണ് രണ്ടാംപാദമായ ജൂലൈ സെപ്തംബര്‍ കാലയളവിലെ നിര്‍മാണരംഗത്തെ വളര്‍ച്ച. രണ്ടു കണക്കുകളും സമാഹരിക്കുന്ന രീതി വ്യത്യസ്തമാണെങ്കിലും ഇത്ര വലിയ അന്തരം പൊരുത്തക്കേടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഉല്‍പ്പാദനത്തിലെ അളവിന്റെ സൂചികയാണ് ഐഐപി. ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ച ഉരുക്ക് എത്രയെന്ന് കണക്കാക്കി അതിനെ തൊട്ടുമുന്‍വര്‍ഷത്തെ ഉല്‍പ്പാദനവുമായി താരതമ്യപ്പെടുത്തിയാണ് ഐഐപി തയ്യാറാക്കുന്നത്.

ജിഡിപിയെയും ഐഐപിയെയും ആധാരമാക്കിയുള്ള നിര്‍മാണരംഗത്തെ വളര്‍ച്ചക്കണക്കില്‍ 2015-16ല്‍ എട്ട് ശതമാനംവരെ വ്യത്യാസം വന്നിരുന്നു. നടപ്പുവര്‍ഷം ആദ്യപാദത്തില്‍ ഈ വ്യത്യാസം 1.2 ശതമാനത്തിലേക്ക് താഴ്ന്നു. രണ്ടാംപാദത്തിലാകട്ടെ വ്യത്യാസം വീണ്ടും 4.8 ശതമാനത്തിലേക്ക് ഉയരുകയാണ്.

ഓഹരിവിപണിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വകാര്യ കോര്‍പറേറ്റ് കമ്പനികളുടെയും അല്ലാതെയുള്ള ചെറുകിട അസംഘടിത സ്ഥാപനങ്ങളുടെയും നിര്‍മാണമേഖലയിലെ ഉല്‍പ്പാദനവളര്‍ച്ചയാണ് ജിഎസ്ടിക്ക് ആധാരമാക്കുന്നത്.

ഇതില്‍ 70 ശതമാനം പങ്ക് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും 30 ശതമാനം ചെറുകിട അസംഘടിത സ്ഥാപനങ്ങള്‍ക്കുമാണ്. ഐഐപി സൂചികയെ ആധാരമാക്കിയാണ് ചെറുകിട അസംഘടിത സ്ഥാപനങ്ങളുടെ നിര്‍മാണമേഖലയിലെ വളര്‍ച്ച കണക്കാക്കുന്നത്.

രണ്ടാംപാദത്തില്‍ കോര്‍പറേറ്റുകളുടെ നിര്‍മാണവളര്‍ച്ച 11.4 ശതമാനമായാണ് കണക്കാക്കിയത്. പണപ്പെരുപ്പം തട്ടിക്കിഴിച്ച് 9.1 ശതമാനമെന്ന വളര്‍ച്ചയില്‍ സ്ഥിതിവിവരകാര്യാലയം എത്തി. ഇതോടൊപ്പം അസംഘടിത സ്ഥാപനങ്ങളുടെ ഐഐപി സൂചികാവളര്‍ച്ചയായ 2.2 ശതമാനം തട്ടിക്കിഴിച്ച് ആകെ നിര്‍മാണരംഗത്തെ വളര്‍ച്ച ഏഴ് ശതമാനമെന്ന് കണക്കാക്കി. ഈ വളര്‍ച്ച കയറ്റുമതിയിലെ 1.2 ശതമാനം വളര്‍ച്ചയോടും വ്യവസായങ്ങള്‍ക്കുള്ള ബാങ്ക് വായ്പയിലെ ഇടിവിനോടും യോജിച്ചുപോകുന്നതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here