ട്രാന്‍സ്ജന്‍ഡേഴ്‌സുകളോട് സമൂഹത്തിനുള്ള സമീപനത്തില്‍ മാറ്റമുണ്ടാകണം: ജസ്റ്റിസ് കെമാല്‍ പാഷ

പത്തനംതിട്ട: ഏറെ ചൂഷണത്തിന് വിധേയരാകുന്ന ട്രാന്‍സ് ജന്‍ഡേഴ്‌സുകളോടുള്ള സമൂഹത്തിന്റെ സമീപനത്തിന് കാലാനുസൃതമായ മാറ്റങ്ങളുണ്ടാകണമെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബി.കെമാല്‍ പാഷ പറഞ്ഞു.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നലിംഗക്കാരുടെ പുനരധിവാസത്തിന്റെ ഭാഗമായി കുടുംബശ്രീയുടെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നലിംഗക്കാരെ പൗരനാണ് എന്ന പരിഗണന നല്‍കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എവിടെയും സ്ത്രീ എന്നോ പുരുഷനെന്നോപൗരനെ വേര്‍തിരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭിന്നലിംഗക്കാരോടുള്ള വിവേചനം ഭരണ ഘടനാ വിരുദ്ധമാണ്. കുട്ടിക്കാലത്ത് തന്നെ ഭിന്നലിംഗക്കാരെ കണ്ടെത്തുകയും ഹോര്‍മോണ്‍ ചികിത്സയിലൂടെ 75 ശതമാനത്തിലധികം പേരെ സാധാരണ പൗരനാക്കി മാറ്റാന്‍ സാധിക്കും.

എന്നാല്‍ മാതാപിതാക്കളുടെ അജ്ഞതയാണ് ഇവരുടെ ചികിത്സക്ക് തടസം നില്‍ക്കുന്നത്. ഇത്തരക്കാര്‍ക്ക് ആദ്യം അംഗീകാരം നല്‍കേണ്ടത് വീട്ടില്‍ നിന്നുതന്നെയാണ്. ഇവരുടെ കണ്ണീരൊപ്പാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. തങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും സ്വതത്ത്രമായി സഞ്ചരിക്കുവാനും ജോലിയെടുക്കുവാനും ഏതൊരാളെപ്പോലെയും തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഓരോ ഭിന്നലിംഗക്കാരനും മനസ്സിലാക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തില്‍ അംഗികാരം ലഭിക്കാന്‍ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി സാധ്യമായതെല്ലാം െ ചയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ.ഇല്ലിക്കാടന്‍ അധ്യക്ഷത വഹിച്ചു. കലാസാഗര ട്രൂപ്പിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.സത്യന്‍ നിര്‍വഹിച്ചു.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.അബ്ദുള്‍ ജലീല്‍, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റ്റി.കെ.സതി, വൈസ് ചെയര്‍മാന്‍ സി.രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ.വി.പ്രഭ, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ സബീര്‍ ഹുസൈന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.പി.മുഹമ്മദ് മുസ്തഫ, സബ്ജഡ്ജ് ആര്‍.ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News